കൊച്ചി: ചെന്നൈ സൂപ്പർ കിങ്‌സിന്റെ (സിഎസ്‌കെ) ഐപിഎൽ മൽസരങ്ങൾ പുണെയിൽ നടത്താനാണ് ബിസിസിഐയുടെ തീരുമാനം. തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ താൽപ്പര്യക്കുറവാണ് ഇതിന് കാരണം. അതിവേഗം മത്സരം നടത്താനുള്ള സംവിധാനം തിരുവനന്തപുരത്തില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐ അറിയിച്ചിരുന്നു. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ കോർപ്പറേറ്റ് ബോക്‌സ് പ്രവർത്തന സജ്ജമല്ലെന്ന ന്യായം പറഞ്ഞാണ് തിരുവനന്തപുരത്ത് നിന്ന് ഐപിഎൽ മത്സരം മാറ്റുന്നതിന് കാരണമായത്. അതുകൊണ്ട് തന്നെ രണ്ടാം ഘട്ട ചർച്ചകളിൽ കേരളത്തിലെ വേദിയെ പരിഗണിച്ചു പോലുമില്ല.

കാവേരി വിഷയം കേരളത്തേയും ബാധിക്കുന്നതാണെന്ന് ചില കെസിഎ ഭാരവാഹികൾ നിലപാട് എടുക്കുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാവുന്ന പ്രശ്‌നമാണ് കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. ഇതിനെ ഊതിവീർപ്പിച്ച് ബിസിസിഐക്ക് മുമ്പിൽ അവതരിപ്പിക്കുകയായിരുന്നു കെസിഎയിലെ കൊച്ചി ലോബി. കെസിഎ പ്രസിഡന്റ് റോങ്ക്ളിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ വേദിയാക്കി മാറ്റാൻ ശ്രമം നടക്കുന്നിരുന്നു. അതിവേഗം പണി നടന്നാൽ ദിവസങ്ങൾക്കുള്ളിൽ കോർപ്പറേറ്റ് ബോക്സ് പ്രവർത്തന സജ്ജമാകും. എന്നാൽ കോർപ്പറേറ്റ് ബോക്സ് നിർമ്മിക്കേണ്ടത് സ്പോർട്സ് ഹബ്ബുകാരാണെന്നും അതിന് വേണ്ടി കെസിഎ പണം ചെലവാക്കില്ലെന്നുമാണ് കെസിഎയിലെ കൊച്ചി ലോബിയുടെ പക്ഷം. ഈ ചർച്ചയിലൂടെ തിരുവനന്തപുരത്ത് നിന്നും ഐപിഎൽ മത്സരം ഒഴിവാക്കുകയായിരുന്നു. ഫലത്തിൽ കെസിഎ പ്രസിഡന്റ് റോങ്ക്‌ളിന്റെ നീക്കത്തെ സെക്രട്ടറി ജയേഷ് ജോർജ് വെട്ടിവീഴ്‌ത്തുകയായിരുന്നു.

ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ വേദി കൊച്ചിയാക്കണമെന്ന താൽപ്പര്യം കെസിഎ സെക്രട്ടറി ജയേഷ് ജോർജിനുണ്ടായിരുന്നു. എന്നാൽ കൊച്ചിയിലെ ഫുട്ബോൾ മൈതാനം ക്രിക്കറ്റിന് വേണ്ടി വെട്ടിമുറിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നു. ഇതോടെ മത്സരം തിരുവനന്തപുരത്ത് നടത്തേണ്ട ഗതിയും വന്നു. ഇതോടെ ക്രിക്കറ്റിൽ കൊച്ചി ലോബി അപമാനിതരായി. ഐപിഎൽ മത്സരം തിരുവനന്തപുരത്ത് നടക്കുന്നതിനെ എങ്ങനേയും പാരവയ്ച്ച് പൊളിക്കാനായിരുന്നു കൊച്ചി പക്ഷത്തിന്റെ നീക്കം. ഇത് വിജയിക്കുകയാണ്. കോർപ്പറേറ്റ് ബോക്‌സിന്റെ കാര്യം തന്ത്രപരമായി എടുത്തിട്ടു. തിരുവനന്തപുരത്ത് മത്സരം നടത്താൻ ചെന്നൈ ടീം മാനേജ്‌മെന്റ് ബന്ധപ്പെട്ടുവെന്ന കാര്യം പ്രസിഡന്റ് റോങ്ക്‌ളിൻ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഈ ചർച്ചകളിലൊന്നും ഭാഗമാകാതെ മാറി നിന്ന ജയേഷ് ജോർജ് തിരുവനന്തപുരത്ത് ഐപിഎൽ വേണ്ടെന്ന ഉറച്ച നിലപാട് എടുത്തു. ഇത് തന്നെയാണ് ഐപിഎൽ കേരളത്തിന് നഷ്ടമായത്.

ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയാണു തീരുമാനത്തെക്കുറിച്ചുപുറത്തുവിട്ടത്. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോണിയുടെ നിലപാട് തീരുമാനത്തിൽ നിർണായകമായി. പുണെയിൽ മൽസരങ്ങൾ നടത്തുന്നതിനോട് സിഎസ്‌കെ മാനേജ്‌മെന്റിനും എതിർപ്പില്ലായിരുന്നു. കാവേരി പ്രക്ഷോഭത്തെത്തുടർന്നാണ് ഇത്തവണ ചെന്നൈയിൽ നടത്തുന്ന ഐപിഎൽ മൽസരങ്ങൾക്കുനേരെ പ്രതിഷേധമുയർന്നത്. പ്രതിഷേധങ്ങൾക്കിടെ സിഎസ്‌കെയുടെ ആദ്യ മൽസരം ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്നിരുന്നു. വൻ സുരക്ഷാ സന്നാഹമൊരുക്കിയിട്ടും സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധമരങ്ങേറി. ചെന്നൈയുടെ രവീന്ദ്ര ജഡേജയ്ക്കുനേരെ പ്രതിഷേധക്കാരിലൊരാൾ ഷൂസ് വലിച്ചെറിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വേദി മാറ്റം.

'മൽസരം ചെന്നൈയിൽതന്നെ നടത്താനായിരുന്നു തീരുമാനം. ഇതിനാവശ്യമായ സുരക്ഷയൊരുക്കാമെന്ന് പൊലീസ് സമ്മതിക്കുകയും ചെയ്തു. എന്നാൽ ബുധനാഴ്ച അവർ സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അടുത്ത ആറു മൽസരങ്ങൾക്കു മറ്റൊരു വേദി കണ്ടെത്തേണ്ടിവന്നത്'. പുണെ കൂടാതെ, വിശാഖപട്ടണം, തിരുവനന്തപുരം, രാജ്‌കോട്ട് എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും വേദി മാറ്റത്തിനായി പരിഗണിച്ചിരുന്നു. രണ്ട് വീതം മത്സരങ്ങൾ വീതിച്ചു കൊടുക്കുന്നതും പരിഗണിച്ചു. എന്നാൽ തിരുവനന്തപുരത്ത് മത്സരം വേണ്ടെന്ന കെസിഎയുടെ നിലപാടിനൊപ്പം ധോണിയുടെ മനസും ചെന്നൈയെ പൂണയിൽ എത്തിച്ചു.

ടിസി മാത്യുവിനെ പുറത്താക്കിയാണ് ജയേഷ് ജോർജ് കെസിഎയിൽ മേൽകോയ്മ നേടിയത്. ഇടുക്കിയിൽ നിന്നുള്ള വിനോദായിരുന്നു പ്രസിഡന്റ്. അഴിമതിയുടെ പേരിൽ വിനോദിനേയും പുറത്താക്കി. ഇടുക്കിയിലെ സ്റ്റേഡിയം നിർമ്മാണത്തിന് ചതുപ്പ് നിലം വാങ്ങിയെന്നതായിരുന്നു ആരോപണം. ഇതേ രീതിയിലായിരുന്നു ഇടക്കൊച്ചിയിൽ കെസിഎയും സ്റ്റേഡിയും നിർമ്മാണത്തിന് കണ്ടൽ കാട് വാങ്ങിയത്. എറണാകുളം അസോസിയേഷനായിരുന്നു ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. ഇതു മൂലവും കെ സി എയ്ക്ക് വമ്പൻ നഷ്ടമുണ്ടായി. കണ്ടൽ കാട് വാങ്ങലും റിയൽ എസ്റ്റേറ്റ് ഇടപടാണെന്ന ആരോപണം ഉയർന്നു. ഇതിൽ അന്വേഷണവും നടപടിയും ഇല്ല. എന്നാൽ ഇടുക്കിയിലെ സ്റ്റേഡിയും ചർച്ചയാക്കി. ഇതിന് പിന്നിൽ ടിസിയേയും വിനോദിനേയും ഒഴിവാക്കുകയെന്ന ബുദ്ധിയായിരുന്നു. വിനോദ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ റോങ്ക്ളിൻ പ്രസിഡന്റായി. ജയേഷുമായി റോങ്ക്ളിൻ പല കാര്യങ്ങളിലും എതർപ്പിലാണ്. തിരുവനന്തപുരത്തെ ഐപിഎൽ വേദിയുടെ കാര്യത്തിലും അത് തന്നെയായിരുന്നു അവസ്ഥ. അതുകൊണ്ട് തന്നെ ഒറ്റക്കെട്ടായ നീക്കം നടത്താൻ റോങ്ക്‌ളിന് കഴിഞ്ഞില്ല.

കാവേരി വിഷയത്തിൽ ഐപിഎല്ലിനെതിരായ നിലപാട് രജനികാന്ത് അടക്കമുള്ളവർ സ്വീകരിച്ചു. ഇതോടെ കളി നടന്നാൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക സജീവമായി. അപ്പോൾ തന്നെ തിരുവനന്തപുരത്തെ വേദിയാക്കുന്നത് ചെന്നൈ ടീം സജീവമായി പരിഗണിച്ചു. ഇന്ത്യാ-ന്യൂസിലണ്ട് 20-20 മത്സരം വലിയ വിജയമാക്കി മാറ്റാൻ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നൈയുടെ വേദിയായി ഗ്രീൻ ഫീൽഡിനെ മാറ്റാനുള്ള ചർച്ച ബിസിസിഐ സജീവാക്കിയത്. എന്നാൽ തിരുവനന്തപുരത്ത് അടിയന്തര മത്സരമൊന്നും നടത്താനുള്ള സാഹചര്യമില്ലെന്നാണ് കെസിഎ സെക്രട്ടറി ജയേഷ് ജോർജ് എടുത്ത നിലപാട്. അന്താരാഷ്ട്ര-ഐപിഎൽ മത്സരങ്ങൾ ഇനി കൊച്ചിയിൽ നടന്ന ശേഷം തിരുവനന്തപുരത്ത് നടന്നാൽ മതിയെന്നാണ് കൊച്ചി ലോബിയുടെ പക്ഷം.

നവംബറിൽ കേരളത്തിന് അനുവദിച്ച ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് മത്സരവും അട്ടിമറിക്കാൻ ചിലർ സജീവമായി രംഗത്തുണ്ട്. മഴയുടെ പേരു പറഞ്ഞ് മത്സരം ഒഴിവാക്കാനാണ് നീക്കം. കൊച്ചിയിൽ ഫുട്‌ബോൾ ഇല്ലാത്ത സമയത്ത് മതി കേരളത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമെന്നതാണ് അവരുടെ നിലപാട്.