തിരുവനന്തപുരം: പികെ ശശിക്കെതിരായ പീഡന പരാതികളിൽ കേസെടുക്കാനാകില്ലെന്ന് റിപ്പോർട്ട്. തൃശൂർ റെയ്ഞ്ച് ഐജിയാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. പെൺകുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നൽകിയിട്ടില്ല. പെൺകുട്ടിയെ നേരിൽ കണ്ടു ചോദിച്ചിട്ടും പരാതി ഉന്നയിച്ചില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതികൾ. പെൺകുട്ടിക്ക് പരാതിയില്ലെങ്കിൽ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഡിജിപിക്ക് ലഭിച്ച ഒരു കൂട്ടം പരാതികളാണ് പ്രാഥമിക അന്വേഷണത്തിനായി തൃശൂർ റേഞ്ച് ഐജിക്ക് നൽകിയത്. പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം നടന്നത്. തുടർന്നാണ് ഐജി റിപ്പോർട്ട് സമർപ്പിച്ചത്.

ബാധിക്കപ്പെട്ടയാളോ ബന്ധുക്കളോ പറയാതെ മൂന്നാമതൊരാൾ പരാതി ഉന്നയിച്ചാൽ ഇത്തരം കേസുകളിൽ പരാതി സ്വീകരിക്കാനാകില്ല. ആരോപണമുന്നയിക്കുന്ന ആളോ ബന്ധുക്കളോ പരാതി നൽകാതെ കേസ് നിലനിൽക്കില്ലെന്നാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം. പൊലീസ് മൊഴിയെടുക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി സംസാരിക്കാൻ പോലും തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്ന് തന്നെയാണ് പൊലീസ് വ്യക്തമാക്കുന്നത്.

പാർട്ടിതല അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ടെന്ന നിലപാടിലാണ് പെൺകുട്ടി. മന്ത്രി എകെ ബാലനും പികെ ശ്രീമതിയും അടങ്ങുന്ന കമ്മീഷൻ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായും നടപടിക്ക് ശുപാർശയുള്ളതുമായാണ് വിവരം. ഈ ഘട്ടത്തിലാണ് നിയമപരമായി മുന്നോട്ട് പോകാൻ യുവതി തയ്യാറാകാത്തത്. എന്നാൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ എംഎൽഎയുടെ നടപടി പാർട്ടി സസ്‌പെൻഷനിൽ ഒതുക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ എംഎൽഎയ്ക്ക് പൊലീസ് അന്വേഷണത്തെ കൃത്യമായി അതിജീവിക്കാം. വിഷയത്തിൽ 15 ദിവസത്തിനകം നടപടിയെടുത്ത് വിവരങ്ങൾ അറിയിക്കണമെന്ന് കേരള ഡി.ജി.പി ലോകനാഥ് ബെഹ്റയ്ക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും നിലവിൽ പരാതി ലഭിക്കാത്ത സാഹചര്യത്തിൽ ഇതേ റിപ്പോർട്ടായിരിക്കും കമ്മീഷന് നൽകുകയെന്നാണ് വിവരം.

ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവാണ് ലൈംഗിക പീഡന പരാതി നൽകിയത്. മണ്ണാർക്കാട് പാർട്ടി ഓഫിസിൽ വച്ച് എംഎ‍ൽഎ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നൽകിയത്. പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അവർ പി.ബി അംഗം ബൃന്ദ കാരാട്ടിന് പരാതി നൽകിയത്. ഇത് അവൈലബിൾ പി.ബി അറിയിക്കുകയും തുടർന്ന് പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. എന്നാൽ പരാതിയെ കുറിച്ച് അറിയില്ലെന്നാണ് പാലക്കാട് ജില്ല സെക്രട്ടറി സി.കെ രാജേന്ദ്രെന്റ പ്രതികരണം.

പി.കെ. ശശി എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ നേതാവായ യുവതി നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചവർക്കെതിരെയും പാർട്ടി നടപടി ഉണ്ടായേക്കും. യുവതിയുടെ പരാതി ഗൗരവമുള്ളതാണെന്നതിനാൽ പരാതി ഒതുക്കാൻ ശ്രമിച്ചവരും ചെയ്തതു ഗുരുതര തെറ്റാണെന്നാണു പാർട്ടിക്കുള്ളിലെ പൊതുവികാരം.ജില്ലയിലെ ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ നേതാക്കളിൽ ചിലരും മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും പരാതി നൽകുന്നതിൽ നിന്നു യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച വിവരം പുറത്തുവന്നിരുന്നു. പരാതി പിൻവലിക്കുന്നതിനു ചില ഡിവൈഎഫ്ഐ ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ഒന്നിലേറെത്തവണ സമ്മർദം ചെലുത്തിയെന്നാണു സൂചന. ഇവരിൽ പലരും പി.കെ.ശശിയുടെ സഹായത്താൽ സംഘടനകളുടെ തലപ്പത്ത് എത്തിയവരാണ്.

ശശി ശല്യം ചെയ്യുന്നതിനെക്കുറിച്ചു യുവജനസംഘടനയിലെ പ്രധാന നേതാവിനോടു മുൻപു നേരിട്ടു പറഞ്ഞപ്പോൾ 'നിനക്ക് ഒഴിഞ്ഞുമാറി നടന്നുകൂടേ' എന്നായിരുന്നു പ്രതികരണം. ഇയാൾ തന്നെയാണു പരാതി ഒതുക്കുന്നതിനു മുന്നിൽ നിന്നതും. പരാതി ലഭിച്ചെന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സ്ഥിരീകരിച്ചതിനുശേഷവും തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടിലായിരുന്നു ഒത്തുതീർപ്പാക്കാൻ ശ്രമിച്ചവർ.എന്നാൽ, ഡിവൈഎഫ്ഐയിൽ തന്നെ യുവതിയെ അനുകൂലിക്കുന്ന ഒരു വിഭാഗം ഒത്തുതീർപ്പുശ്രമങ്ങൾ പൊളിച്ചതോടെയാണു പരാതി കേന്ദ്രനേതൃത്വത്തിനു മുന്നിൽ എത്തിയത്. ശശിക്കെതിരെ നടപടി ഉണ്ടാകുമെന്നു സൂചന ലഭിച്ചതോടെ യുവതിയെ അനുകൂലിച്ചു കൂടുതൽ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ശശിക്കെതിരെ നടപടിയുണ്ടാകുമെന്നും പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കാതിരിക്കാൻ പരാതിയിലെ വിശദാംശങ്ങൾ ഇനിയും പുറത്താക്കരുതെന്നും യുവതിയോടും അനുകൂലിക്കുന്നവരോടും സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചതായും സൂചനയുണ്ട്.പീഡന ആരോപണ വിധേയനായ പി.കെ. ശശി എംഎ‍ൽഎ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ. ആരോപണ വിധേയനായിരിക്കെ എംഎ‍ൽഎ സ്ഥാനത്ത് തുടർന്നാൽ അത് കേരളാ പൊലീസിന് സമ്മർദ്ദമുണ്ടാക്കും. അതിനാൽ എംഎ‍ൽഎ സ്ഥാനം രാജിവെച്ച് പി.കെ. ശശി അന്വേഷണം നേരിടണമെന്നാണ് തന്റെ നിലപാടെന്ന് രേഖാ ശർമ പറഞ്ഞു.

പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ 15 ദിവസത്തിനകം നടപടിയെടുത്ത് വിവരങ്ങൾ അറിയിക്കണമെന്ന് കേരള ഡി.ജി.പി ലോകനാഥ് ബെഹ്റയ്ക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് നടപടി വൈകുന്നത് ദൗർഭാഗ്യകരമാണ്. സംസ്ഥാന വനിതാകമ്മീഷൻ അധ്യക്ഷ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ രാഷ്ട്രീയ പ്രവർത്തകയെപ്പോലെ പ്രസ്താവനകളുമായി രംഗത്ത് വരുന്നത് ദൗർഭാഗ്യകരമാണെന്നും രേഖാ ശർമ പറഞ്ഞു.