- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെയിംസ് മാത്യുവിനായി രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കുന്നു; തളിപ്പറമ്പ് സ്കൂളിലെ പ്രധാനാധ്യാപകന്റെ ആത്മഹത്യാക്കേസ് അന്വേഷണം എങ്ങുമെത്തുന്നില്ല; കാത്തിരിക്കുന്നത് ആന്റി ക്ലൈമാക്സ് തന്നെ
കണ്ണൂർ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹൈസ്‌കൂൾ പ്രധാനാധ്യാപകന്റെ ആത്മഹത്യയ്ക്ക് പിന്നിൽ എംഎൽഎയുടെ ഭീഷണിയാണെന്ന് വ്യക്തമായിട്ടും പൊലീസ് നടപടികൾ വൈകുന്നു. തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവിനെതിരേയാണ് ആരോപണം ഉയർന്നത്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമെല്ലാം സിപിഐ(എം) എംഎൽഎയ്‌ക്കെതിരേയായിട്ടും കേസ് ഒതുക്കാനുള്ള നീക്കങ്ങ
കണ്ണൂർ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹൈസ്‌കൂൾ പ്രധാനാധ്യാപകന്റെ ആത്മഹത്യയ്ക്ക് പിന്നിൽ എംഎൽഎയുടെ ഭീഷണിയാണെന്ന് വ്യക്തമായിട്ടും പൊലീസ് നടപടികൾ വൈകുന്നു. തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവിനെതിരേയാണ് ആരോപണം ഉയർന്നത്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമെല്ലാം സിപിഐ(എം) എംഎൽഎയ്‌ക്കെതിരേയായിട്ടും കേസ് ഒതുക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ ശക്തമാകുന്നത്.
ടാഗോർ വിദ്യാനികേതൻ ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ശശിധരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കമിട്ടുനിരത്തി എംഎൽഎയ്‌ക്കെതിരേ ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് അദ്ധ്യാപകൻ മരണത്തിനു കീഴടങ്ങിയത്. എന്നാൽ അന്വേഷണം ഇഴഞ്ഞുനീങ്ങുമ്പോൾ ശക്തമായ ഇടപെടൽ നടത്താൻ സർക്കാറും മാദ്ധ്യമങ്ങളും തയ്യാറാകുന്നുമില്ല. സിപിഐ(എം) എംഎൽഎ ആണെങ്കിലും ഭരണപക്ഷവുമായി നല്ല ബന്ധത്തിലാണ് ജെയിംസ് മാത്യു. പത്രക്കാരുമായും നല്ല സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം ജെയിംസ് മാത്യുവിന്റെ വഴിക്ക് വരുമെന്നാണ് ആക്ഷേപം.
മുൻകൂർ ജാമ്യത്തിന് അനുമതി തേടി കോടതിയെ സമീപിക്കാൻ ജയിംസ് മാത്യുവിന്റെ പേരിൽ ഒരു കേസുണ്ടാവണം എന്നതുകൊണ്ട് മാത്രമാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തതെന്നാണ് സൂചന. അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അതീവ ഗൗരവമായി കാണുമെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നുമൊക്കെ ആഭ്യന്തര മന്ത്രി തന്നെ പ്രസ്താവിച്ചിരുന്നെങ്കിലും അന്വേഷണസംഘത്തെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഈ തീരുമാനങ്ങൾ നീട്ടിവയ്ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
അദ്ധ്യാപകൻ മരിച്ചത് കാസർകോട്ടെ ഹോട്ടൽ മുറിയിൽവച്ചായിരുന്നതിനാൽ ആദ്യം കേസെടുത്ത് അന്വേഷണം തുടങ്ങിയത് കാസർകോഡ് പൊലീസായിരുന്നു. പിന്നീട് അദ്ധ്യാപകന്റെ വീട് നിൽക്കുന്ന സ്ഥലം പരിധിയായി വരുന്ന ശ്രീകണ്ഠാപുരം പൊലീസിന് കൈമാറുകയായിരുന്നു. ശ്രീകണ്ഠാപുരം സി.ഐ ആണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യത്തിന് ഹർജി നൽകിയ ജയിംസ് മാത്യുവിനു വേണ്ടി, തലശേരി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതാവട്ടെ ആലത്തൂർ സർക്കിൾ ഇൻസ്‌പെകടറും. ഇതെല്ലാം ഉന്നതതല ഇടപെടലിന്റെ സൂചനയാണ്.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പരമാവധി ഇളവുകൾ നിയമപരമായി നേടാനുള്ള നീക്കത്തിലാണ് ബന്ധപ്പെട്ടവർ. കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിലും മറ്റും നിരവധി പോയിന്റുകൾ പുറത്തറിയാത്ത രീതിയിൽ എഴുതിചേർക്കാനാണ് ഇപ്പോഴത്തെ സമ്മർദ്ദം. സിപിഎമ്മിന്റെ ശക്തനായ നേതാവും പ്രതിപക്ഷ എംഎൽഎയുമാണെങ്കിലും ഇദ്ദേഹത്തിനു വേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ കണ്ട് സഹായം അഭ്യർത്ഥിച്ചുകഴിഞ്ഞു. ഇതിനൊത്തുള്ള സഹായം ഇവരുടെ ഭാഗത്തുനിന്നു ലഭിക്കുന്നുണ്ടെന്നു കേസിന്റെ ഗതി വിലയിരുത്തിയാൽ വ്യക്തമാകും.
ആത്മഹത്യ ചെയ്യാൻ തക്കവിധത്തിൽ എംഎൽഎ പ്രധാനാധ്യാപകനെ എന്തു പറഞ്ഞാവും ഭീഷണിപ്പെടുത്തിയിട്ടുണ്ടാവുക. ഇതേക്കുറിച്ച് അദ്ധ്യാപകന്റെ ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടില്ല. എംഎൽഎയുടെ ഭീഷണി അതിജീവിക്കാനാവാതെയാണ് താൻ മരണത്തിന് കീഴടങ്ങുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. നൂറു ശതമാനം ആത്മാർത്ഥതയോടെ സ്‌കൂളിന്റെ വികാസത്തിനും വിജയത്തിനുമായി പ്രവർത്തിക്കുന്ന ഈ അദ്ധ്യാപകനെ മരണത്തിലേക്ക് തള്ളിവിടുംവിധത്തിലുള്ള എന്തു സാഹചര്യമാണുണ്ടായിരിക്കുക.
സ്വന്തം ജീവനുനേരെ ഉയരുന്ന ഭീഷണിയെ തട്ടിമാറ്റി മുന്നോട്ടുപോകാനുള്ള മനോവീര്യം ഈ അദ്ധ്യാപകനുണ്ടെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. അതിനാൽ സ്വന്തക്കാരെ ഭീഷണിയുടെ മുനയിൽ നിർത്തി അദ്ധ്യാപകനെ സമ്മർദ്ദത്തിലാക്കാനുള്ള സാധ്യതയാണ് ഇവർ കാണുന്നതും. ഒന്നുകിൽ അദ്ധ്യാപകനെ ഏതെങ്കിലും പെണ്ണുകേസിൽ കുടുക്കി നാറ്റിക്കുമെന്ന ഭയമുണ്ടാകാം. കണ്ണൂരിൽ രാഷ്ട്രീയക്കാരുടെ പ്രധാന ഭീഷണികളിലൊന്നാണിത്. ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഇതിന് ഉദാഹണങ്ങൾ ഏറെയുണ്ട്. രാഷ്ട്രീയത്തിലെ മുഖ്യ എതിരാളിയെ ബന്ധപ്പെട്ടവർ ഇത്തരമൊരു ആരോപണത്തിലൂടെ മുട്ടുകുത്തിച്ചിട്ടുമുണ്ട്.
അല്ലെങ്കിൽ സാമ്പത്തിക അഴിമതി ആരോപണം കെട്ടിച്ചമച്ച് അദ്ധ്യാപകന്റെ ഇമേജ് തകർക്കുമെന്ന ഭയമുണ്ടാകാം. സാമ്പത്തികമായി വളരെയേറെ കൃത്യതയോടെ കാര്യങ്ങൾ നോക്കുന്ന വ്യക്തിയാണ് ഈ അദ്ധ്യാപകൻ. അണുകിട വ്യത്യാസമില്ലാതെയാണ് കണക്കുകൾ രേഖപ്പെടുത്തുന്നതും മറ്റും. നായാപൈസയുടെ അഴിമതി ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ആരും കരുതുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ, കെട്ടിച്ചമച്ച അഴിമതി ആരോപണം ഉന്നയിച്ച് ഇമേജ് തകർക്കുമെന്ന് പ്രമുഖർ ഭീഷണിപ്പെടുത്തിയാൽ മാനസികനില തകരാനും മരണത്തിനുകീഴടങ്ങാനുമുള്ള സാധ്യതയാണ് ചില സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാണുന്നത്.
അല്ലെങ്കിൽ കുടുംബാംഗങ്ങളെ വധിക്കുമെന്നോ ഉപദ്രവിക്കുമെന്നോയുള്ള ഭയമുണ്ടാകും. സ്‌കൂളും പിന്നെ കുടുംബവുമാണ് ഈ അദ്ധ്യാപകന്റെ ഏറ്റവും വലിയ ബലഹീനത. കുടുംബത്തെ ഏറെ സ്‌നേഹിച്ചിരുന്ന വ്യക്തിയാണ് ഈ അദ്ധ്യാപകൻ. അവർക്ക് എന്തെങ്കിലും ആപത്ത് വരുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ മരണത്തിലൂടെ പ്രതിരോധിക്കാൻ പോലും ഇദ്ദേഹം ശ്രമിച്ചേക്കുമെന്നും സുഹൃത്തുക്കൾ പറയുന്നു
ടാഗോൾ വിദ്യാനികേതൻ സ്‌കൂളിൽ 1.80 കോടിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ടിൽനിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. ഈ തുക നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമ്പോൾ കമ്മിഷൻ വേണമെന്ന് ചിലർ പ്രധാനാധ്യാപകനോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ സാമ്പത്തിക വിനിയോഗത്തിന്റെ കാര്യത്തിൽ അനധികൃതമായി ഒന്നും ചെയ്യാത്ത പ്രധാനാധ്യാപകൻ ഇതിന് വഴങ്ങിയില്ലെന്നും ഇതാണ് പ്രശ്‌നങ്ങളിലേക്കു നയിച്ചതെന്നുമാണു കരുതുന്നത്. എംഎൽഎ ഫണ്ടിൽനിന്ന് കമ്മിഷൻ പറ്റുന്നത് നാട്ടുനടപ്പാണല്ലോ.
പ്രധാനാധ്യാപകനെ ഫോണിൽ വിളിച്ചുവെന്ന് എംഎൽഎ സമ്മതിക്കുന്നുമുണ്ട്. എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് എംഎൽഎയുടെ വാദം. എംഎൽഎയുടെ ഫോൺ വന്നതോടെ അദ്ധ്യാപകൻ ആകെ അസ്വസ്ഥനാകുകയും ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വീടിനു സമീപത്തെ വയലിലേക്ക് നടന്നുപോയെന്നും സാക്ഷിമൊഴിയുണ്ട്. അദ്ധ്യാപകന്റെ മൊബൈൽ ഫോൺ കോൾ രജിസ്റ്റർ പരിശോധിച്ചാലും ഇതു തെളിയിക്കാവുന്നതേയുള്ളൂ. ഇങ്ങനെ, എംഎൽഎയുടെ ഫോൺകോളിൽ അസ്വസ്ഥനായി വയലിലേക്ക് പോയ പ്രധാനാധ്യാപകൻ പിന്നീട് തിരിച്ചെത്തിയാണ് വസ്ത്രം മാറി വീട്ടിൽനിന്നിറങ്ങി കാസർകോഡെത്തി ഹോട്ടലിൽ മുറിയെടുത്ത് ആത്മഹത്യ ചെയ്തത്.
മികച്ച പഠന നിലവാരമുള്ള സ്‌കൂളാണ് ടാഗോർ വിദ്യാനികേതൻ സ്‌കൂൾ. എട്ടാംക്ലാസിലേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ പോലും ഇവിടെ എൻട്രൻസ് എഴുതി പാസാകണം. പഠനനിലവാരത്തിന്റെ കാര്യത്തിൽ അണുകിട വിട്ടുവീഴ്ചയ്ക്കു പോലും പ്രധാനാധ്യാപകൻ തയ്യാറല്ലായിരുന്നു. എന്നാൽ ഈ സ്‌കൂളിനെ ഓപ്പൺ സ്‌കൂളാക്കി മാറ്റാനുള്ള ചരടുവലികൾ എംഎൽഎ സജീവമാക്കിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. എന്നാൽ ഈ നീക്കത്തിന് എതിരായിരുന്നു പ്രധാനാധ്യാപകൻ.