കൊച്ചി: വിവിധ ബിഷപ്പുമാരുടേയും പിസി ജോർജിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലെ കന്യാസ്ത്രീകൾ രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയെ തുടർന്നും അപമാനിക്കാനുള്ള ശ്രമത്തിനെതിരെ സേവ് അവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്.) ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് കന്യാസ്ത്രീകൾ വീണ്ടും സമരത്തിനിറങ്ങുന്നത്. ഇരയായ കന്യാസ്ത്രീയെ പലവട്ടം അപമാനിച്ച പിസി ജോർജിനെ ഉപരോധിക്കാനും പീഡകനെ കാണാൻ പോകുന്ന മെത്രാന്മാർക്കെതിരെ പ്രതികരിക്കാനുമാണ് കന്യാസ്ത്രീകൾ വീണ്ടും തെരുവിലേക്ക് ഇറങ്ങുന്നത്.

ബിഷപ്പുമാരും രാഷ്ട്രീയക്കാരും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ സന്ദർശിക്കുന്നതു കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതകളാണു സൂചിപ്പിക്കുന്നത്. ഈ ഘട്ടത്തിലാണ് സമരത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ കന്യാസ്ത്രീകളെ തന്നെ മുൻനിർത്തി പ്രക്ഷോഭം ആരംഭിക്കുന്നത്. ഇരയായ കന്യാസ്ത്രീക്കും സമരം നടത്തിയ കന്യാസ്ത്രീകൾക്കുമെതിരെ വിശ്വാസികളെ തിരിച്ചുവിടാൻ സഭ ശ്രമിക്കുന്നതായി എസ്ഒഎസ് യോഗം ആരോപിച്ചു. സമരപ്രഖ്യാപനവും സ്ത്രീസംഗമവും എറണാകുളം ചിൽഡ്രൻസ് പാർക്കിൽ നടന്നു. പൊതുവേദികളിൽ കന്യാസ്ത്രീകൾക്കെതിരേ മോശം പരാമർശം നടത്തുന്ന പി.സി. ജോർജിനെ ഉപരോധിക്കാനും തീരുമാനിച്ചു.

അതേസമയം പി.സി ജോർജിനെതിരേ കുറ്റപത്രം തയ്യാറാക്കാനാണ് സമരസമിതിയുടെ തീരുമാനം. സംസ്ഥാനവ്യാപകമായി ഒപ്പുശേഖരണം നടത്തി നിയമസഭാ സ്പീക്കർക്ക് നൽകാനും യോഗം തീരുമാനിച്ചു. കന്യാസ്ത്രീകൾക്കെതിരെ പ്രസ്താവന നടത്തുന്ന പി.സി. ജോർജിനെ ഉപരോധിക്കും. വിവിധ കേന്ദ്രങ്ങളിൽ ജനജാഗ്രതാ സദസുകളും ധർണകളും സംഘടിപ്പിക്കും. സാറാ ജോസഫ്, കെ. അജിത, എസ്ഒഎസ് കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോലി, കെ.കെ. രമ, പ്രഫ.പി. ഗീത, കെ.വി. ഭദ്രകുമാരി, പ്രഫ. കുസുമം ജോസഫ്, സിസ്റ്റർ ടീന എന്നിവർ പ്രസംഗിച്ചു.

ക്രിസ്തീയസഭകളെയും ക്ഷേത്രങ്ങളെയും മുസ്ലിം പള്ളികളെയും നയിക്കുന്നത് സവർണ വരേണ്യബോധമാണെന്ന് സമരപ്രഖ്യാപനവേദിയിൽ സംസാരിച്ച പ്രമുഖ എഴുത്തുകാരി പ്രൊഫ. സാറാ ജോസഫ് പറഞ്ഞു. അത് സ്ത്രീവിരുദ്ധവും പാർശ്വവത്കരിക്കപ്പെട്ടവർക്ക് എതിരേയുമാണ്. സ്ത്രീകളുടെ സംഘടിതശക്തിക്കുമാത്രമേ ഈ ബോധത്തെ മറികടക്കാൻ കഴിയുകയുള്ളൂവെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.

സ്ത്രീകൾ നീതിക്കുവേണ്ടി നടത്തുന്ന സമരങ്ങൾ അന്തിമഘട്ടത്തിൽ അട്ടിമറിക്കപ്പെടുന്നതാണ് സമീപകാല ചരിത്രമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ. അജിത പറഞ്ഞു. ഫാ. അഗസ്റ്റിൻ വട്ടോളി, കെ.കെ.രമ, പ്രൊഫ. പി.ഗീത, കെ.വി. ഭദ്രകുമാരി, പ്രൊഫ. കുസുമം ജോസഫ്, സിസ്റ്റർ ടീന തുടങ്ങിയവർ സംസാരിച്ചു.