ചെന്നൈ: തമിഴ്‌നാട്ടിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി. 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു.വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത മാസം നാലിനുണ്ടാകും.കോടതി തീരുമാനം ഇരുപക്ഷത്തിനും തിരിച്ചടിയായി.

എടപ്പാടി പളനിസാമി സർക്കാരിന് താൽക്കാലിക ആശ്വാസമുണ്ടെങ്കിലും, ഉപതെരഞ്ഞെടുപ്പിനുള്ള നീക്കം തടഞ്ഞത് തിരിച്ചടിയായി.അയോഗ്യരാക്കിയ 18 എംഎൽഎമാരുടെ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എം.ദുരൈസ്വാമിയുടേതാണ് ഉത്തരവ്. സ്പീക്കർ എം.ധനപാലിനുവേണ്ടി അരിയാമ സുന്ദരം, അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്കായി ധുഷ്യന്ത് ദവെ, എം.കെ.സ്റ്റാലിനുവേണ്ടി കപിൽ സിബൽ എന്നിവർ ഹാജരായി.

മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് എടപ്പാടി പളനിസാമിയെ മാറ്റണമെന്നാവശ്യപ്പെട്ടു ഗവർണർക്കു കത്തുനൽകിയ അണ്ണാ ഡിഎംകെയിലെ 18 ദിനകരപക്ഷ എംഎൽഎമാരെയാണ് സ്പീക്കർ പി.ധനപാൽ അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരമാണു നടപടി. 18 നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവുണ്ടെന്നറിയിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു കത്തും നൽകിയിരുന്നു.

വിപ് ലംഘിക്കുകയോ പുതിയ പാർട്ടി രൂപീകരിക്കുകയോ ചെയ്യാത്ത 18 എംഎൽഎമാർക്കെതിരെ സ്പീക്കർ നടപടി എടുത്തത് ഹൈക്കോടതി റദ്ദാക്കുമെന്ന ദിനകരപക്ഷത്തിന്റെ പ്രതീക്ഷ ഇല്ലാതായി. 18 എംഎൽഎമാർ അയോഗ്യരാക്കപ്പെട്ട പശ്ചാത്തലത്തിൽ എളുപ്പത്തിൽ വിശ്വാസവോട്ട് നേടാമെന്നാണ് എടപ്പാടി പക്ഷം കരുതിയത്. എന്നാൽ അതിനുള്ള നീക്കവും ഹൈക്കോടതി തടഞ്ഞു. വിശ്വാസ വോട്ടെടുപ്പിനുള്ള സ്റ്റേ ഒക്ടോബർ നാലു വരേയ്ക്കു നീട്ടി. ഡിഎംകെയുടെ കണക്കുകൂട്ടലുകളും തെറ്റിപ്പോയി. സ്റ്റേ കാലയളവിൽ ദിനകരപക്ഷ എംഎൽഎമാരെ മറുകണ്ടം ചാടിക്കാമെന്ന ഇപിഎസ്-ഒപിഎസ് ക്യാംപിന്റെ പദ്ധതിയും ഇതോടെ നീണ്ടുപോകും.

സ്പീക്കർ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 18 ദിനകരപക്ഷ എംഎൽഎമാർ സമർപ്പിച്ച ഹർജിയും തമിഴ്‌നാട് നിയമസഭയിൽ എടപ്പാടി സർക്കാർ വിശ്വസവോട്ടെടുപ്പു തേടണമെന്ന് ആവശ്യപ്പെടുന്ന ഡിഎംകെയുടെ ഹർജിയുമാണ് മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്. അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഡിഎംകെയുടെ ഹർജിയിൽ കക്ഷി ചേർന്നിരുന്നു.