- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇങ്ങനൊരു മറുപടി ചോദിച്ചവൻ പോലും പ്രതീക്ഷിച്ചിരുന്നില്ല'; കമൻറ് സെക്ഷൻ ഒഴിവാക്കുമെന്ന് ഉറപ്പു നൽകി ചിത്രീകരിച്ച വീഡിയോ വൈറൽ; യുട്യൂബറേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തത് യുവതി പരാതി നൽകിയതോടെ
ചെന്നൈ: അശ്ലീല ചോദ്യങ്ങളുമായി യുവതികളെ സമീപിക്കുകയും യുവതികളുടെ പ്രതികരണങ്ങൾ യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചെന്നൈ സ്വദേശികളായ അവതാരകൻ അസൻ ബാദ്ഷാ (23), ക്യാമറാമാൻ അജയ് ബാബു (24), നല്ലൂർ സ്വദേശിയായ ചാനൽ ഉടമ ദിനേശ് കുമാർ (31) എന്നിവരാണ് പിടിയിലായത്. യുവതിയുടെ പരാതിയിയുടെ അടിസ്ഥാനത്തിൽ ചെന്നൈ ശാസ്ത്രി നഗർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
'ചെന്നൈ ടോക്‌സ് ' എന്ന പേരിലുള്ള ഇവരുടെ യു ട്യൂബ് ചാനലിൽ വിവിധ വിഷയങ്ങളിൽ ആളുകളുടെ പ്രതികരണങ്ങളാണ് പ്രസിദ്ധീകരിച്ചിരുന്നത്. കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിന് ലൈംഗികച്ചുവയുള്ള ചോദ്യങ്ങളും ദ്വയാർഥപ്രയോഗങ്ങളും നടത്തുന്നത് പതിവായിരുന്നു. ബസന്റ് നഗർ സ്വദേശിനിയായ യുവതിയാണ് യൂട്യൂബ് ചാനൽ പ്രവർത്തകർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതിയിൽ സ്ത്രീപീഡനമടക്കം നാലുവകുപ്പുകൾ പ്രകാരം കേസെടുത്ത് ശാസ്ത്രി നഗർ പൊലീസാണ് മൂവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വൈറലായ വീഡിയോയിലെ യുവതി തന്നെയാണ് പരാതി നൽകിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സ്ക്രിപ്റ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും വീഡിയോയുടെ കമൻറ് സെക്ഷൻ ഒഴിവാക്കുമെന്ന് ചാനൽ ഉറപ്പ് നൽകിയിരുന്നെന്നും ഇവർ പറയുന്നു. മറ്റ് യൂട്യൂബ് ചാനലുകളിൽ വീഡിയോ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും യുവതിയുടെ പരാതിയിലുണ്ട്. യൂട്യൂബ് ചാനൽ പുറത്തുവിട്ട മൂന്ന് മിനിറ്റ് നീണ്ട വീഡിയോയാണ് നിലവിലെ വിവാദങ്ങൾക്കടിസ്ഥാനം. വീഡിയോ വൈറലായതിന് പിന്നാലെ യുവതിയെ അധിക്ഷേപിക്കുന്ന രീതിയിൽ നിരവധി കമൻറുകൾ വന്നിരുന്നു. അശ്ലീലത, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരായ നടപടി.
യുവതികളോട് സംസാരിക്കുന്നതിന്റെ വീഡിയോകൾ തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പുകളുമായി ഇവർ സാമൂഹികമാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. പൊതുസ്ഥലങ്ങളിലാണ് അഭിപ്രായം തേടി വീഡിയോകൾ ചിത്രീകരിച്ചിരുന്നത്. ആളുകളോട് തരംതാഴ്ന്ന ചോദ്യങ്ങൾ ചോദിക്കുന്ന ഇവർ അനുവാദം കൂടാതെ ദൃശ്യങ്ങളുമെടുത്തിരുന്നു. സ്ത്രീവിരുദ്ധമായ അടിക്കുറിപ്പുകളാണ് ഒപ്പം ചേർത്തിരുന്നത്. ഇത്തരത്തിൽ കഴിഞ്ഞദിവസം ഒരു യുവതിയെ സമീപിച്ച് അപമാനിച്ചതോടെ അവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ അശ്ലീലച്ചോദ്യങ്ങളുമായി നടക്കുന്ന മറ്റ് യു ട്യൂബ് ചാനലുകാർക്ക് എതിരേയും നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
മലയാളത്തിലുൾപ്പെടെ ഇത്തരത്തിലുള്ള യു ട്യൂബ് ചാനലുകൾ പ്രവർത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിന്റെ പ്രേക്ഷകരെന്നതും ശ്രദ്ധേയമാണ്. ഇങ്ങനൊരു മറുപടി ചോദിച്ചവൻ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്ന അടിക്കുറിപ്പോടെയായിരുന്നു യുവതിയുടെ പ്രതികരണം ഇവർ പ്രചരിപ്പിച്ചിരുന്നത്.
മറുനാടന് ഡെസ്ക്