തിരുവനന്തപുരം: ഭാരതീയ ചികിൽസാ വകുപ്പിന് കീഴിലുള്ള കേരളത്തിലെ പ്ലാൻ ഫണ്ട് പദ്ധതികളിലുള്ളവർക്ക് ഏഴുമാസമായി വേതനമില്ല. ജില്ലാ ആയുർവേദ ആശുപത്രികളിലെ പ്രസൂതി തന്ത്ര & സ്ത്രീ രോഗ, കൗമാര-ഭൃത്യ (ശിശുരോഗ വിഭാഗം), പഞ്ചകർമ്മ എന്നീ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 250 ഓളം ജീവനക്കാർക്കാണ് കഴിഞ്ഞ മാർച്ച് മുതൽ ശമ്പളം മുടങ്ങിയത്. സെപ്റ്റംബറിൽ അവസാനിച്ച ഇവരുടെ കരാർ പുതുക്കി നൽകിയിട്ടുമില്ല.

ശിശു, സ്ത്രീ രോഗ വിഭാഗങ്ങളിൽ ഓരോ ഡോക്ടറും അറ്റൻഡറുമാണ് ഉള്ളത്. പഞ്ചകർമ്മ വിഭാഗത്തിൽ രണ്ട് തെറാപ്പിസ്റ്റുകളും. കൂടാതെ ഈ പദ്ധതിയിൽ ഡേറ്റാ എൻട്രി, കെയർ ടേക്കർ, വാച്ച്മാൻ എന്നീ തസ്തികകളുമുണ്ട്. സ്ഥിരം ജോലികൾക്ക് പുറമെ കോവിഡ് ചികിൽസാ കേന്ദ്രങ്ങളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ഇവർ ജോലി ചെയ്യാറുണ്ട്. അടുത്ത ഫണ്ട് വരുമ്പോൾ വേതനം ലഭിക്കുമെന്ന മേലധികാരികളുടെ വാക്ക് വിശ്വസിച്ചാണ്. യാതൊരു രേഖകളോ ശമ്പളമോ ഇല്ലാതെ ജോലിയെടുക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

അതേസമയം മുടങ്ങിയ വേതനം നൽകുന്നതിനും കരാർ പുതുക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ടെന്നും അത് ഉടൻ ഭാരതീയ ചികിൽസാ വകുപ്പ് ഡയറക്ടറുടെ അനുമതിക്കായി അയക്കുമെന്നും ആയുഷ് അഡീഷണൽ സെക്രട്ടറി വി. ഭൂഷൺ പറഞ്ഞു. ഭരണാനുമതി ലഭിച്ചാൽ രണ്ടാഴ്‌ച്ചക്കുള്ളിൽ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.