- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയ് കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം; ഗൂഢാലോചനയ്ക്ക് പിന്നിൽ കടം വാങ്ങിയ 13 ലക്ഷം തിരിച്ചു കൊടുക്കാതിരിക്കൽ; മുഖ്യ ആസൂത്രക അഞ്ജലി റിമ ദേവ്; ബുദ്ധി ഉപദേശിച്ചത് സൈജുവും; നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിൽ കുറ്റപത്രം റെഡി
കൊച്ചി: ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ.വയലാറ്റ് ഒന്നാം പ്രതിയായ പോക്‌സോ കേസിന്റെ ആസൂത്രക മൂന്നാം പ്രതിയും കോഴിക്കോട്ടെ സ്വകാര്യ സംരംഭകയുമായ അഞ്ജലി റിമ ദേവാണെന്ന് പൊലീസ്. പോക്‌സോ കേസിലെ ആരോപണങ്ങൾ നേരത്തെ തന്നെ അഞ്ജലി നിഷേധിച്ചിരുന്നു. കേസിൽ കുറ്റപത്രം തയ്യാറായി കഴിഞ്ഞു. അന്തിമ പരിശോധനയിലാണ് പൊലീസ്. അതിന് ശേഷം കോടതിയിൽ സമർപ്പിക്കും.
പോക്‌സോ കേസിലെ പരാതിക്കാരിയായ അമ്മയോടും മകളോടും കടം വാങ്ങിയിരുന്ന 13 ലക്ഷം കൂപ തിരികെ കൊടുക്കാതിരിക്കാൻ അഞ്ജലി ഒരുക്കിയ കെണിയാണിതെന്നാണ് കണ്ടെത്തൽ. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അകപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാനുള്ളത് അഞ്ജലിയും നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ പോക്‌സോ കേസിലെ ഗൂഢാലോചനയ്ക്ക് പിന്നിലെ പ്രതികാരം വ്യക്തമാണ്.
റോയ് കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു അഞ്ജലിയുടെ ഗൂഢലക്ഷ്യം. അഞ്ജലിയുടെ ഈ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നാണ് റോയിയുടെ മൊഴി. മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ റോയിയുടെ കൂട്ടുപ്രതിയായ സൈജു എം. തങ്കച്ചനാണ് പോക്‌സോ കേസിലെ രണ്ടാം പ്രതി. സൈജുവും അഞ്ജലിയുമായിരുന്നു അടുത്ത സുഹൃത്തുക്കൾ. ഇതാണ് ഗൂഢാലോചനയ്ക്ക് സാധ്യത തെളിച്ചത്.
സൈജു വഴിയാണ് റോയിയുടെ വഴിവിട്ട താൽപര്യങ്ങളെ കുറിച്ച് അഞ്ജലി അറിയുന്നത്. ഇവർ ഇരുവരും ചേർന്ന് ഒരുക്കിയ കെണിയിൽ പെൺകുട്ടിയും അമ്മയും അകപ്പെടുകയായിരുന്നു. ഫാഷൻ രംഗത്ത് മികച്ച തൊഴിൽ അവസരം ഒരുക്കാൻ കഴിയുന്ന കൊച്ചിയിലെ സംരംഭകൻ എന്ന നിലയിലാണ് അഞ്ജലി പെൺകുട്ടിക്കും അമ്മയ്ക്കും റോയിയെ പരിചയപ്പെടുത്തിയത്. ഇതിന് ശേഷമായിരുന്നു പീഡന ശ്രമം.
പോക്‌സോ കേസിനു പുറമേ അഞ്ജലിക്കും സൈജുവിനും എതിരെ മനുഷ്യക്കടത്ത് കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫാഷൻ രംഗത്തെ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്തു ഒട്ടേറെ പെൺകുട്ടികളെ അഞ്ജലി കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരുന്നു. അപമാനം കാരണമാണ് പലരും പരാതി നൽകാൻ തയാറാകാത്തത്.
ഈ ആഴ്ച തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ഒക്ടോബറിലാണ് കേസിനു വഴിയൊരുക്കിയ സംഭവം നടന്നത്. അത് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് മോഡലുകൾ കൊല്ലപ്പെട്ട കേസുണ്ടായത്. ഇതേത്തുടർന്നു റോയിയും സൈജുവും നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ നശിപ്പിച്ചതിനാൽ പോക്‌സോ കേസിന്റെ ഡിജിറ്റൽ തെളിവുകളും നഷ്ടമായിരുന്നു. അതുകൊണ്ട് സാഹചര്യ തെളിവുകളും മൊഴിയും മാത്രമാണ് പൊലീസിന് മുമ്പിലുള്ളത്.
കേസിൽ തന്നെ കുടുക്കിയതാണെന്നും ഗൂഢാലോചനയ്ക്ക് പിന്നിൽ ഒരു എംഎൽഎയുടെ ഭാര്യയുൾപ്പെടെ ആറുപേരാണെന്നും അഞ്ജലി അന്വേഷണ സംഘത്തത്തോട് പറഞ്ഞിരുന്നു. കള്ളപ്പണ ഇടപാടുകാരുടെ പിന്തുണയോടെയാണ് പരാതിക്കാരി തനിക്കെതിരെ നീങ്ങുന്നത്. കേസിൽ റോയി വയലാട്ടുമായുള്ള വ്യക്തിപരവും, സാമ്പത്തികവുമായ പ്രശ്‌നങ്ങളാണ് പരാതിക്കാരിക്കുള്ളതെന്നും, ഇതിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും അഞ്ജലി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇതൊന്നും അവർ മുഖവിലയ്‌ക്കെടുത്തില്ല.
സംഭവുമായി ബന്ധപ്പെട്ട് കേസിൽ ഒന്നാം പ്രതി റോയി വയലാട്ടിനെയും, രണ്ടാം പ്രതി ഷൈജു തങ്കച്ചനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിൽ കഴിഞ്ഞ ഇരുവർക്കും പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു .വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിൽ ആണ് കൊച്ചി പൊലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്‌സോ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്‌തെന്നാണ് കേസ്.
പീഡന പരാതി ഇങ്ങനെ
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി.
റോയ് വയലാട്ടിന്റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും മൊഴി. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം.
മറുനാടന് മലയാളി ബ്യൂറോ