തിരുപ്പതി: പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെയും ഗീത രവി പിള്ളയുടേയും മകൾ ഡോ. ആരതി പിള്ളയും എറണാകുളം, വിനോദ് നെടുങ്ങാടിയുടേയും ഡോ. ലത നായരുടേയും പുത്രൻ ഡോ. ആദിത്യ വിഷ്ണുവും തിരുപ്പതി ക്ഷേത്രസന്നിധിയിൽ വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു ചടങ്ങിൽ പങ്കെടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 25നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. തിരുപ്പതിയിൽ വച്ച് വിവാഹിതരായ ഇവരുടെ വിവാഹത്തിന്റെ വിശദമായ റിസപ്ഷൻ കൊല്ലത്തും കൊച്ചിയിലുമായി നടക്കും. അമ്പത് കോടിയോളം രൂപ മുടക്കി കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ചടങ്ങുകളാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് രവി പിള്ള ഒരുക്കിയിരിക്കുന്നത്.

നവംബർ 25 മുതൽ ഒരാഴ്‌ച്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികലാണ് ഒരുക്കിയിരിക്കുന്നത്. സിനിമാ രംഗത്തുള്ളവരും മറ്റ് കലാരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരെയും സംഘടിപ്പിച്ചുകൊണ്ടാണ് റിസപ്ഷൻ ആഘോഷങ്ങൾ നടക്കുന്നത്. മഞ്ജു വാര്യർ, ശോഭന, മുകേഷ്, മേതിൽ ദേവിക അടക്കമുള്ളവർ കലാപരിപാടികൾ അവതരിപ്പിക്കാനാണ് എത്തും. നവംബർ 25ന് വൈകുന്നേരം ഏഴ് മുതൽ കൊല്ലം ക്യൂ എസ് റോഡിലുള്ള രവിപിള്ളയുടെ വസതിയിൽ തൃശക്തി എന്നൊരു ഫ്യൂഷൻ ഡാൻസ് ഒരുക്കിയിട്ടുണ്ട്. 8.30 മുതൽ കൊല്ലം റാവീസിൽ നടൻ മുകേഷും ഭാര്യ മേതിൽ ദേവികയും ചേർന്നൊരുക്കുന്ന നാഗ എന്ന നാടകം അരങ്ങേറും. നവംബർ 26ന് കൊല്ലത്ത് പ്രമുഖ വേദിയായ ആശ്രാമം മൈതാനത്താണ് വിപുലമായ റിസപ്ഷൻ ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.

ആശ്രാമം മൈതാനത്ത് രാവിലെ ഒൻപതിന് മുമ്പ് 6000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികൾ വധൂവരന്മാരെ ആശിർവദിക്കാനായി റിസപ്ഷൻ ചടങ്ങിൽ പങ്കെടുക്കാനെത്തും. കൃത്യം ഒൻപത് മണിക്ക് ഗായത്രിയുടെ ഭജനയോടെയാണ് തുടക്കം. 9.45 മുതൽ 10 വരെയുള്ള 15 മിനുട്ട് പ്രശസ്ത നടി മഞ്ജു വാര്യയർ അവതരിപ്പിക്കുന്ന കുച്ചിപ്പുടി ആണ് നടക്കുക. മഞ്ജു വാര്യർ അരങ്ങുവിട്ടാലുടൻ എത്തുന്നത് നടി ശോഭനയാണ്. 10 മുതൽ പത്തേകാൽ വരെ ശോഭനയുടെ ഭരതനാട്യമാണ് അതിഥികളെ കാത്തിരിക്കുന്നത്.

പത്തേകാലിന് ശോഭന അരങ്ങ് വിട്ടാൽ ഉടൻ 400 ആദിവാസി കലാകാരന്മാർ സ്‌റ്റേജിൽ എത്തും. റിഥം ഓഫ് ഫോറസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി വഴി തികച്ചും വ്യത്യസ്തമായി പ്രത്യേകം ചിട്ടപ്പെടുത്തിയ കലാവിരുന്നാണ് ഒരുക്കുക. 11.15 ആവുമ്പോൾ വീണ്ടും ശോഭന എത്തും. ശോഭനയുടെ സീതാകല്യാണം അഞ്ച് മിനുട്ട് നീണ്ടു നിൽക്കുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം സർവ്വ രാഷ്ട്രീയ പാർട്ടിനേതാക്കൾക്കും വധൂവരന്മാരെ ആശിർവദിക്കാനായി റിസപ്ഷനിൽ പങ്കെടുക്കാൻ എത്തും. സ്റ്റീഫൻ ദേവസിയുടെ ഫ്യൂഷൻ മ്യൂസിക് അടക്കമുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

കൊല്ലത്തെ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി 28ന് ലേമെറിഡിയനിൽ പ്രത്യേക റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. ഇവിടയെും കലാപരിപാടികളും ഗൗനമേളയും ഒരുക്കിയിട്ടുണ്ട്. കല്യാണത്തിന് ക്ഷണക്കത്ത് നൽകിയ 6000 പേർക്കും വിലപിടിപ്പേറിയ ഒരു സാരിയും മുണ്ടും നൽകിയിരുന്നു. നേരത്ത ഇവരുടെവിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. വിവാഹ നിശ്ചയ ചടങ്ങിന് സൂപ്പർസ്റ്റാർ മമ്മൂട്ടിയും മന്ത്രിമാരും രാഷ്ടീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും എത്തിയിരുന്നു.