- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സുമാർ ആശുപത്രി മാനേജ്‌മെന്റിന്റെ അടിമകളോ? അവകാശങ്ങൾക്കു പുല്ലുവില; പ്രതികരിച്ചാൽ സസ്‌പെൻഷൻ: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഭൂമിയിലെ മാലാഖമാർ സമരത്തിൽ
തൃശൂർ: ഭൂമിയിലെ മാലാഖമാർ എന്നാണു നഴ്‌സുമാർ അറിയപ്പെടുന്നത്. രോഗികളുടെ ശുശ്രൂഷയ്ക്കായി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ചവർ. എന്നാൽ, ഈ മാലാഖമാർ ആശുപത്രി മാനേജ്‌മെന്റിന്റെ അടിമകളാണോ? തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ നടക്കുന്ന സംഭവങ്ങൾ അത്തരത്തിലാണ് നഴ്‌സുമാരോടുള്ള മാനേജ്‌മെന്റിന്റെ സമീപനം എന്നു വെളിവാക്കുന്നതാണ്. അടിമപ്പണി തന്നെയ
തൃശൂർ: ഭൂമിയിലെ മാലാഖമാർ എന്നാണു നഴ്‌സുമാർ അറിയപ്പെടുന്നത്. രോഗികളുടെ ശുശ്രൂഷയ്ക്കായി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ചവർ. എന്നാൽ, ഈ മാലാഖമാർ ആശുപത്രി മാനേജ്‌മെന്റിന്റെ അടിമകളാണോ?
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ നടക്കുന്ന സംഭവങ്ങൾ അത്തരത്തിലാണ് നഴ്‌സുമാരോടുള്ള മാനേജ്‌മെന്റിന്റെ സമീപനം എന്നു വെളിവാക്കുന്നതാണ്. അടിമപ്പണി തന്നെയാണ് ഇവിടെ ചെയ്യേണ്ടിവരുന്നതെന്നും ഇതിനു പുറമെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള മാനസിക പീഡനങ്ങളും മറ്റും സഹിക്കാൻ കഴിയാത്തതാണെന്നും നഴ്‌സുമാർ പറയുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി, ആശുപത്രി പ്രവർത്തനത്തിനും രോഗികളുടെ പരിചരണത്തിനും മുടക്കം വരുത്താതെ ജൂബിലി ആശുപത്രിയിലെ നഴ്‌സുമാർ സമരത്തിലാണ്. ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള ഈ സമരത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും മുതിർന്ന ജീവനക്കാരുടെ ഭാഗത്തുനിന്നുമുള്ള പീഡനത്തിന്റെയും അവകാശ ലംഘനങ്ങളുടെയും കഥ പുറത്തുവന്നത്.
രോഗികളുടെ പരിചരണത്തിന് ആവശ്യത്തിനു നഴ്‌സുമാരില്ല ഈ ആശുപത്രിയിൽ എന്ന പരാതി ഉയർന്നിട്ട് കുറച്ചു വർഷങ്ങളായെന്ന് സമരം ചെയ്യുന്ന നഴ്‌സുമാർ പറഞ്ഞു. നഴ്‌സുമാർക്കു പുറമെ അറ്റൻഡർ മുതലായ തസ്തികകളിലും ജീവനക്കാരുടെ എണ്ണം പരിമിതമാണ്. ഈ പ്രതിസന്ധിയുടെ ഭാരം മുഴുവൻ ചുമക്കുന്നത് എണ്ണത്തിൽ കുറവുള്ള നഴ്‌സുമാരാണ്. ഒരാൾക്കു പറ്റുന്നതിലും അധികം രോഗികളെയാണ് ഓരോ നഴ്‌സും ശുശ്രൂഷിക്കുന്നത്. പോരാത്തതിന് അറ്റൻഡർമാർ ചെയ്യേണ്ട പണികൾ കൂടി നഴ്‌സുമാർ തന്നെ ചെയ്യേണ്ട അവസ്ഥയാണുള്ളത്. രണ്ടു മൂന്നുമാസത്തിനിടെയാണ് ഈ പ്രതിസന്ധി രൂക്ഷമായത്.
അതിനിടെയാണ് ആശുപത്രി മാനേജ്‌മെന്റിന്റെയും മാനേജ്‌മെന്റുമായി ഏറെ അടുപ്പമുള്ള മുതിർന്ന ജീവനക്കാരുടെയും അവഗണനയും പീഡനങ്ങളും. രോഗികളെ പരിചരിക്കാൻ മെച്ചപ്പെട്ട സൗകര്യം വേണമെന്നാവശ്യപ്പെട്ട മെയിൽ നഴ്‌സ് ഇ എസ് ഷിനോയെ ഇതിനിടെ ആശുപത്രി മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഒരു ബന്ധുവിനെ കാണാൻ ഐസിയുവിൽ എത്തിയ ഷിനോയെ മെഡിക്കൽ ഐസിയു ഇൻ ചാർജ് സിസ്റ്റർ ഇസബെൽ തടയുകയും സമരപ്രചാരണത്തിന് വന്നതെന്ന് ആരോപിച്ച് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തിനു ശേഷമാണ് ഷിനോയ്ക്കു സസ്‌പെൻഷൻ ലഭിച്ചത്.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ജൂബിലി മിഷൻ ആശുപത്രി യൂണിറ്റിന്റെ നേതാവുകൂടിയായ ഷിനോയാണ് ആശുപത്രിയിൽ പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. ഇതിന്റെ വാശി തീർക്കാനെന്ന വണ്ണമാണു ഷിനോയ്‌ക്കെതിരായ നീക്കം. സിസ്റ്റർ ഇസബെല്ലിനെ കൈയേറ്റം ചെയ്തുവെന്നായിരുന്നു ആരോപണം. ഇക്കാര്യങ്ങളിലൊക്കെ ശരിയായ നടപടി മാനേജ്‌മെന്റ് കൈക്കൊള്ളണം എന്നാവശ്യപ്പെട്ടപ്പോൾ അതു ചെവിക്കൊള്ളാനും തയ്യാറായില്ല. 'ഞങ്ങൾ ആലോചിച്ചെടുത്ത തീരുമാനമാണെന്നും ഇതു മാറ്റാൻ പറ്റില്ലെന്നും നിങ്ങൾക്കു ചെയ്യാൻ പറ്റുന്നത് ചെയ്‌തോളൂ' എന്നുമാണു മാനേജ്‌മെന്റിൽ നിന്നുള്ള പ്രതികരണം.
ഇതെത്തുടർന്നാണ് സമരത്തിലേക്കു നീങ്ങാനുള്ള തീരുമാനമെന്ന് നഴ്‌സുമാരുടെ പ്രതിനിധികളായ അനീഷും ബിബിനും മറുനാടൻ മലയാളിയോടു പറഞ്ഞു. ജൂബിലി മിഷൻ ആശുപത്രിയിൽ രോഗികളുടെ സമ്പൂർണ സുരക്ഷ ഉറപ്പുവരുത്താൻ ഐഎൻസി മാനദണ്ഡമനുസരിച്ചു നഴ്‌സുമാരെ നിയമിക്കുക, മെച്ചപ്പെട്ട ചികിത്സാ സൗകര്യം നടപ്പിലാക്കുന്നതിലൂടെ മരണനിരക്കുകുറയ്ക്കുക, രോഗികൾക്കു മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട സ്റ്റാഫ് നഴ്‌സ് ഇ എസ് ഷിനോയെ തിരിച്ചെടുക്കുക, സ്റ്റാഫുകൾക്കു നേരെ മാനസിക പീഡനങ്ങളും ശാരീരിക പീഡനങ്ങളും അവകാശ ലംഘനങ്ങളും നടത്തുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്യുന്ന എംഐസിയു ഇൻചാർജ് സിസ്റ്റർ ഇസബെല്ലിനെതിരെ മാനേജ്‌മെന്റ് നടപടി എടുക്കുക, നഴ്‌സുമാർക്കു ജോലി ചെയ്യാൻ നല്ലൊരു സാഹചര്യം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നഴ്‌സുമാർ ഉന്നയിക്കുന്നത്.
രോഗികളുടെ പരിചരണത്തിനു തടസമില്ലാതെയാണ് തങ്ങൾ സമരം നടത്തുന്നതെന്ന് നഴ്‌സുമാർ പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവരെയാണ് സമരവേദിയിൽ അണിചേർക്കുന്നത്. അലോസരമേതുമുണ്ടാക്കാതെ നിശബ്ദമായി പ്ലക്കാർഡുകളും പിടിച്ചാണ് ഇവരുടെ സമരം. മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വ്യാഴാഴ്ച വൈകിട്ട് വീണ്ടും ചർച്ച നടത്താൻ തീരുമാനമായിട്ടുണ്ട്. ഈ ചർച്ചയിലും പരിഹാരം കണ്ടില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനുള്ള ആലോചനയിലാണ് നഴ്‌സുമാർ.