കൊട്ടാരക്കര: ഭർതൃഗൃഹത്തിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴുകോൺ ഇടക്കോട് കാവുവിള വീട്ടിൽ ഓമനക്കുട്ടന്റെയും ജാനമ്മയുടെയും മകൾ ഷീനയാണ് (34) മരിച്ചത്. പവിത്രേശ്വരം വഞ്ചിമുക്ക് മൂഴിയിൽ രഘുമന്ദിരത്തിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടികളെ സ്‌കൂളിൽ വിട്ടശേഷം മുകളിലെ നിലയിലേക്ക് പോയ ഷീന തിരികെ വരാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രാജേഷ് സൗദി അറേബ്യയിലാണ്. മൂന്നുമാസം മുമ്പാണ് നാട്ടിൽ വന്നശേഷം മടങ്ങിയത്. രാജേഷിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും സഹോദരിയുടെ ഭർത്താവിനുമൊപ്പമാണ് ഷീന താമസിച്ചിരുന്നത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. രാജേഷിന്റെ സഹോദരി ഷീനയെ മർദിച്ചിരുന്നു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ശാസ്താംകോട്ട ഡിവൈ.എസ്‌പി എസ്.ഷെരീഫ്, പുത്തൂർ സിഐ ജി.സുഭാഷ് കുമാർ, എസ്‌ഐ ടി.ജെ.ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ഫോറൻസിക് വിഭാഗവും തെളിവെടുപ്പ് നടത്തി.

പോസ്റ്റമോർട്ടത്തിന് ശേഷമേ മരണത്തിൽ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. ഏഴ് വർഷം മുമ്പാണ് ഷീനയും രാജേഷും വിവാഹിതരായത്. മക്കൾ: തീഷ്ണ, തീർത്ഥ, തൃഷ്ണ.