ന്യൂയോർക്ക്: ഹിലാരി ക്ലിന്റണിന് വേണ്ടി പരസ്യ പ്രചരണം വരെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ നടത്തി. പ്രചരണത്തിൽ ഉടനീളം ഹിലാപി മുന്നിലുമായിരുന്നു. എന്നാൽ ഫലപ്രഖ്യാപനത്തിൽ ജയിച്ചത് ഡൊണാൾഡ് ട്രംപും. ഇതിന് പിന്നിൽ അട്ടിമറിയുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. റഷ്യയെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. പ്രസിഡന്റായി ട്രംപ് വിജയിച്ചു കയറിയെങ്കിലും ഒബാമ അധികാരം ഒഴിഞ്ഞിട്ടില്ല. ജനവരിയിലാകും അധികാര കൈമാറ്റം. അതുകൊണ്ട് തന്നെ കസേരയിൽ നിന്ന് ഇറങ്ങും മുമ്പ് റഷ്യയ്ക്ക് പണികൊടുക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി സൈബർ ആക്രമണങ്ങളിലൂടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപ്പെട്ടതിന്റെ പേരിൽ 35 റഷ്യൻ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി. തിരിച്ചടിക്കൽ നടപടികളുടെ ഭാഗമായി റഷ്യൻ ഇന്റലിജൻസ് കൂടിക്കാഴ്ചകൾക്ക് ഉപയോഗിക്കുന്ന ന്യൂയോർക്കിലേയും മെരിലൻഡിലേയും കെട്ടിടങ്ങൾ അടച്ചിടുവാനും തീരുമാനമെടുത്തു. സൈബർ ആക്രമണത്തിൽ റഷ്യക്കെതിരെ പ്രത്യക്ഷമായും രഹസ്യമായും തിരിച്ചടി നൽകുമെന്ന് നേരത്തെ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരുന്നു. വാഷിങ്ടൺ ഡിസി എംബസിയിലേയും സാൻ ഫ്രാൻസിസ്‌കോ കോൺസുലേറ്റിലേയും 35 റഷ്യൻ നയതന്ത്രജ്ഞരെയാണ് പുറത്താക്കിയതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇവരോടു കുടുംബത്തോടൊപ്പം 72 മണിക്കൂറിനകം രാജ്യം വിടാനും നിർദ്ദേശം നൽകി.

ജനുവരി 20നു പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേൽക്കും മുമ്പെ ഡമോക്രാറ്റിക് പാർട്ടിയുടെ വെബ്‌സൈറ്റുകളിലെ റഷ്യൻ നുഴഞ്ഞുകയറ്റം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ഒബാമ ഇന്റലിജൻസ് ഏജൻസികളോടു ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യൻ ചാരസംഘടനകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനും അമേരിക്ക നീക്കം തുടങ്ങി. സാമ്പത്തിക ഉപരോധം ഈ സംഘനടകൾക്ക് പ്രഖ്യാപിച്ചു. അങ്ങനെ എല്ലാ അർത്ഥത്തിലും റഷ്യയെ പ്രകോപിപ്പിക്കുകയാണ് ഒബാമ. അടുത്ത മാസം ട്രംപ് അധികാരത്തിലെത്തുമ്പോൾ ആദ്യ വെല്ലുവിളിയായി ഈ നടപടികൾ തുടരും. ഈ വിഷയത്തിൽ കരുതലോടെ പ്രതികരിക്കേണ്ടി വരും. ഒബാമയുടെ തീരുമാനങ്ങൾ പിൻവലിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ട്രംപിനെ റഷ്യയുടെ ആളായി ഹിലാരി അവതരിപ്പിച്ചിരുന്നു.

അതിനിടെ സൈബർ ഇടപെടലിലൂടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാരോപിച്ചു റഷ്യയ്‌ക്കെതിരെ ഉപരോധത്തിനു തുനിഞ്ഞാൽ തക്ക തിരിച്ചടി നൽകുമെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് യുഎസിനു മുന്നറിയിപ്പു നൽകി. തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനു പുടിൻ തുറന്ന പിന്തുണ നൽകിയിരുന്നു. പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്നതു ജനുവരി 20ന് ആണ്. റഷ്യ തിരഞ്ഞെടുപ്പിൽ ഇടപെട്ടതായി കരുതാൻ ന്യായമുണ്ടെന്ന് യുഎസ് ചാരസംഘടനയായ സിഐഎ ഈയിടെ വെളിപ്പെടുത്തിയിരുന്നു. 'ഇതേ കൂട്ടരാണ് ഇറാഖിൽ സദ്ദാം ഹുസൈനു സർവനാശശേഷിയുള്ള ആയുധങ്ങളുണ്ടെന്നു പ്രചരിപ്പിച്ചത്' സിഐഎ നിഗമനങ്ങളെ പരാമർശിച്ചു ട്രംപിന്റെ ഓഫിസ് പ്രതികരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അധികാരത്തിലെത്തുന്ന ട്രംപിന്റെ സമീപനങ്ങൾ ശ്രദ്ധേ.മാകും.

തിരഞ്ഞെടുപ്പുകാലത്തു ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹിലറി ക്ലിന്റൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഇമെയിലുകളും മറ്റു വിവരങ്ങളും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അനുഗ്രഹാശിസുകളോടെ റഷ്യ ഹാക്ക് ചെയ്‌തെന്നാണ് ആരോപണം. ഇത് ട്രംപിന് വേണ്ടിയാണെന്നാണ് ആക്ഷേപം. ഇതിനെ തള്ളിക്കളഞ്ഞ് ഇപ്പോഴുള്ള പ്രതികരണങ്ങളും മറ്റും ട്രംപ് അസാധുവാക്കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. എന്നാൽ അത് അമേരിക്കയിൽ ട്രംപിന് തിരിച്ചടിയുണ്ടാക്കും. ഈ സാഹചര്യത്തിൽ ഒബാമയുടെ തീരുമാനങ്ങളെ ട്രംപ് തിരുത്തിയാൽ അത് അമേരിക്കയിൽ പുതിയ ചർച്ചകൾക്കിട നൽകും.

സമവായത്തിന്റെ നയതന്ത്രമാണ് ഒബാമ പ്രസിഡന്റായിരിക്കെ പുലർത്തിയത്. റഷ്യയോടെ ഏറ്റുമുട്ടൽ ഒഴിവാക്കിയാണ് മുന്നോട്ട് പോയത്. അധികാരത്തിൽ നിന്നൊഴിയാനാകുമ്പോൾ ഇത് മാറുന്നു. ഇതിന് കാരണം ഹിലാരിയുടെ തോൽവി തന്നെയാണെന്നാണ് വിലയിരുത്തൽ.