ന്യൂയോർക്ക്: ലോകത്തെ ആശങ്കയിലാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വടക്കൻ കൊറിയൻ ഏകാധിപതി കിംജോംഗ് ഉന്നും തമ്മിലുള്ള വാക് യുദ്ധം മുറുകുമ്പോൾ വീണ്ടുമൊരു ആണവ യുദ്ധത്തം ഭയന്ന് ലോകം. അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന കിമ്മിന്റെ ഭീഷണിക്ക് അമേരിക്കയുടെ ആണവ ആയുധങ്ങളെ കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഡൊണാൾഡ് ട്രംപ് മറുപടി നൽകിയത്. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രം അമേരിക്കയാണെന്ന് ഓർമ്മപ്പിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ മറുപടി.

അമേരിക്കയുടെ ഗുവാമിലെ സൈനിക ആക്രമിക്കാൻ മടിക്കില്ലെന്ന വടക്കൻ കൊറിയയുടെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പിന് പിന്നാലെ അമേരിക്കൻ സൈന്യവും യുദ്ധസജ്ജമായിട്ടുണ്ട്. അമേരിക്കൻ വ്യോമ താവളത്തിൽ നിന്നും ഏതു നിമിഷവും പറക്കാൻ തയ്യാറെടുത്തിരിക്കയാണ് അമേരിക്കൻ വിമാനങ്ങൾ. വേണ്ടി വന്നാൽ ഇന്ന് രാത്രി കൊറിയയിൽ ആക്രമണം നടത്താൻ സജ്ജമാണെന്ന വധത്തിലാണ് യുഎസ് സൈന്യത്തിൽ നിന്നും പ്രതികരം പുറത്തുവന്നത്.

വെല്ലുവിളിക്ക് ഒരു കുറവുമില്ലാത്ത വിധത്തിലാണ് നേതാക്കൾ രംഗത്തുള്ളത്. അതേസമയം കൊറിയയിൽ നിന്നും അമേരിക്കയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്നും അമേരിക്കക്കാർക്ക് സുഖമായി ഉറങ്ങാമെന്നും യുഎസ് സ്‌റ്റേ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ പറഞ്ഞു. യുഎസിന്റെ പസിഫിക്ക് ടെറിട്ടെറിയായ ഗുവാമിൽ മിസൈൽ ആക്രമണം നടത്തുന്ന കാര്യം തങ്ങൾ ഗൗരവമായി ആലോചിച്ച് വരുന്നുവെന്നാണ് ഉത്തരകൊറിയ മുന്നറിയിപ്പായി നൽകിയത്.

അതിനിടെ നോർത്തുകൊറിയൻ തലസ്ഥാനത്ത് കിമ്മിനെ പിന്തുണച്ചു കൊണ്ട് പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനവും നടന്നു. അമേരിക്കൻ ഭീഷണിയെ വകവെക്കില്ലെന്ന മുദ്രാവാക്യം വിളികളുമായാണ് കിം അനുയായികൾ കൊറിയൻ തലസ്ഥാന ഗരതത്തിൽ പ്രകടനവുമായി എത്തിയത്. ഇവിടെ ആക്രമണം നടത്തുന്നതിനുള്ള പരിശീലനം ഉടൻ ആരംഭിക്കുമെന്നാണ് രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഏജൻസിയായ കെസിഎൻഎയിലൂടെ കൊറിയൻ പീപ്പിൾസ് ആർമിയുടെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ കിം ഒരു തീരുമാനമെടുത്താൽ ഉടൻ നടപടിയാരംഭിക്കുമെന്നും ആർമി വക്താവ് പറയുന്നു. ഗുവാം ഉത്തരകൊറിയയിൽ നിന്നും 2128 മൈലുകൾ അകലെയുള്ള പ്രദേശമാണ്.

ആൻഡേർസൻ എയർ ഫോഴസ്‌ബേസ്, നേവൽ ബേസ് ഗുവാം എന്നിവ ഇവിടെയാണ് നിലകൊള്ളുന്നത്. യുഎസ് തങ്ങൾക്ക് നേരെ പ്രകോപനമുണ്ടാക്കുന്നുവെന്ന സൂചനകൾ ലഭിച്ചാൽ തങ്ങൾ യുഎസിന് നേരെ മുൻകൂട്ടി ആക്രമണങ്ങൾ ആരംഭിക്കുമെന്നാണ് മറ്റൊരു പ്രസ്താവനയിലൂട മറ്റൊരു മിലിട്ടറി വക്താവ് ഭീഷണി മുഴക്കിയിരിക്കുന്നത്. അമേരിക്ക സൈനികാക്രമണം നടത്തിയാൽ അതിനുള്ള മറുപടിയായി വാഷിങ്ടണെ കടുത്ത പാഠം പഠിപ്പിക്കാൻ തങ്ങൾ തയ്യാറായിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്യോൻഗ്യാൻഗ് ഭീഷണിപ്പെടുത്തിയിരുന്നു.

അമേരിക്കയ്ക്ക് നേരെ സൈനിക നടപടി ആരംഭിക്കുമെന്ന ഭീഷണി ഇനി അധികകാലം കേട്ടിരിക്കില്ലെന്നും അത് തുടരുകയാണെങ്കിൽ ഉത്തര കൊറിയയെ ആക്രമിക്കുമെന്ന് തന്നെയാണ് ട്രംപ് കടുത്ത താക്കീതേകിയിരിക്കുന്നത്. അതിനാൽ തങ്ങൾക്ക് നേരെ യാതൊരു തരത്തിലുമുള്ള ഭീഷണിയും മുഴക്കാതിരിക്കുന്നതാണ് ഉത്തരകൊറിയക്ക് നല്ലതെന്നും ട്രംപ് റിപ്പോർട്ടർമാരോട് വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ പ്രേരണയ്ക്ക് വഴങ്ങി യുഎൻ അതിന്റെ അധികാരം ദുർവിനിയോഗം ചെയ്താണ് തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം കിം ആരോപിച്ചിരുന്നു. അടുത്തിടെ നോർത്തുകൊറിയ നടത്തിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം അമേരിക്കയെ കടുത്ത പ്രകോപനത്തിലാക്കിയിരിക്കുകയാണ്. ലോകം മുഴുവൻ എതിർത്തിട്ടും തങ്ങളുടെ മിസൈൽ -ആണവപരീക്ഷണങ്ങളിൽ നിന്നും പിന്മാറില്ലെന്ന കടുത്ത നിലപാടാണ് കിം പുലർത്തി വരുന്നത്.

അതേസമയം ഉത്തരകൊറിയയുടെ കൈവശം മിസൈലുകൾക്കുള്ളിൽ ഒളിപ്പിച്ച് അയക്കാൻ പറ്റിയ 60 അണുബോംബുകളുണ്ടെന്നാണ് അമേരിക്ക ആശങ്കപ്പെടുന്നത്. ഇവ ഇന്റർകോണ്ടിനെന്റൽ മിസൈലുകൽ ഘടിപ്പിച്ച് അമേരിക്കയിലേക്ക് അയക്കുമെന്ന ഭയവും പെന്റഗണെ അലട്ടുന്നുണ്ട്. കിം ഇത്തരത്തിലുള്ള അണുബോംബുകൾ വികസിച്ചിട്ടുണ്ടോയെന്ന് അമേരിക്കൻ ഒഫീഷ്യലുകൾക്ക് ഇനിയും ഉറപ്പായിട്ടില്ല.

എന്നാൽ ജൂലൈ 28ന് ഡിഫെൻസ് ഇന്റലിജൻസ് ഏജൻസി പുറത്തിറക്കിയ റിപ്പോർട്ട് ഇക്കാര്യം ഉയർത്തിക്കാട്ടുന്നുണ്ട്. ഈ അടുത്ത മാസങ്ങളിലായി ഉത്തരകൊറിയ വികസിപ്പിച്ചെടുത്ത മിസൈലുകളിലൊന്നിൽ ഇത്തരം ആണവ ബോംബുകൾ അഥവാ വാർഹെഡുകൾ ഘടിപ്പിച്ച് അമേരിക്കയിലെ ലക്ഷ്യങ്ങൾക്ക് നേരെ തൊടുത്ത് വിടുമെന്ന ആശങ്കയും ഡിഫെൻസ് ഇന്റലിജൻസ് ഏജൻസി ഉയർത്തുന്നുണ്ട്. ലക്ഷ്യത്തിലേക്ക് ഡസൻ കണക്കിന് ആണവ ബോംബുകളെത്തിക്കാൻ ശേഷിയുള്ള മിസൈലുകളാണിവ.

കിം ജോൻഗ് ഉന്നിന്റെ കൈവശം 60 ആണവായുധങ്ങളുണ്ടെന്ന സൂചന ശക്തമായിരിക്കുകയാണ്. എന്നാൽ യുഎസിന്റെ കൈവശം 6800ഉം റഷ്യയുടെ കൈവശം 7000ഉം അണ്വായുധങ്ങളാണുള്ളത്. ഡിഫെൻസ് ഇന്റലിജൻസ് ഏജൻസി പുറത്തിറക്കിയ റിപ്പോർട്ട് ചൊവ്വാഴ്ച വാഷിങ്ടൺ പോസ്റ്റ് പുറത്ത് വിട്ടിരുന്നു. കിം ഏത് വിധത്തിലാണ് പടിഞ്ഞാറിന് നേരെ ഭീഷണിയുമായി മുന്നോട്ട് പോകുന്നതെന്ന് ഇതിൽ വിവരിക്കുന്നുണ്ട്.

ബാലിസ്റ്റിക്ക് മിസൈലിൽ അയക്കാൻ സാധിക്കുന്ന ആണവായുധങ്ങൾ നോർത്തുകൊറിയ വികസിപ്പിച്ചെടുത്തിരിക്കുന്നുവെന്നാണ് ഇന്റലിജൻസ് സമൂഹം അനുമാനിക്കുന്നതെന്നും ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിൽ അയക്കാൻ സാധിക്കുന്ന അണുബോംബുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.