റാഞ്ചി: ആധാറുമായി ലിങ്ക് ചെയ്ത റേഷൻകാർഡില്ലെന്ന കാരണത്താൽ റേഷൻ അരി നിഷേധിച്ചതിനെ തുടർന്ന് ഝാർഖണ്ഡിൽ പട്ടിണി കിടന്ന് ബാലിക മരിച്ചു. 11 വയസുകാരിയായ പെൺകുട്ടിയുടെ മരണത്തിലാണ് ബന്ധുക്കൾ ഈ ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയത്. എട്ടു ദിവസമായി കഴിക്കാൻ ഒന്നുമില്ലാതെ സന്തോഷി കുമാരി മരിക്കുകയായിരുന്നു എന്നു റൈറ്റ് ടു ഫുഡ് കാമ്പെയിൻ പ്രവർത്തകർ വ്യകതമാക്കി. ഇത് സംബന്ധിച്ച വാർത്തകളും ദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തു.

ദുർഗ്ഗാപൂജയോട് അനുബന്ധിച്ച് സ്‌കൾ അവധിയായതിനാൽ കുട്ടിക്ക് സ്‌കൂളിൽ നിന്നും ഉച്ചക്കഞ്ഞിലും ലഭിച്ചിരുന്നില്ല. ഇതേടെ ഇവർ മരണപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സിംദേക കരിമാട്ടി ഗ്രാമത്തിലെ ദരിദ്ര കുടംമ്പാംഗമായ സന്തോഷി സെപ്റ്റംമ്പർ 28-നാണ് മരിച്ചത്. ഇത് സംബന്ധിച്ച വാർത്ത ഇപ്പോഴാണ് പുറത്തുവരുന്നത്.

സ്വന്തമായി ഭൂമിയോ വരുമാനമുള്ള ജോലിയോ ഇല്ലാത്ത സന്തോഷിയുടെ കുടംബത്തിന് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് സബ്സിഡി നിരക്കിൽ ഭക്ഷ്യവസ്തുക്കൾ ലാഭിക്കാനുള്ള റേഷൻ കാർഡിന് അർഹതയുണ്ട്. എന്നാൽ ആധാർ കാർഡുമായി റേഷൻ കാർഡ് ബന്ധിപ്പിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ആറു മാസമായി സന്തോഷിയുടെ കുടുംബത്തിന് റേഷൻ നിഷേധിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സബ്സിഡി നിരക്കിൽ റേഷൻ നൽകണമെങ്കിൽ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഫെബ്രുവരിയിൽ കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റേഷൻ കടയുടമ റേഷൻ നിഷേധിച്ചത്. രാജസ്ഥാനിലും ഝാർഖണ്ഡിലും ആധാർ ലിങ്ക് ചെയ്യാത്തതു കാരണം നേരത്തെ റേഷന് നിഷേധിച്ച സംഭവം നേരത്തെ ദി സ്‌ക്രോൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആധാർ ഇല്ലാത്തത് സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങളെ ബാധിക്കരുതെന്ന് 2013 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ നിഷേധമാണ് ആധാർ ഇല്ലാത്തത് കാരണം റേഷൻ നൽകാതിരിക്കുന്നതെന്ന് പൊതുപ്രവർത്തകർ പറയുന്നു.

സന്തോഷിയുടെ കുടുംബത്തിന്റെത് ഉൾപ്പെടെ 10 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ റേഷൻ കടയുടമ ആധാറുമായി ബന്ധിപ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ക്യാൻസൽ ചെയ്തിരുന്നു. ഇതിനെ തുടർന്ന് റൈറ്റ് ടു ഫുട് ക്യാമ്പയിൻ പ്രവർത്തകർ ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും ഇവർക്ക് പുതിയ റേഷൻ കാർഡ് അനുവദിക്കാൻ ഉത്തരവുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും പുതിയ റേഷൻ കാർഡ് ലഭിച്ചില്ല. സന്തോഷിയുടെ മരണശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ റേഷൻ കാർഡ് ലഭിക്കുകയും ചെയ്തു.

ഇന്റർനെറ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയാണ് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ തടസമായതെന്നും അതിനാലാണ് റേഷൻ കാർഡ് നൽകുന്നത് വൈകിയതെന്നുമാണ് അധികൃതർ പറയുന്നതെന്ന് സ്‌ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. ഝാർഖണ്ഡിൽ പലയിടങ്ങളിലെയും അവസ്ഥ ഇതാണെന്നും കുറഞ്ഞ സ്പീഡ് ഉള്ള ഇന്റർനെറ്റോ പലപ്പോഴും ഇത് ഇല്ലാതിരിക്കുന്നതോ ആണ് അവസ്ഥയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.