കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് സമരം നടത്തുന്ന കന്യാസ്ത്രീകൾ. നിർണ്ണായക ഘട്ടത്തിൽ നിൽക്കെ സമരം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി കന്യാസത്രിയുടെ കുടുംബവും ആരോപിച്ചു. ഞങ്ങളുടെ ഭാഗത്ത് നിന്ന് ബിഷപ്പിനോട് ഒരു വ്യക്തി വൈരാഗ്യവും ഇല്ല.

അങ്ങനെ ആണെങ്കിൽ അവർ തെളിവ് കാണിക്കട്ടെ. മറിച്ച് ബിഷപ്പിനോട് നോ പറഞ്ഞതിൽ ബിഷപ്പിന് സിസ്റ്ററിനോട് വൈരാഗ്യമുണ്ട്. മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്ന് ബിഷപ്പിന് എങ്ങനെയാ പറയാനാവുക. ബിഷപ്പ് മഠത്തിലെ സ്ഥിരം താമസക്കാരനാണോ, തെളിവുകൾ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ആ തെളിവ് പൊലീസിന് കൈമാറിയിട്ടുണ്ട്. എന്തെല്ലാം തെളിവുകളാണെന്ന് പുറത്ത് പറയാനാകില്ല. സിസ്റ്റർ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

സഭയെ നാണം കെടുത്താൻ വേണ്ടിയുള്ള സമരമല്ലയിത്. കോടനാട് പള്ളി വികാരിയെ സ്വാധീനിച്ച് ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സഭ മേലധികാരികളുടെ ഭാഗത്ത് നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് ഈ 11 അം ദിവസവും സമരത്തിനായി തെരുവിലേക്കിറങ്ങേണ്ടി വന്നത്. എല്ലാം ശരിയാകുമെന്ന് ഒരു നല്ല വാക്ക് പോലും സഭയുടെ ഭാഗത്ത് നിന്ന് ആരും പറഞ്ഞിട്ടില്ല. ഇനി എങ്ങോട്ടാണ് നീതിക്ക് വേണ്ടി പോകേണ്ടതെന്ന് അറിയില്ല. ഫാദർ നിക്കോളാസിനെ ബിഷപ്പ് ഫ്രാങ്കോ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.ബിഷപ്പിനെ അറസ്റ്റു ചെയ്യുമെന്ന വിശ്വാസം ഇപ്പോളും ഇല്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

ബിഷപ്പിന് അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ നടക്കുന്ന സമരത്തിലേക്ക് ഫ്രാങ്കോ മുളക്കലിന്റെ ആളുകൾ നുഴഞ്ഞു കയറുന്നതായി കന്യാസ്ത്രിയുടെ സഹോദരി ആരോപിച്ചു. കഴിഞ്ഞ ദിവസം ബിഷപ്പിന്റെ ആളുകൾ സമരത്തിന്റെ ചിത്രം എടുത്തതിനു ശേഷം ഓടി മറഞ്ഞു. ചിത്രം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് ബിഷപ്പ ശ്രമിക്കുന്നത്.

കന്യാസ്ത്രീയുടെ സഹോദരിയോടെപ്പം സാമൂഹ്യ പ്രവർത്തക പി . ഗിതയും നിരാഹാരം തുടരുകയാണ്. മുൻ മന്ത്രി ഷിബു ബേബി ജോൺ ,ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് തുടങ്ങിയവരും ഇന്ന് ഐക്യദാർഡു പ്രഖ്യാപിച്ച് സമര പന്തലിൽ എത്തി. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരപന്തലിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടമായി പോസ്റ്റ് കാർഡ് അയക്ക്കുന്ന ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം തന്നെ ആയിരകണക്കിന് പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കഴിഞ്ഞു.