മുംബൈ: യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ തേടി മുംബൈ പൊലീസ് കേരളത്തിലേക്ക്. തട്ടിപ്പ് കേസിൽ മലയാളിയടക്കം രണ്ടുപേർ മുംബൈയിൽ അറസ്റ്റിലായി. കുട്ടനാട് പുളിങ്കുന്ന് സ്വദേശി ശ്രീരാഗ്, തമിഴ്‌നാട്ടുകാരൻ രാജഗോപാൽ എന്നിവരെയാണ് വാഷി പൊലീസ് ബുധനാഴ്ച അറസ്റ്റുചെയ്തത്.

മലയാളികൾ ഉൾപ്പെടെ എഴുപതിലധികം പേരിൽനിന്നാണ് നഴ്സിങ് ജോലി വാഗ്ദാനംചെയ്ത് ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തത്. തുടർന്ന് ഇരുവരും ഒളിവിൽപ്പോകുകയായിരുന്നു. ലഭിച്ച പരാതികളിൽ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. എന്നാൽ മുഖ്യ ആസൂത്രകയെ കണ്ടെത്തനായില്ല. തട്ടിപ്പിന് നേതൃത്വം നൽകിയ ശ്രീരാഗിന്റെ ഭാര്യ ആതിര കേരളത്തിലേക്ക് മുങ്ങുകയായിരുന്നു.

മാൾട്ടയിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ നഴ്സുമാരുടെ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ പേരിലായിരുന്നു തട്ടിപ്പ്. നവി-മുംബൈ വാഷിയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ പത്രത്തിൽ ഇവർ പരസ്യം നൽകിയിരുന്നു. സമീപിച്ചവരോട് മൂന്നുമാസത്തിനകം ജോലി നൽകാമെന്ന് വാഗ്ദാനംനൽകി ആദ്യം 50,000 രൂപയും പിന്നീട് 12,000 രൂപയും കൈപ്പറ്റി. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. പണം നഷ്ടപ്പെട്ടവർ മാൾട്ടയിലെ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

ഇതേത്തുടർന്ന് സ്ഥാപനത്തിലെത്തി അന്വേഷണം നടത്തിയവരേ പ്രതികൾ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. ഉദ്യോഗാർഥികൾ പിന്നീട് വാഷി പൊലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതികളെ പൊലീസ് തന്ത്രപരമായി പിടികൂടിയത്. തട്ടിപ്പിൽ പങ്കാളികളായ ശ്രീരാഗിന്റെ ഭാര്യ ആതിര ഉൾപ്പെടെയുള്ള മറ്റുപ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് വേണ്ടിയാണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

ആതിരയാണ് തട്ടിപ്പിന് മുമ്പിൽ നിന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. സമാന രീതിയിൽ കൂടുതൽ പേരെ ഈ സംഘം തട്ടിപ്പിന് വിധേയമാക്കിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.