തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും സുരക്ഷയുള്ളത് ഗവർണ്ണർക്കും മുഖ്യമന്ത്രിക്കുമാണെന്നാണ് വയ്‌പ്പ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസും വീടുമെല്ലാം കർശന സുരക്ഷാ നിരീക്ഷണത്തിലാണെന്നാണ് ഏവരുടേയും മനസ്സിൽ. എന്നാൽ അത് തെറ്റാണ്. കുറച്ച് പൊലീസുകാർക്ക് അപ്പുറമൊന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇല്ല. സുതാര്യ കേരളത്തിനായി വാദിക്കുന്ന മുഖ്യമന്ത്രിയുടെ വീട്ടിൽ ക്ലോസ്ഡ് സർക്ക്യൂട്ട് ടിവിയുടെ നിരീക്ഷണം പോലുമില്ല. അവിടെ ആർക്കും എപ്പോഴും വന്ന് എന്തും ചെയ്ത് പോകാം. ഭാവിയിൽ എന്ത് പ്രശ്‌നമുണ്ടായാലും ഒരു കുഴപ്പവും ഉണ്ടാകില്ല. ഏതായാലും മുഖ്യമന്ത്രിയുടെ വീട്ടിലെ വലിയ സുരക്ഷാ വീഴ്ചയാണ് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലൂടെ വ്യക്തമാകൂന്നത്.

അതിവേഗം ബഹുദൂരമാണ് യാത്ര. ഇത് സുഗമമാകണമെങ്കിൽ സുതാര്യത വേണമെന്ന കണിശക്കാരനാണ് ഉമ്മൻ ചാണ്ടി. അതുകൊണ്ട് തന്നെ ഭരണത്തിലെത്തിയ ഉടൻ സുതാര്യ കേരളം പ്രഖ്യാപിച്ചു. എല്ലാവർക്കും മാതൃകയായി സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസ് മുറി 24 മണിക്കൂറും തൽസമയം ജനങ്ങളിലെത്തിച്ചു. ഓഫീസിൽ ആരാണ് എത്തുന്നത് എന്ന് പുറം ലോകത്തെ അറിയിക്കാനായിരുന്നു അത്. ഒടുവിൽ ഭാന്തൻ കയറി ആ കസേരയിൽ ഇരിക്കുന്നതും ജനം കണ്ടു. അങ്ങനെ കണ്ടൊരാൾ വിളിച്ചു പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പോലും ആ വിരുതൻ കസേരയിൽ എത്തിയത് അറിഞ്ഞത്. പിന്നീട് സോളാർ വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിലെ സിസിടിവി ക്യാമറ പെട്ടത്.

ക്വാറി മുതലാളി ശ്രീധരൻ നായരും സരിതാ എസ് നായരും മുഖ്യമന്ത്രിയെ ഓഫീസിൽ വന്ന് കണ്ടത് വിവാദമായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി പരിശോധിച്ചാൽ സത്യം പുറത്തുവരുമെന്ന വാദമെത്തി. ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ സുക്ഷിച്ചിട്ടില്ലെന്ന ന്യായവുമായി തടി തപ്പി. ഇതിനിടെയാണ് ആർ ബാലകൃഷ്ണ പിള്ളയുടെ ക്ലിഫ് സന്ദർശനമെത്തിയത്. തീയതി നിരത്തി മുഖ്യമന്ത്രിയെ ചെന്ന് കണ്ട് ധനമന്ത്രിക്ക് എതിരെ ബാർ കോഴയിൽ പരാതി പറഞ്ഞെന്ന് പിള്ള പറഞ്ഞു. 2014 സെപ്റ്റംബർ 28ന് മുഖ്യമന്ത്രിയെ ചെന്നു കണ്ടുവെന്ന് പിള്ള പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലെ വിശദീകരണം എന്തെന്നറിയാൻ രാഷ്ട്രീയ കേരളം കാത്തിരുന്നു. പിള്ളയെ കണ്ടെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അത് രേഖാമൂലം നിയമസഭയേയും അറിയിച്ചു.

മന്ത്രിമാർക്കെതിരെ പരാതി പറഞ്ഞുവെന്ന പിള്ളയുടെ വാദം തള്ളിക്കളയുന്നു. രാഷ്ട്രീയമാണ് സംസാരിച്ചതെന്നും വ്യക്തമാക്കുന്നു. ഇതെല്ലാം നേരത്തേയും പറഞ്ഞതാണ്. പക്ഷേ അതിൽ മുഖ്യമന്ത്രിയുടെ വീട്ടിൽ സിസിടിവി ഇല്ലെന്ന വെളിപ്പെടുത്തലാണ് ഈ നിയമസഭാ മറുപടിയെ ശ്രദ്ധേയമാക്കുന്നത്. സുതാര്യതയ്ക്ക് വേണ്ടി എല്ലാം പരസ്യമാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. ഓഫീസിൽ സിസിടിവിയുണ്ട്. എല്ലാം എല്ലാവർക്കും കാണാം. ഔദ്യോഗിക വസതി സ്വകാര്യത നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇവിടെ ആരു വരുന്നുവെന്ന് പുറം ലോകം അറിയേണ്ടതില്ല. പക്ഷേ ഒരു മുഖ്യമന്ത്രിയുടെ വീട്ടിന് വേണ്ട സാധാരണ സുരക്ഷാ ക്രമീകരണമാണ് ക്യാമറാ നിരീക്ഷണം.

പല തരത്തിലുള്ളവർ എന്നും എത്തുന്ന സ്ഥലമാണ് ക്ലിഫ് ഹൗസ്. ആരേയും സ്വീകരിക്കുന്ന സ്വഭാവക്കാരനായിതിനാൽ മുഖ്യമന്ത്രിയോടേ നേരിട്ട് പരാതി പറയാൻ പോലും നൂറുകണക്കിന് ആളുകൾ ക്ലിഫ് ഹൗസിലെത്തു. ഇതോടൊപ്പം പ്രധാനപ്പെട്ട മന്ത്രിമാരുടെ വാസവും ക്ലിഫ് ഹൗസിനോട് ചേർന്ന സ്ഥലത്താണ്. ഈ മേഖലയിലാണ് സുരക്ഷാ ആവശ്യത്തിനായുള്ള ക്യാമറാ സംവിധാന പോലുമില്ലാത്തത്. ഇത് വലിയ സുരക്ഷാ വീഴ്ചയായാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

പല രാഷ്ട്രീയ സമരങ്ങൾ മുഖ്യമന്ത്രിക്ക് എതിരെ നടക്കുന്നുണ്ട്. പലതും പലപ്പോഴും അക്രമത്തിലെത്തി. മാവോയിസ്റ്റ് ഭീഷണി പോലുമുള്ള സംസ്ഥാനമാണ് കേരളമിന്ന്. എന്നിട്ടും മുഖ്യമന്ത്രിയുടെ വീടിന് പ്രാഥമിക സുരക്ഷ പോലുമില്ല. ആർക്കും എപ്പോഴും വന്ന് എന്തും ചെയ്യാമെന്ന അവസ്ഥ. മുഖ്യമന്ത്രി ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. മാറി മാറി വരുന്ന മുഖ്യമന്ത്രിമാരുടെ താമസസ്ഥലം. അതുകൊണ്ട് തന്നെ ക്ലോസ് സര്ഡക്യൂട്ട് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥിരമായി തന്നെ ക്ലിഫ് ഹൗസിൽ ഒരുക്കാം. അത് ഒരുക്കേണ്ടതുമാണ്. അതൊന്നും ക്ലിഫ് ഹൗസിൽ കേരളാ പൊലീസ് ചെയ്തിട്ടില്ലെന്ന് കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.