ഓച്ചിറ: പവിത്രവും പരിപാവനവുമായ ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ ആടിനെ കശാപ്പ് ചെയ്ത് പാകംചെയ്തു. കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമായ സംഭവം അരങ്ങേറിയത്. പരബ്രഹ്മ ക്ഷേത്രത്തിൽ നടന്നുവരുന്ന പന്ത്രണ്ടുവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന കാർണിവൽ സംഘത്തിലെ മലയാളികളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ആടിനെ കൊന്ന് പാകം ചെയ്തു ഭക്ഷിച്ചത്.

ഉത്സവം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ക്ഷേത്രപരിസരത്ത് മാംസാവശിഷ്ടങ്ങൾ കണ്ട് ബിജെപി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി അനൂപ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കാർണിവൽ തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽ പരിശോധന നടത്തിയപ്പോൾ പാചകക്കാരൻ ആട്ടിറച്ചി പാകംചെയ്തുകൊണ്ടുനിൽക്കുകയായിരുന്നു. തൊട്ടടുത്തുതന്നെ പാകമായ ആട്ടിറച്ചി പാത്രങ്ങളിൽ വിളമ്പിവച്ചിട്ടുമുണ്ട്. ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ച അനൂപിനെ മാനേജരടക്കമുള്ള തൊഴിലാളികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആദ്യം നടപടിയെടുക്കാൻ വിമുഖത കാട്ടി. സംഘപരിവാർ പ്രസ്ഥാനത്തിന്റെ കൂടുതൽ പ്രവർത്തകർ എത്തി പ്രതിഷേധിച്ചപ്പോഴാണ് നടപടിയെടുക്കാൻ തയ്യാറായത്. കരുനാഗപ്പള്ളി സിഐകെ.എ.വിദ്യാധരനും ഓച്ചിറ എസ്.ഐ.വിനോദ് ചന്ദ്രനും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഘപരിവാർ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കാർണിവൽ നടത്തുന്ന വ്യക്തിയുടെയും ഭക്ഷണം പാകം ചെയ്ത ആളിന്റെ പേരിൽ കേസെടുത്തു.

സ്ഥലത്ത് കെട്ടിയിട്ടിരുന്ന രണ്ടു ആടുകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഓച്ചിറ വൃശ്ചിക ഉത്സവത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് ആളുകൾ വന്നുപോകുന്ന ഇവിടെ ഭക്തിയോടൊപ്പം വിനോദത്തിനും വ്യാപാരത്തിനും വളരെയേറെ പ്രാധാന്യമാണ് നൽകിയിരുന്നത്. എന്നാൽ കുറെ വർഷങ്ങളായി ഓച്ചിറയിലെ പ്രസിദ്ധമായ പന്ത്രണ്ടുവിളക്ക് അട്ടിമറിക്കാനുള്ള ശ്രമം നടന്നിരുന്നു. ഓച്ചിറ ക്ഷേത്രത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ഗുണ്ടാസംഘം പ്രദേശത്ത് വിലസുന്നതും പതിവാകുകയാണ്.

ആടിനെ കൊന്ന് കറിവച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേസ്സ് ഒത്തുതീർപ്പാക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നതായാണ് വിവരം.