പ്യോങ്യാങ്ങ്: അമേരിക്കയെ പരസ്യമായി വെല്ലവിളിച്ചു കൊണ്ട് ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ വൻ സൈനിക പ്രകടനം. ലോകം അടുത്തിടെ കണ്ട ഏറ്റവും ശക്തമായ സൈനിക ശക്തിയുടെ ഉദ്‌ഘോഷനമായിരുന്നു വടക്കൻ കൊറിയയുടെ ഭാഗത്തു നിന്നും ഉണ്ടായത്. അമേരിക്കയുടെ ഭീഷണിയെ എന്തുവില കൊടുത്തും നേരിടുമെന്ന് വ്യക്തമാക്കിയാണ് കൊറിയയുടെ സൈനിക റാലി നടന്നത്. വേണ്ടി വന്നാൽ ആണവ യുദ്ധത്തിനും മടിക്കില്ലെന്ന കിം ജോങിന്റെ പ്രഖ്യാപനം കൂടിയായി ഇന്നത്തെ ശക്തിപ്രകടനം.

ഉത്തര കൊറിയ ആറാം അണുപരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ സജീവമാകുന്നതിനിടെയാണ് രാഷ്ട്രപിതാവായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷിക ദിനത്തിൽ പ്യോങ്യാങ്ങിൽ വൻ റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് സൈനികർ അണിനിരന്ന പരേഡ്, യുഎസ് ഉൾപ്പെടെ എതിർചേരിയിലുള്ള രാജ്യങ്ങൾക്കുള്ള ഉത്തര കൊറിയയുടെ മുന്നറിയിപ്പായി. ആണവ പോർമുന ശേഷിയുള്ള വമ്പൻ മിസൈൽ അടക്കമുള്ള മിസൈലുകൾ പ്രത്യക്ഷപ്പെടുത്തി.

ഭൂഖണ്ഡാന്തര ദീർഘദൂര മിസൈൽ ഉൾപ്പെടെ ഉത്തര കൊറിയയുടെ സൈനിക കരുത്ത് വിളിച്ചോതുന്നതും സാങ്കേതികമായി ഏറെ മുന്നിൽനിൽക്കുന്നതുമായ ഒട്ടേറെ മിസൈലുകളും ആയുധങ്ങളുമാണ് പരേഡിൽ പ്രദർശിപ്പിച്ചത്. വനിതാ സൈനികൾ അടക്കം സൈനിക പരേഡിൽ പങ്കെടുത്തു. പരേഡിൽ നിറചിരിയുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയായിരുന്നു കിമ്മും. ഉത്തരകൊറിയയുടെ ശക്തിപ്രകടനത്തെ ആശങ്കയോടെയാണ് ലോകരാഷ്ട്രങ്ങൾ വീക്ഷിച്ചത്. അതേസമയം, ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായക ദിനമായ ഇന്ന് അവർ ആറാം അണുപരീക്ഷണം നടത്തുമെന്ന റിപ്പോർട്ടുകൾ സജീവമാണെങ്കിലും ഇതേക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല.

യുഎസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് അണുപരീക്ഷണമെന്ന നിലപാടിൽ ഉത്തര കൊറിയ ഉറച്ചുനിൽക്കുന്നതോടെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരുന്നു. അണു പരീക്ഷണം നടത്തുമെന്ന നിലപാട് ഉത്തര കൊറിയ ആവർത്തിച്ചതോടെ എതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി മുന്നറിയിപ്പു നൽകി. പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുത്തു ബന്ധപ്പെട്ടവർ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര കൊറിയയുമായി സൗഹൃദത്തിലുള്ള ഏക രാജ്യമെന്ന നിലയിൽ അവരെ അണുപരീക്ഷണത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ചൈന.

യുഎസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിച്ചാണ് പ്യോങ്യാങ് അണുപരീക്ഷണത്തിനൊരുങ്ങുന്നത്. എന്നാൽ, സൈനികനീക്കം ആർക്കും ഗുണം ചെയ്യില്ലെന്ന് ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷി കൂടിയായ ചൈന മുന്നറിയിപ്പ് നൽകി. രാഷ്ട്രശിൽപി കിം ഇൽ സുങ്ങിന്റെ നൂറ്റിയഞ്ചാം ജന്മദിനമായ ശനിയാഴ്ച, ഉത്തര കൊറിയ ആറാം ആണവപരീക്ഷം നടത്തുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്ന് ആറു ലക്ഷത്തോളം ആളുകളെ ഭരണകൂടം ഒഴിപ്പിച്ചിരുന്നു.

അതേസമയം, ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയും നേരിടാനുറച്ച് അമേരിക്കൻ യുദ്ധക്കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. യുഎൻ ഉപരോധങ്ങൾക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മർദങ്ങൾക്കും മുന്നിൽ വഴങ്ങാതെ നിൽക്കുന്ന ഉത്തര കൊറിയയ്‌ക്കെതിരെ 'സൈനിക നടപടി' പരിഗണിക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൻ വ്യക്തമാക്കിയിരുന്നു. ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്നും യുഎസ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ, സൈനിക നീക്കം ആർക്കും ഗുണത്തിനാവില്ലെന്ന് നിലപാടിലാണ് ചൈന. ഉത്തര കൊറിയയ്ക്കു മേലുള്ള ഏതു നീക്കവും യുദ്ധത്തിൽ കലാശിക്കുമെന്നും അതിനു കനത്തവില നൽകേണ്ടി വരുമെന്നും ബെയ്ജിങ് അഭിപ്രായപ്പെട്ടു.

സിറിയയിൽ ബാഷർ അൽ അസദിനെതിരെ യുഎസ് നടത്തിയ നീക്കവും, അഫ്ഗാനിസ്ഥാനിലെ കനത്ത ബോംബിങ്ങുമാണ് ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്. ഉത്തര കൊറിയയെ തൊട്ടാൽ യുഎസിനെ തകർത്തുകളയുമെന്ന് വ്യക്തമാക്കി ഏകാധിപതി കിം ജോങ് ഉൻ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലുള്ള 28,000 യുഎസ് സൈനികരെയും ജപ്പാനിലുള്ള യുഎസ് സൈനികതാവളങ്ങളും ദക്ഷിണ കൊറിയൻ തലസ്ഥാനവുമെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന ദീർഘദൂര മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ എന്തുവിലകൊടുത്തും രംഗം തണുപ്പിക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം.

ഇത്തരത്തിൽ കൊറിയൻ പ്രദേശത്ത് ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന സാഹചര്യം സംജാതമായതോടെ വിമാനക്കമ്പനികൾ പ്യോൻഗ് ഗ്യാൻഗിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ നിന്നും യുദ്ധ ഒരുക്കത്തിന്റെ ഭാഗമെന്നോണം ഉത്തര കൊറിയ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ദക്ഷിണ കൊറിയക്കാരാകട്ടെ ഏത് നിമിഷവും ബോംബ് വീഴുമെന്ന ഭയപ്പാടിലുമാണ്. ഇതോടെ കൊറിയൻ ദ്വീപുകൾ അതീവ സംഘർഷത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്.

യുഎസ് മിലിട്ടറി തങ്ങളെ ഭീഷണിപ്പെടുത്തുന്നത് തുടർന്നാൽ തങ്ങൾ യുഎസ് ബേസുകളും സൗത്തുകൊറിയൻ തലസ്ഥാനമായ സിയോളും ആക്രമിക്കുമെന്ന ഭീഷണിയാണ് ഉത്തര കൊറിയ മുഴക്കിയിരിക്കുന്നത്. കൊറിയൻ ഉപദ്വീപിനെ ചുറ്റിപ്പറ്റി യുഎസ് സേന ഡ്രില്ലുകൾ നടത്താനാരംഭിച്ചതാണ് ഉത്തരകൊറിയയെ കോപത്തിലാക്കിയിരിക്കുന്നത്. നിലവിലെ സാഹര്യത്തിൽ ഒരു യുഎസ് എയർക്രാഫ്റ്റ്കാരിയർ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. യുഎസ് തങ്ങളെ ആക്രമിക്കുകയാണെങ്കിൽ അതി ശക്തമായി തിരിച്ചടിക്കുമെന്നും ഉത്തര കൊറിയ ഭീഷണിയുയർത്തിയിട്ടുണ്ട്. പ്രദേശത്ത് ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ചൈനയും മുന്നറിയിപ്പേകിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആക്രമണോത്സുകവും പ്രശ്‌നമുണ്ടാക്കുന്നതുമായ ട്വീറ്റുകൾ ലോകത്തെ കടുത്ത തെർമോ- ന്യൂക്ലിയർ യുദ്ധത്തിലേക്ക് തള്ളിവിട്ട് കൊണ്ടിരിക്കുന്നുവെന്നും ഉത്തര കൊറിയ ആരോപിക്കുന്നു. ട്രംപ് പ്രദേശത്ത് കടുത്ത സമ്മർദങ്ങളുണ്ടാക്കുന്നുവെന്നാണ് പ്യോൻഗ് ഗ്യാൻഗിലെ വൈസ് മിനിസ്റ്ററായ ഹാൻ സോംഗ് റ്യോൽ കുറ്റപ്പെടുത്തുന്നത്. തങ്ങളെ സൈനികപരമായി പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം അമേരിക്കെയ താക്കീത് ചെയ്യുന്നു. അമേരിക്ക ഇത്തരത്തിൽ യുദ്ധത്തിന്റെ വഴിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ തങ്ങൾക്ക് അതിന് യാതൊരു മടിയുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

തങ്ങൾ യുഎസ് ബേസുകളെയും ദക്ഷിണ കൊറിയ അടക്കമുള്ള മറ്റ് ശത്രുരാജ്യങ്ങളുടെ ഹെഡ് ക്വാർട്ടേഴ്‌സുകളെയും ലക്ഷ്യം വച്ച് ആയുധങ്ങൾ സജ്ജമാക്കിയിരിക്കുന്നുവെന്നാണ് ഉത്തര കൊറിയൻ സൈന്യം മുന്നറിയിപ്പേകുന്നു. ദക്ഷിണകൊറിയൻ പ്രസിഡൻഷ്യൽ ബ്ലൂ ഹൗസിനെയും ഇത്തരത്തിൽ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് സൈന്യം താക്കീത് നൽകുന്നു. ദക്ഷിണ കൊറിയയുമായി ചേർന്ന് യുഎസ് കൊറിയൻ ഉപദ്വീപ് പ്രദേശത്ത് സൈനിക അഭ്യാസങ്ങൾ നടത്തുന്നതിനെയും യുഎസ് എയർ ക്രാഫ്റ്റ് കാരിയറിനെ ഇവിടേക്ക് വിന്യസിക്കുന്നതിനെയും ഉത്തര കൊറിയ കടുത്ത ഭാഷയിലാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

ആരെങ്കിലും ഒരു യുദ്ധത്തിന് പ്രകോപിപ്പിച്ചാൽ അത് വഴി കനത്ത വിലയായിരിക്കും കൊടുക്കേണ്ടി വരുകയെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രിയായ വാൻഗ് യി മുന്നറിയിപ്പേകുന്നത്. ഉത്തരകൊറിയ അതിന്റെ സ്ഥാപകനായ കിം രണ്ടാമൻ സുൻഗിന്റെ ജന്മവാർഷികം ഇന്ന് ആഘോഷിക്കുകയാണ്. അദ്ദേഹത്തോടുള്ള ആദവ് പ്രകടിപ്പിച്ച് ഈ ദിവം നാഷണൽ ഡേ ഓഫ് സൺ എന്ന പേരിലാണ് ആഘോഷിക്കുന്നത്. ഈ വേളയിൽ അമേരിക്കക്കെതിരെ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോൻഗ് -ഉൻ കടുത്ത താക്കീതാണ് നൽകിയിരിക്കുന്നത്.

ഉത്തര കൊറിയയുടെ ആണവപരീക്ഷണം അവസാനിപ്പിക്കാനായി യുഎസ് ഇവിടെ ഒരു പ്രീ-എംപ്റ്റീവ് സ്‌ട്രൈക്ക് നടത്താൻ തയ്യാറെടുക്കുന്നുവെന്നാണ് യുഎസ് ഒഫീഷ്യലുകൾ എൻബിസിയോട് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ട്രംപ് ഭരണകൂടത്തിലെ ഒരു അംഗം ഇത് നിരസിച്ചിരിക്കുകയാണ്.