സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന ആദ്യ കൂടിക്കാഴ്ചയിൽ ഇരുവരും അത്ര രസത്തിലായിരുന്നില്ലെന്ന് റിപ്പോർട്ട്. എന്നാൽ, ഓവൽ ഓഫീസിൽ നടന്ന ഒന്നരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച വളരെ സൗഹൃദപരമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. ഒബാമയുമായുള്ള ട്രംപിന്റെ ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്. പ്രസിഡന്റും നിയുക്ത പ്രസിഡന്റും ഓവൽ ഓഫീസിൽ ഔദ്യോഗിക പരിവേഷത്തിൽ സംഗമിച്ചപ്പോൾ, ഇരുവരുടെയും ഭാര്യമാർ വൈറ്റ്ഹൗസിൽ വേറെ വേദിയിലും ഒരുമിച്ചു.

ഒബാമയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപ് വ്യക്തമാക്കി. ഒബാമയുടെ ഭരണപരിചയം അമേരിക്കയുടെ ഐക്യത്തിനും വളർച്ചയ്ക്കുമായി ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപും ഭാര്യ മെലാനിയയും വ്യാഴാഴ്ച രാവിലെയാണ് വൈറ്റ് ഹൗസിൽ ഒബാമയെ കാണാനെത്തിയത്. വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിലുള്ള കവാടത്തിലൂടെയാണ് ഇരുവരും എത്തിയത്. കൂടിക്കാഴ്ചയിൽ മാദ്ധ്യമഹ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.

2008-ൽ ജോർജ് ബുഷിനെ കാണാൻ ഒബാമയും മിഷേലുമെത്തിയപ്പോൾ മാദ്ധ്യമങ്ങളെ വൈറ്റ് ഹൗസിൽ അനുവദിച്ചിരുന്നു. പ്രസിഡന്റുമാരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പകർത്താനും അവസരമുണ്ടായിരുന്നു. എന്നാൽ, ഇക്കുറി മാദ്ധ്യമങ്ങളെ പൂർണമായും അകറ്റിനിർത്താനാണ് വൈറ്റ് ഹൗസ് തീരുമാനിച്ചത്.

സ്വന്തം വിമാനത്തിലാമ് ലാ ഗാർഡിയ എയർപോർട്ടിൽനിന്ന് ട്രംപും ഭാര്യയും വാഷിങ്ടണിലേക്ക് എത്തിയത്. പത്തരയ്ക്ക് വാഷിങ്ടണിലെ റൊണാൾഡ് റീഗൻ വിമാനത്താവളത്തിലെത്തിയ ട്രംപും മെലാനിയയും പതിനൊന്ന് മണിയോടെ വൈറ്റ്ഹൗസിലെത്തി.. ട്രംപിനെ സ്വീകരിക്കുമ്പോഴും കൂടിക്കാണുമ്പോഴും ഒബാമയുടെ മുഖത്ത് ഗൗരവം നിറഞ്ഞുനിന്നിരുന്നുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

എന്നാൽ, പ്രഥമ വനിതകളുടെ കൂടിക്കാഴ്ചയ്ക്ക ഇത്രയും ഗൗരവമുണ്ടായിരുന്നില്ലെന്നാണ് സൂചന. മിഷേൽ ഒബാമയും മെലാനിയയുമായുള്ള കൂടിക്കാഴ്ച വിശേഷം പറച്ചിലും പൊട്ടിച്ചിരിയും നിറഞ്ഞതായിരുന്നു. ഒബാമയും ട്രംപും ഓവൽ ഓഫീസിൽ അമേരിക്കൻ വിദേശനയത്തെക്കുറിച്ച് ഗൗരവ പൂർവം ചർച്ച ചെ്തതപ്പോൾ യെല്ലോ ഓവൽ റൂമിലായിൽ പ്രഥമ വനിതയും നിയുക്ത പ്രഥമ വനിതയും വിശേഷങ്ങൾ പങ്കുവച്ചു. മക്കളുടെ കാര്യവും കുടുംബവിശേഷവുമൊക്കെയായിരുന്നു ഇരുവരുടെയും വിഷയങ്ങളെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.