തിരുവനന്തപുരം:നഴ്സുമാരുടെ വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെ സർക്കാർ തീരുമാനം അട്ടിമറിക്കാനുള്ള ഉപദേശക സമിതിയുടെ തീരുമാനം പൊളിഞ്ഞു.ഇന്ന് ചേർന്ന് യോഗത്തിൽ സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകൾ ശക്തമായി എതിർത്തതോടെ തീരുമാനം സർക്കാരിന് വിട്ടുകൈകഴുകിയിരിക്കുകയാണ് ഉപദേശക സമിതി. ആശുപത്രി മുതലാളിമാരെ സംരക്ഷിക്കാൻ അലവൻസുകൾ വെട്ടിക്കുറയ്ക്കാൻ ഉപദേശകസമിതി നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. മിനിമം വേതനം 20,000 രൂപയെന്ന സർക്കാർ തീരുമാനം പൂർണമായും അട്ടിമറിക്കപ്പെട്ടത് രേഖകൾ സഹിതം കാട്ടിയാണ് കള്ളക്കളി പുറത്തുകൊണ്ടുവന്നത്.

ആരാണ് ഒറ്റുകാരൻ?

ഇന്ന് ചേർന്ന ഉപദേശക സമിതി യോഗത്തിൽ രേഖ എങ്ങനെ ചോർന്നുവെന്നതിനെ ചൊല്ലിയായിരുന്നു ചൂടേറിയ വാദ-പ്രതിവാദം. ആരാണ് ചോർച്ചയ്ക്ക് പിന്നിലെ കറുത്തകൈകൾ എന്ന ചർച്ച തന്നെ അരമണിക്കൂറോളം യോഗത്തിന്റെ സമയം അപഹരിച്ചു.ട്രേഡ് യൂണിയനുകളിലെ ആരോ ആണ് ചോർത്തിയതെന്ന്
ലേബർ കമ്മീഷണർ ആരോപിച്ചപ്പോൾ, തങ്ങളല്ല ലേബർ കമ്മീഷണറാണ് ഒറ്റുകാരനെന്ന് ട്രേഡ് യൂണിയനുകൾ തിരിച്ചടിച്ചു. തങ്ങളെയും സർക്കാരിനെയും കരിവാരി തേയ്ക്കാനാണ് ഈ നീക്കമെന്ന് സിഐടിയുവും ചുവടുമാറ്റി. ഇതോടെ മിനിമം വേജ് കമ്മിറ്റി ചെയർമാൻ പി.കെ.ഗുരുദാസൻ പൂർണമായി ഒറ്റപ്പെട്ടു. ചെയർമാൻ തന്നെയാണോ രേഖ ചോർത്തിയതെന്നും ചില ഉപദേശക സമിതി അംഗങ്ങൾ രഹസ്യമായി സംശയം പ്രകടിപ്പിച്ചു.

നഴ്‌സുമാരുടെ ഏറ്റവും ശക്തമായ സംഘടനയായ യുണൈറ്റഡ് നഴസസ് അസോസിയേഷനാണ് രേഖ ചോർത്തിയതെന്ന് ചിലർ ആരോപിച്ചു. എന്നാൽ, ഉപദേശക സമിതിയിൽ അംഗത്വമില്ലാത്ത യുഎൻഎ എങ്ങനെ രേഖ ചോർത്തുമെന്നായി മറുവാദം. സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനവും, മിനിമം വേജ് കമ്മിറ്റി ചെയർമാൻ പി.കെ.ഗുരുദാസനും, ലേബർ കമ്മീഷണറും ചേർന്ന് തയ്യാറാക്കിയ പുതിയ റിപ്പോർട്ടും അടക്കം രണ്ടു റിപ്പോർ്ട്ടുകളാണ് നിലവിലുള്ളത്. ചൂടേറിയ തർക്കത്തിനൊടുവിൽ ഏകാഭിപ്രായം ഇല്ലാതെ വന്നതോടെ, രണ്ടു റിപ്പോർട്ടും സർക്കാരിന് വിടാമെന്നായിരുന്നു ഉപദേശക സമിതി തീരുമാനം. സാധാരണഗതിയിൽ ഉപദേശകസമിതിയോഗം അലവൻസുകൾ വെട്ടികുറയ്ക്കാനുള്ള തീരുമാനവും മറ്റും എടുക്കുന്ന പതിവില്ല. മറുനാടൻ റിപ്പോർ്ട്ട് പുറത്തുവന്നതോടെ, തങ്ങൾ പ്രതിക്കൂട്ടിലാകുമെന്നായി സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ ഭയം. ഇതോടെ സംഘടനകൾ ഈ പാപത്തിൽ ഞങ്ങൾക്ക് പങ്കില്ല എന്നുറക്കെ പ്രഖ്യാപിക്കുകയായിരുന്നു.

വെട്ടിലായത് സർക്കാർ

ഉപദേശക സമിതി പന്ത് കോർട്ട് മാറിയിട്ടതോടെ വെട്ടിലായത് സർക്കാരാണ്. മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ. ആശുപത്രി മുതലാളിമാരെ സഹായിക്കണമെന്നുണ്ടെങ്കിലും ഗുരുദാസൻ റിപ്പോർട്ട് അംഗീകരിച്ചാൽ, നഴ്‌സുമാർ സമരത്തിനിറങ്ങുമെന്ന് മാത്രമല്ല പൊതുജനമധ്യത്തിൽ മുഖം നഷ്ടമാവുകയും ചെയ്യും. യുഎൻഎ ഏപ്രിൽ 24 മുതൽ അനിശ്ചിത കാല സത്യാഗ്രഹം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന സ്ഥിതിയാണ്. ഉപദേശക സമിതി യോഗം നടന്ന കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലേക്കുള്ള യുഎൻഎയുടെ പ്രതിഷേധ മാർച്ചും ട്രേഡ് യൂണിയനുകൾക്കും സർക്കാരിനുമുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു. യുഎൻഎ സമരത്തിനാഹ്വാനം ചെയ്താൽ ആശുപത്രികൾ സ്തംഭിക്കുമെന്നും, അതൊഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ട ബാധ്യത മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയായി മാറിയിരിക്കുകയാണ്. നഴ്‌സുമാർക്ക് നൽകിയ വാക്ക് അദ്ദേഹം പാലിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

ഉപദേശക സമിതിയുടെ അട്ടിമറി റിപ്പോർട്ട് ഇങ്ങനെ:

നഴ്സുമാരുടെ സംഘടനകൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പനുസരിച്ച് 50 കിടക്കകൾവരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ ശമ്പളം നൽകണം. എന്നാൽ, ഇത് 100 കിടക്കകൾ വരെയുള്ള ആശുപത്രികൾക്കു ബാധകമാക്കണമെന്ന അഭിപ്രായമാണ് ഉണ്ടായിരിക്കുന്നത്. ഇത് ഫലത്തിൽ നഴ്സുമാർക്ക് തിരിച്ചടിയാണ്.

നേരത്തെ സർക്കാർ നിശ്ചയിച്ച മിനിമം വേജസ് കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് 200 ബെഡ്ഡുകൾക്ക് മുകളിലുള്ള ആശുപത്രികളിൽ 32,960 രൂപയാണ് നഴ്‌സുമാരുടെ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 100നു ഇരുനൂറിനും ഇടയ്ക്ക് കിടക്കകൾ ഉള്ള ആശുപത്രികളിൽ 29,760 രൂപ നഴ്‌സുമാർക്ക് ശമ്പളം നൽകണമെന്നും നിർദ്ദേശിക്കുന്നു. 50നും100ും ഇടയ്ക്ക് 24960 രൂപയും, 50തൽ താഴെ 20660 രൂപയും നൽകണമെന്നാണ് ശുപാർശ. ഇതു കൂടാതെ ക്ഷാമബത്തയായി 560 രൂപ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശം നിലവിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ നഴ്‌സുമാർക്ക് ലഭിക്കുന്ന ശമ്പളത്തിന് തുല്യമായതാണ്. ഈ ശമ്പള പരിഷ്‌ക്കരണ നിർദ്ദേശങ്ങൾ കേരളത്തിലെ സ്വകാര്യ നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരുന്നു. എന്നാൽ, കരടിൽ പറഞ്ഞ കാര്യങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്..ഇതിന്റെ ഭാഗമായി നിലവിൽ നഴ്സുമാരുടെ അലവൻസുകൾ വെട്ടിക്കുറക്കുന്നത്് സംബന്ധിച്ചുള്ള ചർച്ചകളാണ് ഉപദേശക സമിതിയിൽ നടക്കുന്നത്. നിലവിൽ ആറ് കാറ്റഗറികളിലായി തിരിച്ചു കൊണ്ടാണ് നഴ്സുമരുടെ ശമ്പള വർധനവ് ശുപാർശയുള്ളത്. ഇത് പ്രകാരം നൂറു വരെ കിടക്കകൾ ഉള്ള ആശുപത്രികളിൽ ഒന്നാം കാറ്റഗറിയിലും 100 മുതൽ 300 വരെയുള്ള ആശുപത്രികൾ രണ്ടാം കാറ്റഗറിയിലും 300 മുതൽ 500 വരെയുള്ള ബെഡുകളുള്ളവരെ മൂന്നാം കാറ്റഗറിയിലുമാണ്. നാലാം കാറ്റഗറിയിൽ 700 ബെഡും, അഞ്ചിൽ 800 ബെഡ്ഡും ആറാം കാറ്റഗറിയിൽ 800 ബെഡും ഉള്ള ആശുപത്രികളുമാണുള്ളത്.

ഉപദേശക സമിതിയുടെ നിർദ്ദേശം അനുസരിച്ച് കരട് വിജ്ഞാപനത്തിൽ പുറപ്പെടുവിച്ച അലവൻസ് കാര്യമായി വെട്ടിക്കുറക്കുകയാണ് ചെയ്തിരിക്കുന്നത്. നൂറ് ബെഡ്ഡുവരെയുള്ള ആശുപത്രികളിലെ ജീവനക്കാർ മിനിമം ശമ്പളം മത്രമാണ് നൽകുക. മറ്റ് അലവൻസുകൾ ഒന്നും തന്നെ നൽകേണ്ടതില്ലെന്നാണ് നിർദ്ദേശം. എന്നാൽ മൂന്നൂറ് ബെഡ്ഡുണ്ടെങ്കിലാണ് ഫലത്തിൽ 100 ബെഡ്ഡെന്ന് കണക്കാക്കുകയുള്ളൂ.

300 കിടക്കകൾ ഉള്ള ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഓഫീസ് കോമൺ കാറ്റഗറി അലവൻസ് 2.5 ശതമാനമാക്കി വെട്ടിക്കുറക്കാനാണ് നീക്കം. പാരാമെഡിക്കൽ അലവൻസായി മൂന്ന് ശതമാനവുമായി ചുരുക്കും. 500 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ പാരാമെഡിക്കൽ അലവൻസും തുച്ഛമാണ്. ആറ് ശതമാനം മാത്രമാണ് പാരാമെഡിക്കൽ അലവൻസ്്. രജിസ്ട്രേഡ് നഴ്സുമാർക്ക് 20 ശതമാനം അലവൻസും ഓഫീസ് കോമൺ കാറ്റഗറിയിൽ 5 ശതമാനം അലവൻസുമാണ് ഇനി മുതൽ ലഭിക്കുക. ഫലത്തിൽ നഴ്സുമാരുടെ അലവൻസ് ഇല്ലാതാകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ആശുപത്രികളുടെ കാറ്റഗറിയിൽ ഏറ്റവും കൂടുതൽ ബെഡുകളുള്ള ആശുപത്രികൾ വളരെ കുറവാണ്. ഇവരുടെ അലവൻസിലെ വർദ്ധന ചെറിയൊരു വിഭാഗത്തിന് മാത്രമേ ഗുണകരമാകുകയുള്ളൂ. അലവൻസ് സംബന്ധിച്ച് ഉപദേശക സമിതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ലിസ്റ്റാണ് ചുവടേ കൊടുത്തിരിക്കുന്നത്:

നഴ്സുമാരുടെ സംഘടനകൾക്ക് ഉപദേശക സമിതിയിൽ അംഗത്വമില്ല. അതുകൊണ്ട് തന്നെ സർക്കാർ അംഗീകരിച്ച നിർദ്ദേശങ്ങളും ശമ്പള പരിഷ്‌ക്കരണ കമ്മീഷനിലെ ശുപാർശയും തള്ളിക്കളഞ്ഞു കൊണ്ടാണ് ഉപദേശക സമിതി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ട്രേഡ് യൂണിയനുകളാണ് ഈ ഉപദേശക സമിതിയിൽ അംഗങ്ങളായുള്ളത്. യുഎൻഎക്ക് ഈ കമ്മിറ്റിയിൽ പ്രാതിനിധ്യമില്ല. അതുകൊണ്ട് ആശുപത്രി മുതലാളിമാരുടെ വാദം ട്രേഡ് യൂണിയൻ സംഘടനകൾ അംഗീകരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

ഇപ്പോഴത്തെ നീക്കങ്ങൾ സുപ്രീംകോടതി വിധി അട്ടിമറിക്കാനാണെന്നാണ് നഴ്സുമാർ പറയുന്നത്. പ്രാഥമിക വിജ്ഞാപനം പോലെ പുറത്തിറക്കാൻ മാനേജ്മന്റ് സമ്മതിക്കില്ലെന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ശമ്പള പരിഷ്‌കരണം സംബന്ധിച്ചുള്ള മുഴുവൻ നിയമ കടമ്പകളും കടന്നിട്ടും എന്തിനീ അട്ടിമറി നീക്കമെന്നുമാണ് നഴ്സുമാർ ചോദിക്കുന്നത്. അത്തരമൊരു നീക്കമുണ്ടായി ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് നഴ്സുമാരുടെ തീരുമാനം.

തൊഴിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനും ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ലേബർ കമ്മിഷണർ കെ.ബിജു എന്നിവർ അംഗങ്ങളുമായ സമിതിയാണ് നഴ്‌സുമാരുടെ ശമ്പള പരിഷ്‌കക്രണം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിശദമായി പരിശോധിച്ച ശേഷമാണ് തുടർ നടപിടികൾക്ക് അയച്ചത്. കഴിഞ്ഞ ജൂലൈ 20നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലെ ചർച്ചയിലുണ്ടായ തീരുമാനപ്രകാരമുള്ള വർധന നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളവർധന നടപ്പാക്കണമെന്നു കമ്മിറ്റി ശുപാർശ ചെയ്തിരുന്നു എന്നാൽ. കോടതി വഴിയും അല്ലാതെയും ഉടക്കമുമായി മാനേജ്മെന്റുകൾ രംഗത്തെത്തുകയായിരുന്നു ആ തീരുമാനമാണ് ഇപ്പോൽ വീണ്ടും അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.