- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി മോസ്‌കോയിൽ എത്തുംമുമ്പ് ആണവ കരാറിന് അന്തിമധാരണയാകും; അത്യാധുനിക ഹെലികോപ്ടറായ കാമോവ് നിർമ്മാണത്തിനും ഇരുരാജ്യങ്ങളും കൈകോർക്കും; മേക്ക് ഇൻ ഇന്ത്യയിലൂടെ പ്രതിരോധ രംഗം ശക്തിപ്പെടുത്തൽ ലക്ഷ്യമിട്ടു കേന്ദ്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിരോധ മേഖലയ്ക്കു കൂടി പുത്തൻ ഉണർവു നൽകുന്ന നീക്കങ്ങൾക്കാണു രാജ്യം കാതോർത്തിരിക്കുന്നത്. ആണവ റിയാക്ടറുകൾ സംബന്ധിച്ച കരാറിനൊപ്പം അത്യാധുനികമായ കാമോവ് ഹെലികോപ്ടറുകൾ നിർമ്മാണക്കരാറിന്റെ കാര്യത്തിലും അന്തിമധാരണയുണ്ടാകുമെന്നാണു റി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിരോധ മേഖലയ്ക്കു കൂടി പുത്തൻ ഉണർവു നൽകുന്ന നീക്കങ്ങൾക്കാണു രാജ്യം കാതോർത്തിരിക്കുന്നത്. ആണവ റിയാക്ടറുകൾ സംബന്ധിച്ച കരാറിനൊപ്പം അത്യാധുനികമായ കാമോവ് ഹെലികോപ്ടറുകൾ നിർമ്മാണക്കരാറിന്റെ കാര്യത്തിലും അന്തിമധാരണയുണ്ടാകുമെന്നാണു റിപ്പോർട്ടുകൾ.
23നാണ് നരേന്ദ്ര മോദി റഷ്യയിലെത്തുന്നത്. പ്രധാനമന്ത്രി മോസ്‌കോയിൽ വിമാനമിറങ്ങുംമുമ്പ് കരാറുകളിൽ അന്തിമ രൂപം കൈവരുത്താനുള്ള നീക്കമാണു നടക്കുന്നത്.
റഷ്യയും ഇന്ത്യയും സംയുക്തമായി 200 കാമോവ് 226 ടി ഹെലികോപ്ടറുകൾ നിർമ്മിക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിൽ അത്യന്താധുനിക ഹെലികോപ്ടറിന്റെ നിർമ്മാണം നടത്തുക. പ്രതിരോധ രംഗത്ത് വിദേശത്തുനിന്നുള്ള ഇറക്കുമതി കുറയ്ക്കുകയും ആഭ്യന്തരമേഖലയെ സ്വയം പര്യാപ്തമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിലൂടെ പ്രതിരോധ രംഗത്തെ ചെലവു കുറയ്ക്കുകയും ലക്ഷ്യമിടുന്നുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ റഷ്യക്ക് ആറ് ആണവ റിയാക്ടറുകൾ നിർമ്മിക്കാനുള്ള സൗകര്യം ചെയ്തു നൽകാമെന്ന് മോദി റഷ്യയെ അറിയിക്കും. 1200 മെഗാവാട്ട് വീതം ശേഷിയുള്ള റിയാക്ടറുകളാകും ഇവ.
നേരത്തെ, റഷ്യയിൽ നിന്ന് അഞ്ച് എസ് 400 ട്രയംഫ് എയർ ഡിഫൻസ് മിസൈലുകൾ വാങ്ങാൻ ഇന്ത്യ ധാരണയായിരുന്നു. മിസൈൽ വാങ്ങാനുള്ള കരാറിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതോടെ 39,000 കോടിയുടെ കരാറാണ് ഇന്ത്യ ഒപ്പു വയ്ക്കുക. വിമാനങ്ങളേയും ഡ്രോണുകളേയും മിസൈലുകളേയും നശിപ്പിക്കാൻ കഴിയുന്ന മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്.
400 കിലോമീറ്റർ ദൂരപരിധിയിൽ തന്നെ ഇത്തരത്തിൽ ആക്രമണം തടയാൻ കഴിയുന്ന മിസൈലുകളാണിവ. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് മിസൈൽ വാങ്ങാൻ തീരുമാനമെടുത്തത്. പാക്കിസ്ഥാനെ ലക്ഷ്യം വച്ച് മൂന്ന് മിസൈലുകൾ പടിഞ്ഞാറും ചൈനയെ ലക്ഷ്യം വച്ച് രണ്ടെണ്ണം കിഴക്കും വിന്യസിക്കാനാണ് നീക്കം.
ഇക്കാര്യവും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി നടത്തുന്ന ചർച്ചയിൽ സംസാരിക്കും. 24ന് മോസ്‌കോയിലാണു ഇരു നേതാക്കളും തമ്മിലുള്ള ചർച്ച.
പ്രതിരോധ രംഗത്ത് ആധുനികവത്കരണത്തിനായി 25,985 കോടി രൂപയുടെ പദ്ധതികൾക്ക് ഇന്ത്യ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണു മേക്ക് ഇൻ ഇന്ത്യയിലൂടെ 200 കാമോവ് ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. റഷ്യയുമായി ഇതുവരെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണ് എസ് 400 മിസൈൽ കരാർ.