ന്യൂയോർക്ക്: ഉത്തരകൊറിയ തങ്ങളുടെ പ്രകോപനപരമായ നീക്കങ്ങൾ തുടരുന്നതിനാൽ കൊറിയൻ ദ്വീപിന് ചുറ്റും യുദ്ധസാധ്യത മുമ്പില്ലാത്ത വിധത്തിൽ ശക്തിപ്പെട്ട് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയടക്കമുള്ള വിവിധ രാജ്യങ്ങൾ കടുത്ത താക്കീതേകിയിട്ടും ഉത്തരകൊറിയ ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തേക്ക് നീക്കാനാരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത്തരത്തിൽ പ്യോൻഗ്യാൻഗ് തീരെ പിന്മാറാൻ സാധ്യതയില്ലാത്ത വിധം

ഈ ഒരു നിർണായക സാഹചര്യത്തിൽ എന്തെങ്കിലും ഉടൻ ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ദക്ഷിണകൊറിയയും ജപ്പാനും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ ചൈനയും റഷ്യയും വഴങ്ങാത്തതിനാൽ നടപടി എടുക്കാനാവാതെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ധർമസങ്കടത്തിലായിരിക്കുകയാണ്. എന്തായാലും ലോകം നേരിടുന്നത് അസാധാരണമായ യുദ്ധ സന്നാഹമാണെന്നാണ് ഏറ്റവും പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെയുള്ള പ്രകോപനപരമായ നീക്കത്തിന്റെ പിന്തുടർച്ചയെന്നോണം ഉത്തരകൊറിയ ഐസിബിഎം പടിഞ്ഞാറൻ തീരത്തേക്ക് നീക്കാൻ തുടങ്ങിയിരിക്കുന്നത്.

ഉത്തരകൊറിയ ഐസിബിഎം പോലുള്ള മിസൈൽ പടിഞ്ഞാറൻ തീരത്തേക്ക് കൊണ്ടു വന്നിരിക്കുന്നുവെന്ന് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത് ദക്ഷിണ കൊറിയയിലെ ഏഷ്യ ബിസിനസ്ഡെയിലിയാണ്. തിങ്കളാഴ്ചയായിരുന്നു പ്യോൻഗ്യാൻഗ് ഈ റോക്കറ്റ് തീരത്തേക്ക് കൊണ്ടു വരാൻ തുടങ്ങിയയിരുന്നതെന്നും ഈ ചുവട് വയ്പ് ചോരാതിരിക്കാൻ മിസൈൽ നീക്കം രാത്രിയിൽ മാത്രമാണ് നടത്തുന്നതെന്നും സൂചനയുണ്ട്. ഐസിബിഎം ഏത് സമയവും പ്രയോഗിക്കാൻ പ്യോൻഗ്യാൻഗ് തയ്യാറായിരിക്കുന്നുവെന്നാണ് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയും മുന്നറിയിപ്പേകുന്നത്. ഉത്തരകൊറിയ യുദ്ധം ഇരന്ന് വാങ്ങുകയാണെന്ന് യുഎന്നും യുഎസും മുന്നറിയിപ്പേകി അധികം വൈകുന്നതിന് മുമ്പാണ് പ്യോൻഗ്യാൻഗിന്റെ പുതിയ നീക്കമുണ്ടായിരിക്കുന്നത്.

ഉത്തരകൊറിയക്കെതിരെ കടുത്ത നടപടി വേണമെന്ന് യുഎസിന്റെ പിന്നിൽ അണിനിരന്ന് ജപ്പാനും ദക്ഷിണകൊറിയയും മറ്റ് ചില രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ടെങ്കിലും തിരക്ക് പിടിച്ച നടപടികൾ എടുക്കരുതെന്നാണ് ചൈനയും റഷ്യയും മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ തിങ്കളാഴ്ച വിളിച്ചിരുന്നു. നയതന്ത്രം മാത്രമാണ് പ്രശ്നം പരിഹരിക്കാനുള്ള ഏകവഴിയെന്നാണ് പുട്ടിൻ നിർദേശിച്ചിരിക്കുന്നത്. എന്നാൽ അതേ സമയം ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളെ പുട്ടിൻ അപലപിക്കുകയും ചെയ്തിരുന്നു.

ഉത്തരകൊറിയയുടെ സംരക്ഷകരായി വർത്തിക്കുന്ന ചൈനയും ഈ വിഷയത്തിൽ റഷ്യയുടെ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രശ്നത്തിൽ ഇരു കൊറിയകളും ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരമാണ് തേടേണ്ടതെന്നാണ് ചൈന നിർദേശിച്ചിരിക്കുന്നത്. കൊറിയൻ പ്രദേശത്ത് യുദ്ധമുണ്ടാകുന്നതിന് ചൈന അനുവദിക്കില്ലെന്നാണ് ചൈനയുടെ യുഎൻ അംബാസിഡറായ ലിയും ജിയി പ്രതികരിച്ചിരിക്കുന്നത്.