കൽപറ്റ: വയനാട്ടിൽ നോൺഹലാൽ ഇറച്ചിയുടെ വിൽപന തടഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് തെളിയുന്നു. സംഭവം നടന്നു എന്ന് പറയപ്പെടുന്ന പ്രദേശത്തെ നാട്ടുകാരും മീനങ്ങാടി പൊലീസും അങ്ങനെയൊരു സംഭവം വയനാട്ടിൽ നടന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. നേരം വൈകിയെത്തിച്ച ഇറച്ചി ആവശ്യക്കാർ നിരസിച്ചതിനെ തുടർന്ന് ഇറച്ചി വിൽപനക്കാർ ചില ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് തയ്യാറാക്കിയ തിരക്കഥയാണ് നോൺഹലാൽ ഇറച്ചി വിൽപന തടഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ.

വയനാട്ടിലെ മീനങ്ങാടിക്കടുത്തുള്ള അമ്പലപ്പടി എന്ന സ്ഥലത്ത് വെച്ച് നോൺഹലാൽ ഇറച്ചി വിൽപനക്കാരുടെ വാഹനം തടഞ്ഞു നിർത്തി ഇറച്ചി പാക്കറ്റുകൾ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇറച്ചിയുമായി സഞ്ചരിച്ച ഷാജി കെ. എന്ന ആളുടെ വായിൽ പച്ചയിറച്ചി തള്ളിക്കയറ്റി. ഭീഷണിയെ തുടർന്ന് ഇവർക്ക് കച്ചവടം നിർത്തി പോകേണ്ടി വന്നു.' എന്നെല്ലാമായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രചരിച്ചിരുന്ന വാർത്തകൾ. എന്നാൽ ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

വയനാട് അടക്കമുള്ള ആറ് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിസാന്മിത്ര എന്ന പേരിലുള്ള ഫാർമേഴ്‌സ് പ്രൊഡ്യൂസിങ് കമ്പനി കമ്പനി അംഗങ്ങൾ മുഖാന്തിരം ഈസ്റ്ററിന് ഇറച്ചിയെത്തിക്കാമെന്ന് പറഞ്ഞ് വിവിധ ആളുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ എടുത്തിരുന്നു. ഈസ്റ്റിന് തലേ ദിവസം ഉച്ചയോടെ ഇറച്ചിയെത്തിക്കാമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാൽ ഈസ്റ്ററിന് തലേ ദിവസം വൈകുന്നേരമായിട്ടും ഇറച്ചി എത്താത്തതിനെ തുടർന്ന് ഓർഡർ ചെയ്തവരിൽ മഹാഭൂരിഭാഗവും മറ്റു സ്ഥലങ്ങളിൽ നിന്ന് ഇറച്ചി വാങ്ങി.

രാത്രി ഏറെ വൈകിയെത്തിയ കിസാൻ മിത്രയുടെ വാഹനത്തിൽ നിന്ന് നേരത്തെ ഓർഡർ നൽകിയവർ ഇറച്ചി വാങ്ങുകയും ചെയ്തില്ല. ചിലർ കിസാൻ മിത്രയുടെ ഇറച്ചി വിതരണക്കാരനായ ഷാജി എന്ന വ്യക്തിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. കിസാൻ മിത്രയിലെ അംഗങ്ങൾ തന്നെയാണ് ഷാജിയുമായി തർക്കത്തിൽ ഏർപ്പെട്ടത്. തർക്കത്തിന് ശേഷം കിസാൻ മിത്രയിലെ അംഗങ്ങൾ തിരിച്ച് പോവുകയും ചെയ്തു.

എന്നാൽ സംഭവത്തിന് ശേഷം ഷാജി മെനഞ്ഞെടുത്ത കഥയാണ് വയനാട്ടിൽ നോൺഹലാൽ ഇറച്ചി വിൽപന തടഞ്ഞു എന്നും തന്നെ ചിലർ ചേർന്ന് മർദ്ദിക്കുകയും വായിൽ പച്ച ഇറച്ചി തള്ളിക്കയറ്റിയെന്നതും. താൻ അക്രമിക്കപ്പെട്ടു എന്ന ഷാജിയുടെ പരാതിയെ തുടർന്ന് മീനങ്ങാടി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഈസ്റ്ററിന് തലേ ദിവസം ഷാജി പറഞ്ഞത് പോലുള്ളൊരു കവലയിൽ വെച്ച് അങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കിൽ ഒരാളെങ്കിലും അതിന് ദൃക്സാക്ഷികളുണ്ടാകേണ്ടതാണ്. എന്നാൽ അങ്ങനൊയരു സംഭവം നടന്നതായി ആരും കണ്ടിട്ടില്ല. മാത്രവുമല്ല യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ ഇറച്ചി നിരസിച്ച കിസാൻ മിത്ര അംഗങ്ങൾ തന്നെ തുറന്ന് പറയുകയും ചെയ്തു. തന്നെ ആക്രമിച്ചത് ആരാണെന്ന് അറിയില്ല എന്നാണ് ഷാജി പരാതിയിൽ പറയുന്നത്.

വയനാട് ഉൾപ്പെടെയുള്ള ആറ് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാർമേഴ്‌സ് പ്രൊഡ്യൂസിങ് കമ്പനിയാണ് കിസാൻ മിത്ര. പ്രധാനമായും ക്രിസ്ത്യൻ മത വിശ്വാസികളാണ് ഈ കമ്പനിയിലെ അഗംങ്ങൾ. മനോജ് ചെറിയാൻ എന്ന വ്യക്തിയാണ് കമ്പനിയുടെ സിഇഒ. ഇറച്ചി വിതരണക്കാരനായ ഷാജി ആക്രമിക്കപ്പെട്ടു എന്ന് പറയുന്നതിന്റെ തലേ ദിവസം കിസാൻ മിത്രയുടെ സിഇഒ ആയ മനോജ് ചെറിയാനെ വയനാട്ടിലെ പനമരത്ത് വെച്ച് മറ്റൊരു സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും മുഖത്ത് മയക്കുമരുന്ന് വിതറിയെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതും വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പനമരംപോലെ വളരെയേറെ തിരക്കേറിയൊരു അങ്ങാടിയിൽ പകൽ സമയത്ത് കാറിൽ ഇരിക്കുന്ന വ്യക്തിക്ക് നേരെ ഇത്തരത്തിലൊരു ആക്രമണം ഉണ്ടായത് ആരും കണ്ടില്ലെന്ന എന്നത് വിശ്വസിക്കാനാവുന്നതല്ല എന്നാണ് പൊലീസ് പറയുന്നത്.