കൊച്ചി: ഒന്നരവയസ്സുള്ള കുട്ടി മരിച്ചതായുള്ള വിവരം ആശുപത്രിയിൽ നിന്ന് ലഭിച്ചപ്പോൾ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. ഇതിന് കാരണം കുടുംബത്തിന്റെ ക്രിമിനൽ സ്വഭാവമായിരുന്നു. അതുകൊണ്ട് തന്നെ അസ്വഭാവിക മരണമായി കണക്കാക്കിയാണ് അന്വേഷണം നടത്തിയത്. ഇിതനിടെയാണ് നിർണ്ണായക വിവരം പൊലീസിന് കിട്ടിയത്. ഇതോടെ കൊലപാതകം പൊലീസ് ഉറപ്പിച്ചു.

അകന്നുമാറാൻ ശ്രമിച്ചിട്ടും അനുവദിക്കാതിരിക്കുകയും തന്നെ കള്ളക്കേസുകളിൽ കുടുക്കിയും കുടുംബഛിദ്രമുണ്ടാക്കിയും ദ്രോഹിക്കുകയും ചെയ്തതിലുള്ള വൈരാഗ്യം മൂലമാണു മുത്തശ്ശി സിപ്‌സിയുടെ കൊച്ചുമകളെ കൊലപ്പെടുത്തിയതെന്നു പ്രതി ജോൺ ബിനോയ് ഡിക്രൂസ് (28) പൊലീസിനോടു വെളിപ്പെടുത്തി. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ തലകീഴായി മുക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പ്രതിയുടെ മൊഴി.

നോറ തന്റെയും ജോണിന്റെയും മകളാണെന്നാണു സിപ്‌സി ജോണിനോടു പറഞ്ഞിരുന്നത്. ഇക്കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തുകയും ജോണിന്റെ വീട്ടുകാരുടെ മുന്നിൽ നാണം കെടുത്തുകയും ചെയ്തതായാണു വിവരം. ഇതേത്തുടർന്നു ജോണിനെ വീട്ടിൽനിന്നു പുറത്താക്കിയിരുന്നു. കൊലയ്ക്ക് ശേഷം ജോണിന് കുറ്റബോധമുണ്ടായി. തന്നെ ദത്തെടുത്ത് വളർത്തിയ അമ്മയോട് കൊലപാതക വിവരം പറഞ്ഞു. അവർ പൊലീസിനേയും അറിയിച്ചു. ഇതോടെയാണ് കൊല പുറത്തെത്തുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് ജോൺ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യങ്ങൾ അമ്മയോട് പറഞ്ഞത്. പിന്നീട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് അമ്മ തന്നെയാണ് ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചത്. അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെ പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരും പൊലീസിനെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയതായും നാഗരാജു പറഞ്ഞു.

പൊലീസ് സംഘം ഹോട്ടലിലെത്തി അന്വേഷണം നടത്തുമ്പോൾ മുറിയിൽ കുട്ടിയുടെ മുത്തശ്ശിയായ സിപ്സിയും ജോണുമാണ് ഉണ്ടായിരുന്നത്. കുട്ടി പാൽ കുടിക്കുമ്പോൾ നെറുകിൽ കയറി അബോധവസ്ഥയിലായി മരിച്ചുവെന്നാണ് ജോൺ പൊലീസിനോട് പറഞ്ഞത്. സിപ്സിയോടും ആശുപത്രിൽ അധികൃതരോടും ഇയാൾ പറഞ്ഞത് ഇതേ കാര്യമായിരുന്നു. കൊലപാതകത്തിന് പിന്നിൽ ജോൺ മാത്രമാണെന്നാണ് നിലവിലെ നിഗമനം. സിപ്സിക്കും കൃത്യത്തിൽ പങ്കുണ്ടോയെന്നത് അടക്കമുള്ള കൂടുതൽ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു. സിപ്‌സിയെ കുറ്റവിമുക്തയാക്കിയിട്ടില്ല.

കൊലപാതകം ആസൂത്രിതമെന്ന് പറയാനാകില്ല. സിപ്സി കുഞ്ഞിനെ ജോണിനെ ഏൽപ്പിച്ച് അർധരാത്രി ഹോട്ടലിൽനിന്ന് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. സ്ഥിരമായി ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ട്. ഇയാൾ മർദ്ദിക്കുന്നതായി കാണിച്ച് സിപ്സി പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും പരാതി നൽകാറുണ്ട്. ഈ മുൻവൈരാഗ്യം കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് വിശദീകരിക്കുന്നു. കുട്ടി അനക്കമില്ലാതെ കിടക്കുകയാണെന്ന് പ്രതി തന്നെയാണ് സിപ്സിയെ വിളിച്ചുപറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ രണ്ടരയോടെ സിപ്സി ഹോട്ടലിലെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സിപ്സിയും കാമുകനും കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. ഇവർക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്നാണ് ജീവനക്കാർ പറയുന്നത്. കുഞ്ഞിന്റെ അമ്മ അപ്പോൾ വിദേശത്തായിരുന്നു. സിപ്സിയുടെ മകൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും സിപ്സിയാണ് കുട്ടികളെ പരിചരിച്ചിരുന്നത്.

കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനാണ് ഭാര്യ ഡിക്‌സിയുടെ വീടിന് അടുത്തുവച്ചു മർദ്ദനമേറ്റിരുന്നു. കൊല്ലപ്പെട്ട നോറയുടെ സംസ്‌കാരം വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി പള്ളിയിൽ നടന്നിരുന്നു. രാത്രി ഏഴരയോടെയാണ് ഡിക്‌സിയുടെ വീട്ടിലേക്കു സജീവ് എത്തിയത്. അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇയാളെ നാട്ടുകാർ തടയുകയും അസഭ്യവർഷം നടത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്നാണു വിവരം. സ്ഥലത്തുണ്ടായിരുന്ന ചിലർ ചേർന്ന് ഇയാളെ കാറിൽ കയറ്റിയിരുത്തിയെങ്കിലും സംഘർഷാവസ്ഥ അയഞ്ഞില്ല. നാട്ടുകാരും സജീവും തമ്മിൽ പലവട്ടം വാക്കേറ്റമുണ്ടായി. ഇതിനിടെയാണു സജീവ് എത്തിയ കാർ നാട്ടുകാർ അടിച്ചു പൊളിച്ചത്.

മകളുടെ മരണവാർത്തയറിഞ്ഞ് അമ്മ ഡിക്‌സി വിദേശത്തുനിന്നും എത്തിയിരുന്നു. സജീവിന്റെ അമ്മ സിപ്‌സിക്കും പ്രതിയായ ബിനോയിക്കും ഒപ്പം ഹോട്ടലിലുണ്ടായിരുന്ന അഞ്ചു വയസ്സുകാരൻ മകനെ ഡിക്‌സിക്കും കുടുംബത്തിനും ഒപ്പം വിട്ടയച്ചതായി ശിശുക്ഷേമസമിതി അറിയിച്ചു.