തിരുവനന്തപുരം: തീരദേശത്തെ കണ്ണീരിലാഴ്‌ത്തി ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചിട്ട് രണ്ടരമാസം പിന്നിടുന്നു. സമാനതകളില്ലാത്ത ഒരു ദുരന്തത്തിനാണ് കേരള തമിഴ്‌നാട് തീരദേശ പ്രദേശം സാക്ഷ്യം വഹിച്ചത്. ഓഖി പ്രവർത്തനങ്ങളിലെ വീഴ്ചയെക്കുറിച്ച അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ലത്തീൻ അതിരൂപതാ വികാരി ലാബ്രിൻ യേശുദാസ്. സംസ്ഥാന സർക്കാരിനും ദുരന്ത നിവാരണ അതോരിറ്റിക്കുമെതിരെയാണ് വൈദികൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. ദുരന്തം വീശിയടിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ പ്രവർത്തികളിൽ കടുത്ത അതൃപ്തിയുള്ളതാണ് പരാതിക്ക് കാരണമെന്ന് തിരുവനന്തപുരം സെന്റ് പയസ് പത്താമൻ പള്ളി വികാരിയും ലോ അക്കാദമി അദ്ധ്യാപകനും കൂടിയായ വൈദികൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ദുരന്തത്തിന് പിന്നാലെ ദുരിതബാധിതർക്കും കുടുംബത്തിനും സഹായവുമായി സംസ്ഥാന സർക്കാർ കൂടെയുണ്ടെന്ന് പറയുമ്പോഴും ഇനിയും കടലിൽ നിന്നും കാണാതായവരെക്കുറിച്ച് ഒരു വിവരവുമില്ലാത്ത എത്രയോ കുടുംബങ്ങൾ തീരദേശത്ത് കഴിയുന്നുവെന്ന് ആർക്കൊക്കെ അറിയാമെന്നും നിങ്ങളുടെ വീട്ടിലാണ് ഇങ്ങനെയൊരു സ്ഥിതിയെങ്കിൽ എങ്ങനെ പ്രചികരിക്കുമെന്നും വൈദികൻ ചോദിക്കുന്നു. തന്റെ കുടുബത്തിൽ നിന്നും രണ്ടു പേർ മത്സ്യബന്ധനത്തിന് പോയിരുന്നു. അതിൽ ഒരാൾ മരിച്ചു, മറ്റെയാൾ തിരിച്ച് വന്നു. എന്നാൽ ഇനിയും തിരിച്ചുവരാത്തവരെ കാത്ത് കരയുന്ന അമ്മമാരെയും പെങ്ങമ്മാരെയും മക്കളേയും ഒക്കെ ഇനിയും ആ കടൽ തീരങ്ങളിൽ കാണാൻ കഴിയുമെന്ന് വൈദികൻ പറയുന്നു.

ദുരന്ത നിവാരണ അതോരിറ്റിയും സംസ്ഥാന സർക്കാരുമാണ് ദുരന്തത്തിന് ആഴം കൂട്ടിയതെന്നും പരാതിക്കാരനായ വൈദികൻ പറയുന്നു.കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായമുണ്ടാകുമെന്ന് പറയുമ്പോഴും എന്തൊക്കെയാണ് ചെയ്തതെന്നും എങ്ങനെയാണ് ദുരന്തത്തിന് ഇരയായവർക്ക് ഫണ്ട് നൽകുക എന്ന് പറയാൻ സർക്കാരിന് കഴിയണമെന്നും വൈദികൻ കൂട്ടിച്ചേർത്തു.അത്കൊണ്ട് തന്നെ ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് നേരത്തെ വിവരമുണ്ടായിട്ടും അത് നേരത്തെ മത്സ്യ തൊഴിലാളികളെ അറിയിക്കാനും കഴിയണമെന്നും പരാതിക്കാരൻ പറയുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാക്കേജുകൾ പ്രഖ്യാപിച്ച് അവസാനിപ്പിക്കേണ്ടതല്ല ഈ സംഭവം. കേന്ദ്ര മന്ത്രി ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു. ഇവിടെ മത്സ്യ ബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ഒരു മന്ത്രാലയം പോലും നിലവിലില്ല. കൃഷി മന്ത്രാലയത്തിന് കീഴിലാണ് അതും ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇപ്പോഴും ഭീതി മാറാതെ തീരദേശം

ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ നിരവധി സഹോദരങ്ങളെയാണ് തീരദേശത്തിന് നഷ്ടമായത്. സാഹചര്യമുണ്ടാക്കിയ ഭീതിയിൽ നിന്നും ഇനിയും മുക്തരായിട്ടില്ല. സ്വന്തം വീട്ടിൽ തന്നെ രണ്ടോ മൂന്നോ മരണങ്ങൾ അതിന് പുറമെ തൊട്ടടുത്ത് ഇടതും വലതും താമസിക്കുന്ന അയൽവാസികളുടെ വീട്ടിലും മരണങ്ങൾ, അങ്ങനെ ഒരു പ്രദേശത്ത് ഏകദേശം എല്ലാവീട്ടിലും മരണങ്ങൾ. ഇത്രയും നേരിട്ട ഒരു വിഭാഗത്തിന് വേണ്ടി എന്ത് എങ്ങനെ ചെയ്തു എന്ന് വ്യക്തമാക്കണം. ആ വീട്ടിലെ കുട്ടികളുടെ അവസ്ഥ മനസ്സിലാക്കാൻ പറ്റണം. സർക്കാർ പറയുന്ന പാക്കേജുകൾ കൃത്യമായി ദുരന്ത ബാധിതർക്ക് ലഭിക്കാൻ നടപടിയുണ്ടാകണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ

ദുരന്തത്തിന് ശേഷം തീരദേശത്ത് നിന്നും മത്സ്യബന്ധനത്തിന് പോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പലരേയും വീട്ടുകാർ പേടിച്ചിട്ട് വിടാത്തതാണ്. സുനാമി ഫണ്ട് വകമാറ്റി ചിലവഴിച്ചതാണ് പണ്ട് ആ ഗതി ഈ ദുരിതമനുഭവിക്കുന്നവർക്ക് ഉണ്ടാകരുത്. ഇപ്പോൾ സംഭവം കോടതി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത് ഈ ദുരന്തത്തിൽ സംഭവിച്ചത് ഇനിയും ആവർത്തിക്കപ്പെടാൻ പാടില്ല. അത്തരത്തിലുള്ള മുൻകരുതലുകളെടു്കകാൻ ഈ അന്വേഷണം സഹായകമാകുമെന്നും പരാതിക്കാരൻ പ്രതീക്ഷിക്കുന്നു.