കട്ടപ്പന: ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രാഷ്ട്രീയ നിലപാടിനെചൊല്ലി ഇടുക്കി രൂപതയിലെ പുരോഹിതർ പരസ്പരം പരസ്യമായി ഏറ്റുമുട്ടുന്നതിനിടെ നിർണായക രാഷ്ട്രീയ ശക്തിയായി മാറാനും നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ടുപോകാനും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി 24ന് ചെറുതോണിയിൽ ഉപവാസം സംഘടിപ്പിക്കാനും ഇടുക്കിയിലെ ഭൂവിഷയങ്ങൾ ഉയർത്തിക്കാട്ടി സമരങ്ങൾ സജീവമാക്കാനും സമിതി തീരുമാനിച്ചു.

സമിതി നിലപാടിനെ പിന്തുണച്ചും പ്രതികൂലിച്ചും വിശ്വാസികളും വൈദികരും രണ്ട് തട്ടിലായിട്ടും പ്രശ്‌നത്തിലടപെടാതെ മൗനം പാലിക്കുന്ന രൂപത അധികാരികളുടെ ലക്ഷ്യവും രാഷ്ട്രീയനേട്ടം തന്നെയാണെന്നു വിലയിരുത്തപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ റോഷി അഗസ്റ്റിനെ അട്ടിമറിക്കാനുള്ള പടപ്പുറപ്പാടാണ് സമിതി ആരംഭിക്കുന്നത്.

പാർലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുവരെ ശക്തമായ സമരവുമായി രംഗത്തുനിന്ന ഹൈറേഞ്ച് സംരക്ഷണ സമിതി നാടകീയ കരുനീക്കങ്ങളിലൂടെ ജോയ്‌സ് ജോർജിനെ സ്ഥാനാർത്ഥിയാക്കി വിജയം കണ്ടതോടെ തുടർസമരങ്ങൾ ദുർബലമായിരുന്നു. പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും സമരങ്ങൾ ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ ആദ്യംതന്നെ ജില്ലാ ഹർത്താൽ നടത്തുകയും അതിനുശേഷം ഹർത്താലിന് ആസ്പദമായ സാഹചര്യങ്ങൾ വിശദീകരിച്ച് ജാഥ നടത്തുകയും ചെയ്തിരുന്നു. സമരമുറകളുടെ ഒടുവിലത്തെ ആയുധങ്ങളിലൊന്നായ ഹർത്താലിനെ അവസരത്തിലും അനവസരത്തിലും ഉപയോഗിച്ചുവെന്നും ഇടതുപക്ഷത്തോട് ചേർന്നു മാത്രമുള്ള സമരങ്ങളും പ്രവർത്തനങ്ങളുമാണ് സമിതി കൈക്കൊള്ളുന്നതെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമുള്ള സമരങ്ങൾ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും വ്യാപക ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇപ്പോഴേ ഒരുക്കം തുടങ്ങാൻ സമിതിയെ നിർബന്ധിതമാക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജനകീയ മുഖത്തിന് മങ്ങലേറ്റുവെന്നതും പ്രധാന ശക്തികേന്ദ്രങ്ങളിൽപ്പോലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായില്ലെന്നതും തിരിച്ചടിയായതോടെ, നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ പുതിയ സമരപരിപാടികൾ സഹായിക്കുമെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്. രൂപതയിലെ ഒരു വിഭാഗം വൈദികർ സമിതിയുടെ പ്രവർത്തനങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവന്നതോടെ ഇവരുടെ നാവടക്കാൻ സ്വന്തം നിലയിലുള്ള സമരങ്ങൾ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 24ന് ചെറുതോണിയിൽ സമരം ഒരുക്കുന്നത്.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 130-ഓളം പ്രതിനിധികളാണ് തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രാദേശിക വികസന സമിതികളുടെ പേരിലാണ് ഇടതുപക്ഷ മുന്നണിക്കൊപ്പം മത്സരത്തിനിറങ്ങിയത്. രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങളടക്കം 42 ജനപ്രതിനിധികളെ വിജയിപ്പിക്കാൻ കഴിഞ്ഞത് സമിതിയുടെ രാഷ്ട്രീയ അരങ്ങേറ്റം ഉജ്ജ്വലമാക്കി. എന്നാൽ സമിതിയിലെ ചില പ്രമുഖരുടെ പരാജയവും ശക്തികേന്ദ്രങ്ങളെന്നു കരുതിയ പഞ്ചായത്തുകൾ കൈവിട്ടുപോയതും തിരിച്ചടിയായി. ഇടുക്കി നിയമസഭാ മണ്ഡലത്തിലാണ് സമിതിക്ക് ഏറ്റവും ശക്തമായ സ്വാധീനമുള്ളത്. കട്ടപ്പന നഗരസഭയും കഞ്ഞിക്കുഴി, വാഴത്തോപ്പ്, കൊന്നത്തടി, വാത്തിക്കുടി, മരിയാപുരം, ഇരട്ടയാർ, പാമ്പാടുംപാറ, നെടുങ്കണ്ടം, കരുണാപുരം, വണ്ടന്മേട്, ചക്കുപള്ളം, ഉപ്പുതറ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ തുടങ്ങിയ പഞ്ചായത്തുകളുമാണ് ഇവയിൽ പ്രധാനം.

സമിതി രക്ഷാധികാരികൂടിയായ സി. കെ മോഹനനെ മുമ്പിൽനിർത്തി കട്ടപ്പന നഗരസഭയിൽ നടത്തിയ പ്രകടനം പക്ഷെ, വേണ്ടത്ര വിജയം കണ്ടില്ല. സമിതി-എൽഡി.എഫ് സഖ്യത്തേക്കാൾ മൂന്നു സീറ്റുകൾ കൂടുതൽ നേടി യു. ഡി. എഫ് അധികാരം നിലനിർത്തി. പത്തോളം വാർഡുകളിൽ യു. ഡി. എഫ് വിമതർ ശക്തമായി രംഗത്തുണ്ടായിട്ടും 11 സീറ്റിൽ മത്സരിച്ച സമിതി നാല് സീറ്റിലാണ് വിജയിച്ചത്. യു. ഡി. എഫ് കോട്ടയായ കട്ടപ്പന ടൗൺ വാർഡിൽ സി. കെ മോഹനൻ തന്റെ വ്യക്തിപ്രഭാവം കൊണ്ടു വിജയം നേടിയതാണ് എടുത്തുപറയാവുന്ന നേട്ടം.

ജില്ലാ ആസ്ഥാനമായ വാഴത്തോപ്പിൽ അമ്പേ പിന്നിലായതും ശക്തികേന്ദ്രങ്ങളെന്നവകാശപ്പെട്ട മിക്ക പഞ്ചായത്തുകളിലും യു. ഡി. എഫ് അധികാരത്തിലെത്തിയതും സമിതി രക്ഷാധികാരി കെ. എൻ മോഹൻദാസ് ജില്ലാ പഞ്ചായത്തിലേയ്ക്ക് പരാജയപ്പെട്ടതും ക്ഷീണമായി. ഇതിനിടെയാണ് രൂപതയിലെ മുതിർന്ന വൈദികനായ ഫാ. ഫിലിപ് പെരുനാട്ട് സമിതിയെയും ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെയും നിശിതമായി വിമർശിച്ച് സഹവൈദികർക്കായി തയാറാക്കി നൽകിയ നോട്ടീസ് പുറത്തായത്. ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെ സഭ പടിയടച്ചു പിണ്ഡം വയെക്കുമെന്നും വൈദികർ തന്നെ അദ്ദേഹത്തിന്റെ ശവഘോഷയാത്ര നടത്തുമെന്നും വരെ രൂക്ഷമായ ഭാഷയിലാണ് ഫാ. പെരുനാട്ട് പറഞ്ഞുവച്ചത്. ഇതിനെതിരെ രൂപതയിലെ സമിതി അനുകൂലിയായ ഫാ. ജോണി ചിറ്റേമാരി ഫേസ്‌ബുക്കിലൂടെ രംഗത്തെത്തി. പെരുനാട്ടച്ചനെ ഏകാധിപതിയെന്നു വിശേഷിപ്പിച്ച ഫാ. ജോണി ചിറ്റേമാരി, പെരുനാട്ടച്ചൻ പുരോഹിത സമൂഹത്തിനു കളങ്കമാണെന്നുംഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. ഇത് വ്യാപക വിഭാഗീയതയ്ക്ക് ഇടയാക്കിയിട്ടും ബിഷപ്പോ, മറ്റ് അധികാരികളോ ഇടപെടാതെ മാറിനിൽക്കുകയുമാണ്.

ഈ സാഹചര്യത്തിലാണ് ജനകീയമുഖം ഉറപ്പിക്കാൻ സമരപരമ്പരയുമായി നിലയുറപ്പിക്കാൻ സമിതി തയാറാകുന്നത്. കഴിഞ്ഞ മൂന്നു തവണയായി ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിനെ പരാജയപ്പെടുത്തകെയന്ന ഹിഡൻ അജണ്ടയുമായാണ് ഇനി സമിതി നിയമസഭാ തെരഞ്ഞെടുപ്പു വരെ നിലയുറപ്പിക്കുകയെന്നും വ്യക്തമാകുന്നു. റോഷിയെ പരാജയപ്പെടുത്താൻ സി. പി. എമ്മിന്റെ നേതാക്കൾ മതിയാകില്ലെന്ന തോന്നൽ ഇടതുപക്ഷത്തും വേരുറപ്പിച്ചിട്ടുണ്ട്. സമിതി സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്തിലേയ്ക്ക് വാത്തിക്കുടി ഡിവിഷനിൽനിന്നും വിജയിച്ച നോബിൾ ജോസഫിനെ റോഷിക്കെതിരെ മത്സരിപ്പിക്കാനാണ് സമിതിയുടെ നീക്കം.

രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധവും മുമ്പ് രണ്ട് തവണ ജില്ലാ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് നടപ്പാക്കിയ വികസനവും ജനകീയ പരിവേഷവുമാണ് നോബിളിന് ഇക്കുറി ജയം നൽകിയ ഘടകങ്ങൾ. റോഷിയെ നേരിടാൻ ഏറ്റവും അനുയോജ്യൻ നോബിളാണെന്നു സി. പി. എമ്മും അംഗീകരിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഭൂപ്രശ്‌നങ്ങൾ സജീവമായി നിർത്തിയാൽ നോബിളിലൂടെ ഇടുക്കി പിടിച്ചടക്കാമെന്നാണ് സമിതിയുടെ ഉറച്ച വിശ്വാസം. അതിനായി തുടക്കമിടുന്ന ഉപവാസ സമരത്തിൽ സമിതിയുടെ 42 ജനപ്രതിനിധികളും അനുയായികളുമാണ് പങ്കെടുക്കുന്നത്.

ഫാ. ജോണി ചിറ്റേമാരിയുടെ (ഫാ. ചിറ്റെമാരിയിൽ മർക്കോസ്) ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ:

പെരുനാട്ടച്ചന്റെ പേരിലുള്ള കത്തിന്റെ പിനിലെ രാഷ്ട്രീയ കരിങ്കാലികളെ തിരിച്ചറിയുക .ഈ എഴുത്ത് വായിച്ചപ്പോൾ ചിലത് എഴുതണം എന്ന് തോന്നി.

1. രൂപത മുഴുവൻ സമിതിക്ക് എതിരാണെന്ന് പറയാൻ ഒരു ആശുപത്രിയുടെ ഏകാധിപതിയായി കഴിയുന്ന പെരുനട്ടച്ചനു എന്തവകാശം ?
2. സമിതി ഇല്ലായിരുന്നെങ്കിൽ കസ്തൂരി രങ്കൻ റിപ്പോര്ട്ടിനെപറ്റി ലോകം അറിയുമായിരുന്നില്ല.റിപ്പോർട്ടിൽ ഒരു പ്രശ്‌നവും ഇല്ല എന്ന് പറഞ്ഞിരുന്ന സകല രാഷ്ട്രീയക്കാരും റിപ്പോർട്ടിൽ ആകെ പ്രശ്‌നങ്ങൾ ആണെന്ന് പറഞ്ഞു സമിതി പറഞ്ഞ കാര്യങ്ങൾക്കൊപ്പം നിന്നതും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും രായ്ക്കുരാമാനം ഡൽഹിക്ക് പോയി പ്രശ്‌നങ്ങൾ തീർത്തു എന്ന് പറഞ്ഞു വന്നതും നമ്മൾ കണ്ടതല്ലേ?
3. ജോയ്‌സ് രക്ഷകൻ ആണെന്ന് ആരും പറഞ്ഞിട്ടില്ല.മുഖ്യമന്ത്രിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അയച്ച കത്തുകളും അതിനു കോട്ടയത്തെ നാലു വില്ലേജുകൾ മാത്രം ഒഴിവാക്കണം എന്ന് പറഞ്ഞു കേരളം കൊടുത്ത മറുപടിയും ലോകം അറിയുന്നത് ജോയ്‌സ് ,ജവദെക്കരുമയി നടത്തിയ കൂടിക്കാഴ്ചയിൽ ആണ്.
4. വരാനിരിക്കുന്ന ദുരന്തം മുൻകൂട്ടി അറിയിച്ച പ്രവാചകരെ കല്ലെറിഞ്ഞ ഇസ്രയെൽക്കാരെ പ്പോലെ കൊച്ചുപുര അച്ഛനെയും ജോയിസിനെയും പെരുനട്ടച്ചനെക്കൊണ്ട് കല്ലെരിയിക്കുന്നത് ആരാ....?നമ്മുടെ പ്രശ്‌നങ്ങൾ വിളിച്ചു പറഞ്ഞതും നാടിനു വേണ്ടി നിന്നതും ആണോ അവർ ചെയ്ത തെറ്റ്?
5. ഇടുക്കിയിലെ പ്രശ്‌നങ്ങൾ ഇടുക്കിയിൽ ഭൂമിയുടെ വില ഇടിക്കും.റബ്ബർ വിലയും, ഏലം വിലയും കുറഞ്ഞതും കൃഷി ലാഭകരം അല്ലാതായതുമല്ലേ വിലയിടിവിന്റെ കാരണങ്ങൾ.അച്യുതാനന്തൻ മൂന്നാറിൽ കെട്ടിടങ്ങൾ തകര്ക്കാൻ തുടങ്ങിയപ്പോൾ തുടങ്ങിയതല്ലേ ഇടുക്കിയിലെ ഭൂമി വിലയിടിവ്?
6. ഇടുക്കിയിലെ ജനങ്ങളെ കുടിയിറക്കും എന്ന് ആരും പറഞ്ഞിട്ടില്ല.അച്ഛൻ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.ഇവിടെ ഉണ്ടാകാവുന്ന നിയന്ത്രണങ്ങളെയും നിരോധനങ്ങളേയും കുറിച്ചാണ് സമിതി സംസാരിക്കുന്നത് .
7. പി.റ്റി.തോമസ്,കെ.എം.മാണി (ജയിലിൽ പോകുന്നതിനു മുൻപ് വേണം)ഉമ്മൻ ചാണ്ടി എന്നിവർ ഊനമറ്റ കുഞ്ഞാടുകൾ ആണെങ്കിൽ പെരുനട്ടച്ചന്റെ നേതൃത്വത്തിൽ അവരെ രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചു പെരുന്നാളുകൾ നടത്തണം.ഈ കണ്ണിലുണ്ണികൾ ഭരിക്കുന്ന കേരളത്തിലെ പാവപ്പെട്ടവർ താമസിക്കുന്ന മലയോര മേഖലയിൽ നിന്നും ഇ .എസ് .എ എന്ന ദുർഭൂതത്തെ ഇറക്കിവിടുവാൻ എന്തുകൊണ്ട് ഈ കണ്ണിലുണ്ണികൾക്ക് കഴിയുന്നില്ല?
8. എന്തായാലും എത്ര തിരഞ്ഞെടുപ്പ് തോറ്റാലും ഒരു എൽ.ഡി.എഫ്.കാരനും ഒരു അരമനയിലേക്കും ബോംബ് എറിഞ്ഞിട്ടില്ല .അച്ഛന്റെ കണ്ണിലുണ്ണികൾ ആണ് അത് ചെയ്തത്.എന്നിട്ടും അവർക്ക് ചൂട്ട് പിടിക്കാൻ അവർ അച്ഛന് എന്ത് തന്നു?
9. ഇത്ര സീനിയർ ആയ പെരുനട്ടച്ചാ,ആർക്കു വേണ്ടിയിട്ടാണ് അച്ഛൻ ഈ ലെറ്റർ എഴുതിയത് എങ്കിലും അത് ഇടുക്കിയിലെ മുഴുവൻ പുരോഹിതരെയും വേദനിപ്പിക്കുന്നു......അച്ഛൻ ഇടുക്കി പുരോഹിതകൂട്ടായ്മക്ക് ഒരു കളങ്കം ആണ് എന്ന് പറയുന്നതിൽ വലിയ സങ്കടം ഉണ്ട്.

കൊച്ചുപുര അച്ഛാ,വിഷമിക്കരുത്, പിന്മാറരുത്, മനുഷ്യരുടെ വേദന അറിയാത്ത,കോടികൾ ആസ്തിയുള്ള രൂപതാ സ്ഥാപനങ്ങളിൽ കടിച്ചുതൂങ്ങി വർഷങ്ങളായി ആർഭാട ജീവിതം നയിക്കുന്ന ഇവരോട് ക്ഷമിക്കുക.

ഫാ.ചിറ്റെമാരിയിൽ മർക്കോസ്