കൊച്ചി: കള്ളപ്പണം വെളുപ്പിക്കാനുള്ള നല്ല മാർഗ്ഗമായിരുന്നു സ്വർണ്ണ നിക്ഷേപം. നോട്ട് അസാധുവാക്കിന് പിറകെ മിക്ക സ്വർണ്ണ കടകളും പാതിരാത്രിയും പ്രവർത്തിച്ചു. ഗ്രാമിന് മൂന്നിരട്ടി വരെ വാങ്ങി സ്വർണം വിറ്റവരുമുണ്ട്. അങ്ങനെ കണക്കിൽ പെടാതെ സ്വർണം വാങ്ങിയവരെല്ലാം ഇനി പെട്ടു പോകും. സ്വർണ്ണത്തിലും കണ്ണ് വയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ അധ്വാനിച്ചുണ്ടാക്കിയ കാശു കൊണ്ട് വാങ്ങിയ പണം കൊണ്ട് വാങ്ങിയ ആർക്കും സ്വർണം നഷ്ടമാകില്ല. പാരമ്പര്യമായി കിട്ടിയതും സൂക്ഷിക്കാം. എന്നാൽ ഇതൊക്കെ തെളിയിക്കേണ്ടി വരും. നികുതി നൽകാത്ത പണം ഉപയോഗിച്ചുള്ള സ്വർണ്ണ വാങ്ങൽ തടയുകയാണ് ലക്ഷ്യം. ഈ തീരുമാനത്തോടെ സ്വർണ്ണക്കടകളിലെ കള്ളക്കച്ചവടവും നിൽക്കും. ബില്ലു വാങ്ങാതെ സ്വർണം വാങ്ങിയാലുള്ള പ്രശ്‌നങ്ങൾ ഉപഭോക്താവ് തിരിച്ചറിയുന്നതാണ് ഇതിന് കാരണം.

പൂർവിക സ്വത്തായി ലഭിച്ചതുൾപ്പെടെയുള്ള സ്വർണത്തിന് 75% നികുതിയും സെസും 10% പിഴയും ചുമത്താൻ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ ആദായ നികുതി (രണ്ടാം ഭേദഗതി) നിയമത്തിൽ വ്യവസ്ഥയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നു ധനമന്ത്രാലയം വിശദീകരിച്ചു. വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ചു വാങ്ങിയ സ്വർണത്തിനും ആഭരണങ്ങൾക്കും നികുതി ചുമത്തില്ലെന്നു ധനമന്ത്രാലയം വ്യക്തമാക്കി. എന്നാൽ, നിശ്ചിത പരിധിക്കു മുകളിൽ സ്വർണം കൈവശം വയ്ക്കുന്നവർക്കു മറ്റെല്ലാ സ്വത്തുക്കളെയും പോലെ നികുതി 30 ശതമാനത്തിൽനിന്ന് 60 ശതമാനമായി വർധിപ്പിക്കാനും 25% സർചാർജും സെസ്സും ഈടാക്കാനും ലോക്‌സഭ പാസാക്കിയ ആദായനികുതി 115ബിബിഇ വകുപ്പ് ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കൃത്യമായ വിശദീകരണം ലഭിക്കാത്ത ആസ്തികളും പണവുമാണ് ഈ വകുപ്പിന്റെ പരിധിയിൽ വരുന്നത്. അനുവദനീയ തോതിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം പിടിച്ചെടുക്കില്ലെന്നു സർക്കാർ വ്യക്തമാക്കി.

കുടുംബത്തിലെ വിവാഹിത - 500 ഗ്രാം (62.5 പവൻ), അവിവാഹിത - 250 ഗ്രാം (31.25 പവൻ), പുരുഷൻ - 100 ഗ്രാം (12.5 പവൻ) എന്നിങ്ങനെയാണ് പരിധി. ഇതേസമയം, വെളിപ്പെടുത്തിയ വരുമാനമുപയോഗിച്ച് എത്ര തോതിൽ സ്വർണം വാങ്ങുന്നതിനും തടസ്സമില്ല. കാർഷികാദായം, ന്യായമായ വീട്ടുസമ്പാദ്യം എന്നിവ ഉപയോഗിച്ചു വാങ്ങിയതോ നിയമപരമായ രീതിയിലുള്ള പൂർവികസ്വത്തായി ലഭിച്ചതോ ആയ സ്വർണത്തിനും ആഭരണങ്ങൾക്കും നികുതി ചുമത്തില്ല. എത്രതോതിൽ സ്വർണവും ആഭരണവും സൂക്ഷിച്ചാലും അതു നിയമപരമായി അനുവദനീയമായ രീതിയിലുള്ള സമ്പാദ്യമാണെന്ന് പരിശോധകരെ ബോധ്യപ്പെടുത്താൻ സാധിക്കണം. സമ്പാദ്യം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം പരിശോധകർക്കു നൽകാത്തപ്പോൾ മാത്രമായിരിക്കും നടപടിയുണ്ടാവുക. അതിനാൽ നിയമ പരമായ സ്വർണം എത്ര അളവിൽ വേണമെങ്കിലും സൂക്ഷിക്കാം.

പുതിയ നികുതി ഭേദഗതി നിയമപ്രകാരം വീടുകളിലും ലോക്കറിലും സൂക്ഷിക്കുന്ന സ്വർണ്ണത്തിന് നികുതി ചുമത്തും എന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വെളിപ്പെടുത്താവുന്ന പണം കൊണ്ടു വാങ്ങിയതോ, പരമ്പരാഗതമായി ലഭിച്ചതോ, കാർഷിക വരുമാനം പോലെ ഒഴിവാക്കിയ പണം കൊണ്ടു വാങ്ങിയതോ, സമ്പാദ്യത്തിലൂടെ വാങ്ങിയതോ ആയ സ്വർണ്ണത്തിന് നികുതി ചുമത്തുകയില്ല. പരിധിക്കുള്ളിലെ സ്വർണം ഒരു റെയ്ഡിലും കണ്ടു കെട്ടാൻ പാടില്ല. ന്യായമായ മാർഗ്ഗത്തിലൂടെ വാങ്ങുകയോ കൈവശം എത്തുകയോ ചെയ്ത സ്വർണ്ണവും ആഭരണങ്ങളും എത്രവരെ സൂക്ഷിക്കുന്നതിനും തടസ്സമില്ല. പുതിയ നികുതി ഭേദഗതി 115 ബി ബി എ പ്രകാരം നിലവിലുള്ള നികുതി 30 ശതമാനത്തിനു പുറമേ 60 ശതമാനം സർച്ചാർജ്ജും 25 ശതമാനം സെസ്സും ഈടാക്കാം എന്നുണ്ട്. ഇത് വെളിപ്പെടുത്താനോ വിശദീകരിക്കാനോ കഴിയാത്ത പണത്തിനും സ്വത്തിനും ആസ്തികൾക്കുമാണ്.

അതേസമയം, ബ്രാൻഡഡ് സ്വർണനാണയങ്ങൾക്ക് വില കുറയും. ഇത്തരം സ്വർണനാണയങ്ങൾക്കുണ്ടായിരുന്ന 1% എക്‌സൈസ് തീരുവ ഒഴിവാക്കിയതോടെയാണിത്. ബ്രാൻഡഡ് വെള്ളിനാണയങ്ങൾക്ക് എക്‌സൈസ് തീരുവ ഒഴിവാക്കിയിരുന്നത് തുടരും.

22 കൊല്ലം മുമ്പ് നിർമ്മിച്ച നിയമം നടപ്പിലാക്കുന്നത് ഇപ്പോൾ

സ്വർണം കൈവശം വയ്ക്കാനുള്ള പരിധി കേന്ദ്ര സർക്കാർ തീരുമാനിച്ചത് 22 കൊല്ലം മുമ്പാണ്. ഈ നിയമം നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്നതേ ഉള്ളൂവെന്നതാണ് വസ്തുത. വർഷങ്ങൾക്ക് മുമ്പുള്ള നിയമം കർശനമായി നടപ്പാക്കുമെന്ന് മോദി സർക്കാർ വ്യക്തമാക്കുന്നു അത്രമാത്രം. സ്വർണത്തിന് പരിധി നിശ്ചയിച്ചത് 1994ൽ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസാണ് നിർദ്ദേശമിറക്കിയത്. കേന്ദ്രം ആ തീരുമാനം വീണ്ടും പ്രഖ്യാപിച്ചെന്നു മാത്രം. ഈ നിയമം കർശനമാക്കുന്നതോടെ കണക്കിൽപെടാത്ത പണം പോലെ തന്നെ സ്വർണത്തിനും നടപടി നേരിടേണ്ടി വരും.

അതിനിടെ ഈ തീരുമാനം സ്വർണ്ണ വിപണയെ ബാധിക്കുമെന്ന് ഉറപ്പാണ്. പരിഭ്രാന്തരായ ജനം സ്വർണം വിറ്റഴിക്കാൻ നോക്കും. വിപണിയിലേക്ക് കൂടുതൽ സ്വർണമെത്തും. സ്വർണ വിൽപ്പന കുത്തനെ ഇടിയും. നടപടി ഭയന്ന്, കയ്യിൽ പണം ഉള്ളവർപോലും സ്വർണം വാങ്ങാത്ത അവസ്ഥയുണ്ടാകും. ഇപ്പോൾ സ്വർണ ഇറക്കുമതി കൂടുതലാണ്. നടപടിവരുമെന്ന് ഉറപ്പാകുന്നതോടെ സ്വർണ ഇറക്കുമതി കുറയും. ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് അവസാനിക്കും. ഇത് രൂപയുടെ മൂല്യം ഉയർത്തും.

കേരളത്തിനെ തീരുമാനം പ്രതികൂലമായി ബാധിക്കും. സ്വർണവിൽപ്പനയിലൂടെ സർക്കാരിന് കിട്ടുന്ന നികുതി ഗണ്യമായി കുറയും. അതായത് സർക്കാരിന്റെ വരുമാനം കുറയും. സ്വർണക്കുറിയിൽ ചേർന്നവരും സ്വകാര്യ കമ്പനികളുടെ ചിട്ടിയിലൂടെ സ്വർണം വാങ്ങിയവരും വെട്ടിലാകും.