പ്രശസ്ത സിനിമാ നടനും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ എൻ എൽ ബാലകൃഷ്ണൻ ചികിൽസയിലാണ്. മലയാള സിനിമാപ്രവർത്തകരുടെ സഹായം കിട്ടുന്നില്ലേ എന്ന ചോദ്യവുമായി ചിലർ എഫ്ബി പോസ്റ്റിട്ടു.

ആഹാരത്തിന് പോലും വകയില്ലാതെ ബാലകൃഷ്ണൻ പാടുപെടുന്നുവെന്നായിരുന്നു തിരുവനന്തപുരത്തെ ഫോട്ടോഗ്രാഫറായ മഹാരാജാസ് രാജന്റെ പോസ്റ്റ്. കാശ് ഞാൻ നൽകാം ആരെങ്കിലും അതു വാങ്ങിക്കൊടുക്കാൻ മുന്നോട്ട് വരണമെന്നതായിരുന്നു രാജന്റെ പോസ്റ്റ്. ഇതോടെ ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചർച്ചകളുമായി. എന്നാൽ ആശങ്കയ്ക്ക് വകയുള്ള ഒന്നുമില്ലെന്നാണ് മക്കളും ഡോക്ടർമാരും നൽകുന്ന സൂചന.

ഡയബറ്റിക്ക് അസുഖമാണ് ബാലകൃഷ്ണനെ ഇപ്പോൾ പ്രധാനമായും അലട്ടുന്നത്. കാലിൽ മുറിവുണ്ടായപ്പോൾ ഡബറ്റിക്ക് ആയതിനാൽ പഴുത്തു. ഇതിന്റെ ചികിൽസയിലാണ് ഇപ്പോൾ. സാമ്പത്തികമായി പ്രശ്‌നമൊന്നുമില്ലെന്നും ബാലകൃഷ്ണന്റെ മകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തിരുവനന്തപുരത്തെ സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലാണ് ക്യാമറാമാനും നടനുമായ ബാലകൃഷ്ണൻ.

ആഹാരത്തിന് വകയില്ലാതെ ബാലകൃഷ്ണൻ കഷ്ടപ്പെടുന്നുവെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിനെ തുടർന്നാണ് മറുനാടൻ മലയാളി കാര്യങ്ങൾ തിരക്കിയത്. അദ്ദേഹത്തിന്റെ മൊബൈൽ നമ്പറിലേക്ക് വിളിച്ചപ്പോൾ മകനാണ് ഫോണെടുത്തത്. കാര്യമായ പ്രശ്‌നമില്ലെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ കാലിലെ മുറിവ് ഉണങ്ങി വീട്ടിലേക്ക് മടങ്ങുമെന്നും പറഞ്ഞു. സാമ്പത്തിക പ്രശ്‌നമൊന്നുമില്ലെന്നും വ്യക്തമാക്കി. മഹാരാജാസ് രാജന്റെ എഫ്ബി പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും വിശദീകരിച്ചു. 

ഓക്ടോബർ 27 വരെ ഫെയ്‌സ് ബുക്കിലും സജീവമായിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയ്ക്കിടെയാണ് കാലിന് വേദനയെത്തുന്നത്. ശരീരത്തിന്റെ ഭാരം കൊണ്ടാണിതെന്ന് ആദ്യം  കരുതി. എന്നാൽ പ്രമേഹവുമായി ബന്ധപ്പെട്ടതാണ് രോഗമെന്ന് പിന്നീട് മനസ്സിലായി. രണ്ട് കാലിനും വേദനയുണ്ട്. ശസ്ത്രക്രിയ നടത്തി.

129 കിലോയോളം ഭാരമുണ്ടായിരുന്നു. രോഗത്തെ തുടർന്ന് ഇത് 109 കിലോ വരെയായി കുറച്ചു. എല്ലാവർക്കുമുള്ളതുപോലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ ആഹാരമോ മരുന്നോ വാങ്ങാനാവാത്ത അത്ര കലശാലയ പ്രശ്‌നമൊന്നുമില്ലെന്നാണ് വിശദീകരണം.  കേരളത്തിലെ തന്നെ അറിയപ്പെടുന്ന കുടിയനായ ബാലകൃഷ്ണൻ രോഗത്തെ തുടർന്ന് മദ്യപാനമൊക്കെ ബാലകൃഷ്ണൻ നിർത്തിയിരുന്നു.

മോഹൻലാൽ അടക്കമുള്ളവരുമായി വ്യക്തിപരമായ ബന്ധം പുലർത്തിയ ബാലകൃഷ്ണൻ നിരവധി ചരിത്ര മുഹൂർത്തങ്ങളും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. അതിലുപരി സിനിമാഭിനയത്തിലൂടെയാണ് മലയാളിയുടെ പ്രിയങ്കരനായി താരം മാറിയത്. മോഹൻലാൽ അടക്കമുള്ളവർ വിദേശ യാത്രകഴിഞ്ഞെത്തുമ്പോൾ ബാലണ്ണന് വിദേശത്തെ മുന്തിയ ഇനം ബ്രാൻഡുകളുടെ മദ്യം സമ്മാനമായി നൽകുക പതിവായിരുന്നു. എന്നാൽ അർബുദമെത്തിയതോടെ ഈ പതിവുകൾ നിർത്തി.

കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അടുത്ത സുഹൃത്തുക്കളിൽ നിന്ന് ചില സഹായങ്ങൾ ലഭിച്ചതായി എൻ എൽ ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പ്രതിമാസം 5000 രൂപയാണ് അമ്മയിൽ നിന്ന് അദ്ദേഹത്തിന് ലഭിക്കുന്നത്രെ. ഫേസ്‌ബുക്കിലൂടെ ബാലകൃഷ്ണനെ സഹായിക്കാൻ ചിലർ മുന്നോട്ട് വന്നിട്ടുണ്ട്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, പട്ടണ പ്രവേശം, ഡോക്ടർ പശുപതി, ഓർക്കാപ്പുറത്ത്, സ്പടികം, ജോക്കർ, പകൽ നക്ഷത്രങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൊക്കെ എൻ എൽ ബാലകൃഷ്ണന്റെ അഭിനയം ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലാണ് ഒടുവിൽ അഭിനയിച്ചത്.

കൊച്ചിൻ ഹനീഫയുടേയും ഒടുവിൽ ഉണ്ണികൃഷ്ണന്റേയും കുടുംബത്തെ സിനിമാ ലോകം തിരിഞ്ഞു നോക്കുന്നില്ലെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. ഇതിൽ സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ലെന്ന് ഒടുവിലിന്റെ ഭാര്യ വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് എൻഎൽ ബാലകൃഷ്ണനെന്ന സിനിമാക്കാരുടെ ബാലേട്ടന്റെ ജീവിത ദുരിതം ഉയർത്തിക്കാട്ടിയ എഫ്ബി പോസ്റ്റ് വൈറലായത്.