തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു നടന്ന എസ്എസ്എൽസി സോഷ്യൽ സ്റ്റഡീസ് പരീക്ഷ സ്‌കൂളുകളെ പ്രതിസന്ധിയിലാഴ്‌ത്തി. ക്രിസ്മസ് പരീക്ഷയിൽ വിതരണം ചെയ്ത സോഷ്യൽ സ്റ്റഡീസ് ചോദ്യപേപ്പറിൽ ഒരു പേജ് പ്രിന്റ് ചെയ്യാൻ വിട്ടുപോയി. ഇന്ത്യയുടെ ഭൂപടമാണ് അച്ചടിക്കാൻ വിട്ടുപോയത്. ഇതു മനസിലാക്കാതെയാണ് ചോദ്യ പേപ്പർ വിതരണം ചെയ്തത്. മൂന്നു പേജുള്ള ചോദ്യ കടലാസിൽ മധ്യഭാഗത്തെ പേജ് ഇല്ലായിരുന്നു. ഇന്നലെ സ്‌കൂളുകളിൽ പരീക്ഷ പേപ്പർ എത്തിയപ്പോൾ അതിൽ ഒരു പേജ് ഇല്ലാതെയാണ് എത്തിയത്.

പ്രശ്നം കൈവിട്ടു പോയെന്ന മനസിലാക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാനം മുഴുവൻ അടിയന്തിര നിർദ്ദേശം അയച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്കും എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കുമാണ് അടിയന്തിര നിർദ്ദേശം നൽകിയത്. സർക്കുലറിൽ പറയുന്നത് ഇപ്രകാരമാണ്: സോഷ്യൽ സയൻസ് പരീക്ഷയോടൊപ്പം ചേർക്കേണ്ട ഇന്ത്യയുടെ രൂപരേഖ ഈ ലെറ്ററിനൊപ്പം അയക്കുകയാണ്. ഈ രൂപരേഖ കൂടി സ്‌കൂൾ തലത്തിൽ പ്രിന്റ് എടുത്ത് കുട്ടികൾക്ക് നല്കണം. അവർക്ക് കിട്ടിയ സന്ദേശം സ്‌കൂളുകൾക്ക് എത്തിക്കുമ്പോഴേക്കും സ്‌കൂൾ സമയം കഴിഞ്ഞു അദ്ധ്യാപകർ സ്ഥലം വിട്ടിരുന്നു.

ഇന്നു രാവിലെ പത്ത് മണിക്ക് പരീക്ഷയും. പ്രതിസന്ധിക്ക് വേറെ കാരണം ആവശ്യവുമില്ല. നിരവധി ബാച്ചുകളിലായി എണ്ണമറ്റ കുട്ടികൾ ആണ് പരീക്ഷ എഴുതുന്നത്. 2000 വും 3000 വും കുട്ടികൾ പരീക്ഷ എഴുതുന്ന സ്‌കൂളുകൾ വരെയുണ്ട് എന്നതും ഓർക്കേണ്ടതുണ്ട്. ഓരോ കുട്ടിക്കും ഫോട്ടോ കോപ്പി എടുത്ത് നല്കണം. പരീക്ഷയ്ക്ക് മുൻപ് എങ്ങിനെയാണ് ഇത്രയും കുട്ടികൾക്ക് ഫോട്ടോ കോപ്പി എടുത്തു നൽകുന്നത്. പരീക്ഷ അനിശ്ചിതമായി വൈകി. പ്രിന്റ് എടുക്കാൻ സമയം വേണം. അതിനായി ആൾ വേണം. എല്ലാം സംഘടിപ്പിച്ച് വരുമ്പോഴേക്കും പരീക്ഷ വൈകി. ഈ നടപടികൾ സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും സോഷ്യൽ സ്റ്റഡീസ് പരീക്ഷ അനിശ്ചിതത്വത്തിൽ ആക്കി.

ഗുരുതരമായ പിഴവ് ആണ് വിദ്യാഭ്യാസ അധികൃതരുടെ ഭാഗത്തു നിന്നും വന്നത്. ചോദ്യ പേപ്പർ പ്രിന്റ് ചെയ്ത പ്രിന്റിങ് ഡിപ്പോകൾക്കാണ് പിഴവ് പറ്റിയത്. ഈ പിഴവ് തിരിച്ചറിയാൻ അധികൃതർക്ക് കഴിഞ്ഞതുമില്ല. ഒടുവിൽ പ്രശ്നം മനസിലാക്കി അടിയന്തിര നിർദ്ദേശം നല്കുമ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കാലമാണ്. കോടിക്കണക്കിനു രൂപയാണ് പൊതുവിദ്യാഭ്യാസത്തിനു ചെലവിടുന്നത്. എന്നിട്ടും തികച്ചും നിരുത്തരവാദ പരമായ രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ഈ മാപ്പ് പ്രശ്നത്തിലും തെളിയുന്നു. പത്താം ക്ലാസിന്റെ ക്രിസ്മസ് പരീക്ഷയുടെ അവസ്ഥയാണിത്. ഇത്രയും ലാഘവത്തോടെ പരീക്ഷ നടത്തിയാൽ മതിയോ എന്നാണ് ചോദ്യം ഉയരുന്നത്.