ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിനൊരുങ്ങിയ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങൾ പുറത്ത്. ന്യൂയോർക്ക് പോസ്റ്റ് പത്രമാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.

1990കളിൽ മോഡലിങ് രംഗത്ത് സജീവമായിരുന്നു മെലാനിയ. ഈ സമയത്ത് എടുത്ത ചിത്രങ്ങളാണ് പത്രത്തിൽ പ്രസിദ്ധീകരിച്ചത്.

മാൻഹട്ടണിൽ വച്ച് 1995ൽ നടന്ന ഫാഷൻ സെഷന്റെ ഭാഗമായെടുത്ത ചിത്രങ്ങൾ ഫ്രഞ്ച് മാഗസിനായ മാക്സ് അന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഇവയാണ് വീണ്ടും ന്യൂയോർക്ക് പോസ്റ്റ് പത്രം പ്രസിദ്ധീകരിച്ചത്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം ചിത്രങ്ങൾ വന്നതു ട്രംപിന്റെ സാധ്യതകൾക്കു മങ്ങലേൽപ്പിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ട്രംപ് തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അമേരിക്കയുടെ പ്രഥമ വനിതയാകേണ്ട വ്യക്തിയാണു മെലാനിയ. ഈ ഘട്ടത്തിൽ ഇത്തരം ചിത്രങ്ങൾ പുറത്തുവന്നതു ട്രംപിനെതിരായ ഗൂഢാലോചനയാണെന്ന സംശയവും പുറത്തുവരുന്നുണ്ട്.

ഈ ചിത്രങ്ങൾ ട്രംപ് മെലാനിയയെ പരിചയപ്പെടുന്നതിന് മുൻപ് ഉള്ളതാണെന്നും യൂറോപ്പിൽ മോഡലിംഗിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങൾ സാധാരണമാണെന്നുമാണു ട്രംപിന്റെ വക്താക്കൾ പറയുന്നത്. സ്ലൊവേനിയക്കാരിയായ മെലാനിയക്ക് 25 വയസുള്ളപ്പോൾ എടുത്ത ചിത്രമാണ് ഇത്. യൂറോപ്പിലെ അറിയപ്പെടുന്ന മോഡലായിരുന്നു മെലാനിയ. പ്രമുഖ ഫാഷൻ മാഗസിനുകളുടെ കവർ ഫോട്ടോകൾക്കുൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് വേണ്ടി മെലാനിയ മോഡലായിട്ടുണ്ട്. 46കാരിയായ മെലാനിയ 2005ലാണ് ഡൊണാൾഡ് ട്രംപിനെ വിവാഹം ചെയ്തത്.