ഓച്ചിറ: ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു വീഴ്‌ത്തിയ ശേഷം ഗൃഹനാഥൻ വീടിന് തീവെച്ചു. തീപടർന്ന വീട്ടിൽ പത്ത് ലക്ഷം രൂപയുണ്ടെന്ന പറഞ്ഞ് വീട്ടമ്മ കരഞ്ഞപ്പോൾ ആളിപ്പടർന്ന തീയിലേക്ക് എടുത്തു ചാടിയ എസ്‌ഐ പണം എടുത്ത് സുരക്ഷിതമായി വീട്ടമ്മയ്ക്ക് കൈമാറി. ഓച്ചിറ എസ്‌ഐ ജ്യോതി സുധാകറാണ് തീ പടർന്ന വീട്ടിൽ കയറി പണം എടുത്തു നൽകി കയ്യടി നേടിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ച ശേഷം ഗൃഹനാഥനായ ഹരികുമാർ ആണ് വീടിനു തീവെച്ചത്. ഇയാൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. വീട്ടുപകരണങ്ങൾ കണ്ണും മുന്നിൽ കത്തി നശിച്ചത് വീട്ടമ്മ നോക്കി നിന്നു. അപ്പോഴാണ് അലമാരിയിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയെ കുറിച്ച് വീട്ടമ്മ ഓർത്തത്. പൈസയെ കുറിച്ച് എസ്‌ഐയോട് പറഞ്ഞ് വീട്ടമ്മ അലറിക്കറഞ്ഞു.

എന്നാൽ വീട്ടമ്മ സ്വരുക്കൂട്ടിയ പത്ത് ലക്ഷം രൂപ ചാരമാകുന്നത് നോക്കി നിൽക്കാൻ എസ്‌ഐക്ക് ആവുമായിരുന്നില്ല. ആളിപ്പടർന്ന തീയിലേക്ക് ജ്യോതിസുധാകർ എടുത്തു ചാടി. ജനൽച്ചില്ല് തകർത്ത് അകത്തു കയറിയ എസ്‌ഐ കത്തിക്കൊണ്ടിരുന്ന അലമാര തള്ളിയിട്ട് അതിൽനിന്നു പണം അടങ്ങിയ ബാഗ് പുറത്തെടുക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ച 10 ലക്ഷം രൂപയുമായി അതിസാഹസികമായി തിരിച്ചെത്തുകയും ചെയ്തു. എസ്‌ഐയ്ക്കു സാരമായി പരുക്കേറ്റു. ബന്ധുവിന്റെ വിവാഹാവശ്യത്തിനായി സൂക്ഷിച്ചതായിരുന്നു പണം.

പായിക്കുഴി സ്വദേശി ഹരികുമാറാണ് വീടിനു തീവച്ചത്. ഭാര്യയുടെ ബന്ധുവായ സ്ത്രീക്കും മർദനമേറ്റു. ഇരുവരെയും ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 1.30ന് ആയിരുന്നു സംഭവം. കരുനാഗപ്പള്ളി, കായംകുളം യൂണിറ്റുകളിൽനിന്ന് എത്തിയ അഗ്‌നിശമന സേനാസംഘം ഒരു മണിക്കൂറുകൊണ്ടാണു തീ അണച്ചത്. മണ്ണെണ്ണ ഒഴിച്ചു വീടിനു തീവച്ചശേഷം ഹരികുമാർ കടന്നുകളഞ്ഞു. ഭാര്യയുടെ നിലവിളി കേട്ടു നാട്ടുകാർ എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. നിമിഷനേരം കൊണ്ട് വീട്ടിലെ എല്ലാ ഉപകരണങ്ങളും അഗ്‌നിക്കിരയായി. ഹരികുമാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.