- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ: ഗൂഢാലോചനാ കേസിൽ ഷാജ് കിരൺ പ്രതിയല്ലെന്ന് പൊലീസ്; ഷാജ് കിരണിനും ഇബ്രാഹിമിനും മുൻകൂർ ജാമ്യമില്ല; മുൻകൂർ നോട്ടിസ് നൽകി ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി; കേസിൽ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരൺ പ്രതിയല്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ. അതേ സമയം കേസിൽ സരിത എസ്.നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
ഷാജ് കിരണിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹോക്കോടതി തീർപ്പാക്കി. മുൻകൂർ നോട്ടിസ് നൽകി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇരുവരെയും പൊലീസിന് നോട്ടീസ് നൽകി വിളിപ്പിക്കാമെന്ന് കോടതി അറിയിച്ചു.
കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും സ്വപ്ന സുരേഷ് ഓഡിയോ ക്ലിപ്പിൽ കൃത്രിമം കാണിച്ചെന്നും ചൂണ്ടികാട്ടിയാണ് ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. അതേസമയം ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ബുധനാഴ്‌ച്ച കൊച്ചിയിൽ ചോദ്യം ചെയ്യാൻ ആണ് അന്വേഷണം സംഘം ആലോചിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലാകും ചോദ്യം ചെയ്യൽ.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി.ജലീലാണ് പരാതി നൽകിയിരുന്നു. കേസിൽ സരിത എസ്.നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. ക്രൈംബ്രാഞ്ച് എസ്‌പി മധുസൂദനനാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ സ്വീകരിച്ച കോടതി, ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അനീസയ്ക്ക് കേസ് കൈമാറി.
ഈ മാസം 23ന് സരിതയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. കോടതി നിശ്ചയിച്ച തീയതി മാറ്റി വേഗത്തിൽ രഹസ്യമൊഴി രേഖപ്പെടുത്തുവാൻ അന്വേഷണ ഉദ്യോഗസ്ഥൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം നിരസിച്ചു.
കെ.ടി.ജലീൽ നൽകിയ പരാതിയിൽ സോളർ കേസ് പ്രതി സ്വപ്നയെയും പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനെയും പ്രതിയാക്കിയാണ് കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇരുവരുടെയും ഫോൺ സംഭാഷണങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
സ്വപ്ന പറഞ്ഞ പല കാര്യങ്ങളും തന്റെ കൈവശം അവർതന്നെ എഴുതിത്ത്തന്നത് ഉണ്ടെന്ന് ജോർജ് വ്യക്തമാക്കിയിരുന്നു. അതിന് തെളിവായി, അവർ കൂടിക്കാഴ്ചയിൽ എഴുതിനൽകിയ കത്തും പുറത്തുവിട്ടിരുന്നു. പുറത്തുവന്ന സരിത-ജോർജ് സംഭാഷണത്തിലും സ്വർണക്കേസ് പരാമർശിക്കുന്നുണ്ട്. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ ജോർജ് സരിതയോട് പറയുന്നതാണ് ശബ്ദരേഖ.
താൻ എല്ലാവരുമായും കാണാറും സംസാരിക്കാറുമുണ്ടെന്ന് ജോർജ് പറയുന്നു. ക്രൈം നന്ദകുമാറും താനും സ്വപ്നയും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഗൂഢമായല്ല ഇതൊന്നും. ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന നിലപാടിലാണ് ജോർജ്്.
യു.ഡി.എഫ്.സർക്കാരിന്റെ കാലത്തുണ്ടായ സോളാർ കേസിലും തനിക്ക് പലകാര്യങ്ങളും അറിയാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇരകൾ തന്നെ തേടിവരികയാണ്. അവരോട് കാണിക്കുന്ന വിശ്വസ്തതമൂലമാണ് തനിക്ക് വിവരങ്ങൾ കിട്ടുന്നത്. സരിത നൽകിയ പരാതിയിൽ താൻ സിബിഐ.ക്ക് മൊഴിനൽകാൻ ചെല്ലാത്തതാണ് അവരുടെ പരിഭവത്തിന് കാരണം. സരിതയും സർക്കാരുമായാണ് ഗൂഢാലോചന. തനിക്ക് അവരോട് ദേഷ്യമില്ലെന്നും ജോർജ് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ