കൊച്ചി: ശ്രീകുമാർ മേനോന്റെ പരസ്യ കമ്പനിയുടെ പേര് പുഷ് എന്നായിരുന്നു. തള്ള് എന്നാണ് പുഷ് എന്ന പദത്തിന് അർത്ഥം. ഇതിന് സമാനമാണ് ഒടിയന്റെ അവകാശ വാദങ്ങൾക്കും പിന്നിലെന്നാണ് സിനിമാ ലോകം പറയുന്നത്. ഒടിയൻ തിയേറ്ററിൽ എത്തും മുമ്പേ 100 കോടിയുടെ കച്ചവടം ലഭിച്ചുവെന്നാണ് ശ്രീകുമാർ മേനോന്റെ അവകാശവാദം. കണക്കുകൾ വിശദീകരിച്ചാണ് ഇത് ശ്രീകുമാർ മേനോൻ ഉന്നയിച്ചത്. എന്നാൽ ഇതെല്ലാം പൊള്ളത്തരമാണെന്നാണ് സിനിമാ ലോകം തന്നെ പറയുന്നത്. വെറും തള്ളുമാത്രമാണ് ശ്രീകുമാർ മോനോൻ നടത്തുന്നതെന്നാണ് ഇവരുടെ വാദം. 100 കോടി കിട്ടിയതായി ഒടിയന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് പോലും അറിയില്ലത്രേ. ശ്രീകുമാർ മേനോന്റെ ട്വീറ്റ് കണ്ട് അഭിനന്ദിക്കാൻ വിളിച്ചവരോട് ആന്റണി പെരുമ്പാവൂർ പറഞ്ഞത് ഈ കണക്കിനെ കുറിച്ച് അറിയില്ലെന്നാണ്. 17 കോടിയോളം കിട്ടിയെന്നും ആന്റണി പറഞ്ഞതായാണ് സിനിമാക്കാർക്കിടയിലെ ചർച്ചാ വിഷയം.

ഒടിയൻ ടീം പുറത്തുവിട്ട കണക്കുവിവരങ്ങൾ തന്നെ അവംലംബിച്ചാണ് സിനിമയിലെ പ്രമുഖർ കഥ പൊളിക്കുന്നത്. സാറ്റലൈറ്റ് റൈറ്റ്സ്-21 കോടി (രണ്ട് മലയാളം ചാനലുകളുടെ ആകെ തുക)യെന്ന് പറയുന്നുണ്ട്. ഏഷ്യാനെറ്റിനാണ് ചാനൽ റൈറ്റ് വിറ്റത്. അമൃതാ ചാനലുമായി എന്തോ ഒരു കാരാറുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത ഇനിയും വന്നിട്ടില്ല. അതുകൊണ്ട് തന്നെ 21 കോടിയുടെ കണക്ക് വിശ്വസിക്കാനാവില്ലെന്നാണ് സിനിമാക്കാർ തന്നെ പറയുന്നു. ഗൾഫ് രാജ്യങ്ങളിലെ അവകാശത്തിൽ 2.9 കോടിയെന്നത് ശരിയായിരിക്കാം. അല്ലാതെയുള്ള ഓവർസീസ്-1.8 കോടിയും കിട്ടിയിട്ടുണ്ടാകാം. കേരളത്തിനു പുറത്തുള്ള അവകാശത്തിന് 2 കോടിയും കിട്ടിയിരിക്കാം. എന്നാൽ ഇതിനൊപ്പം അഡ്വാൻസ് ബുക്കിങ് യുഎഇ-ജിസിസി 5.5 കോടിയെന്നും പറയുന്നുണ്ട്. അഡ്വാൻസ് ബുക്കിങ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തും 1 കോടി കിട്ടിയെന്നും വിശദീകരിക്കുന്നു. ഇതിനെയാണ് സിനിമാക്കാർ തന്നെ പ്രധാനമായും ചോദ്യം ചെയ്യുന്നത്.

ആർക്കെങ്കിലും വിദേശത്തെ അവകാശം വിറ്റാൽ പിന്നെ അതിലൂടെ ലഭിക്കുന്ന ലാഭവും നഷ്ടവും അവർക്ക് മാത്രം ബാധകമാണ്. അഡ്വാൻസ് ബുക്കിംഗിലൂടെ കേരളത്തിന് പുറത്ത് ലഭിക്കുന്ന തുക എങ്ങനെ നിർമ്മാതാവിന് ലഭിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഇതിനെ നിർമ്മാതാവിന്റെ ലാഭക്കണക്കിലേക്ക് വരുന്നവിധത്തിൽ ചർച്ചകൾ ശ്രീകുമാർ മേനോൻ കൊണ്ടു പോയിരിക്കുന്നു. അതായത് അഡ്വാൻസ് ബുക്കിംഗിലൂടെ എന്തെങ്കിലും കേരളത്തിന് പുറത്ത് നിന്ന് കിട്ടിയാലും അത് സിനിമയുടെ നിർമ്മാതാവിന് കിട്ടാൻ ഒരു സാധ്യതയുമില്ല. ഇതെല്ലാം സിനിമയുടെ ലാഭക്കണക്കുൾക്കൊപ്പം ആരും ചേർത്ത് വയ്ക്കാറില്ല. ഇതിനൊപ്പം ഇന്ത്യയ്ക്ക് പുറത്തുള്ള അവകാശം മുഴുവൻ ഒരാൾക്കാണ് നൽകിയതെന്നും സൂചനയുണ്ട്. ഇത് മൂന്ന് കോടി രൂപയ്ക്കാണ് സ്വന്തമാക്കിയതെന്നും സിനിമാക്കാർ പറയുന്നു. ഇങ്ങനെ ശ്രീകുമാർ മേനോന്റെ കണക്കുകളിൽ ഞെട്ടുകയാണ് സിനിമാ ലോകം. മോഹൻലാലിനെ പോലും കളിയാക്കുകയാണ് ഇതെന്ന് ഫാൻസുകാർ പറയുന്നു.

തെലുങ്ക് റൈറ്റ്സ്(ഡബ്ബ്)-5.2 കോടി, തമിഴ് റൈറ്റ്സ്(ഡബ്ബ്)-4 കോടി, ഹിന്ദി തിയറ്റർ അവകാശം(ഡബ്ബ്), സാറ്റലൈറ്റ് റൈറ്റ്സ് -4 കോടി, തമിഴ് സാറ്റലൈറ്റ് റൈറ്റ്സ്-3കോടി, തെലുങ്ക് സാറ്റലൈറ്റ് റൈറ്റ്സ്-3കോടി, തമിഴ് റീമെയ്ക്ക് റൈറ്റ്സ്-4 കോടി, തെലുങ്ക് റീമെയ്ക്ക് റൈറ്റ്സ്-5 കോടി എന്നിങ്ങനേയും വിശദീകരിക്കുന്നു. എന്നാൽ പാലാക്കാരൻ രാജ് സക്കറിയ മൂന്ന് കോടിക്കാണ് തമിഴിലേയും തെലുങ്കിലേയും കന്നഡയിലേയും അവകാശം വാങ്ങിയത്. ഇങ്ങനെ അവകാശം വാങ്ങിയവർക്കാണ് ആ ഭാഷയിലെ സാറ്റലൈറ്റ് റൈറ്റ് വാങ്ങാനുള്ള അവകാശം. വിദേശത്തെ അഡ്വാസ് ബുക്കിംഗിന് സമാനമായ കള്ളക്കണക്കാണ് ശ്രീകുമാർ മേനോൻ ഇവിടേയും ചർച്ചയാക്കുന്നത്. ഇതും സിനമാ ലോകത്തെ ഞെട്ടിക്കുന്നുണ്ട്. ഡബ്ബിംഗിനും റിമേക്കിനും വെവ്വേറെ കണക്ക് കാണിക്കുന്നതിന്റെ സാങ്കേതികത്വവും മനസ്സിലാക്കുന്നില്ല.

എയർടെൽ ബ്രാൻഡിങ്-5 കോടി, കിങ്ഫിഷർ ബ്രാൻഡിങ്-3 കോടി, മൈജി, ഹെഡ്ജ് ബ്രാൻഡിങ്-2 കോടി, കോൺഫിഡന്റ് ഗ്രൂപ്പ് ബ്രാൻഡിങ്-3 കോടി, മറ്റു പരസ്യങ്ങളിൽ നിന്നും-2 കോടി, ഈ കണക്കുകളും ആർക്കും മനസ്സിലാകുന്നില്ല. മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയൻ ഡിസംബർ 14 ന് ലോകകമൊട്ടാകെ തിയറ്ററുകളിലെത്തുകയാണ്. വലിയ ബ്രാൻഡിങ് ചിത്രത്തിന് ലഭിക്കുകയും ചെയ്തു. ഇതിനൊപ്പം തള്ളുകളുമായി ശ്രീകുമാർ മേനോൻ എത്തുന്നത് സിനിമയുടെ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്ന് വിലയിരുത്തൽ സിനിമാ ലോകത്ത് തന്നെയുണ്ട്. ബാഹുബലി പോലെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം നേടാൻ ഒടിയന് കഴിയുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ അവകാശപ്പെട്ടിരുന്നു. ഈ ചിത്രം കൂടുതൽ വലിയ സിനിമകളെടുക്കാൻ പ്രചോദനമാകുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. മോഹൻലാലിനെ എങ്ങനെ സ്‌ക്രീനിൽ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ അതിന്റെ ഉത്തരമാണ് ഒടിയൻ. അന്യഭാഷ ചിത്രങ്ങൾക്കുള്ള മറുപടിയാണ് ഒടിയൻ. രജനികാന്ത് ചിത്രങ്ങളുടെ റിലീസ് പോെലയാകും ഒടിയന്റെ റിലീസുമെന്നും പറഞ്ഞിരുന്നു. അതിന് ശേഷമാണ് 100 കോടിയുടെ കണക്കുമായി ശ്രീകുമാർ മേനോൻ എത്തിയത്.

സാറ്റലൈറ്റ്, ഓഡിയോ-വിഡിയോ, ഡിജിറ്റൽ, അന്യാഭാഷാ റൈറ്റ് എന്നിങ്ങനെയാണ് സാധാരണയായി റിലീസിന് മുമ്പ് പണം കിട്ടാനുള്ള വഴികൾ. ഇതിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് കായംകുളം കൊച്ചുണ്ണിയാണ്. മോഹൻലാലും നിവിൻ പോളിയും ഒരുമിച്ച് അഭിനയിച്ച ഈ ചിത്രത്തിന് 20 കോടിയോളം രൂപയാണ് ഇങ്ങനെ കിട്ടിയത്. അതായത് ലാലിന്റേയും നവിൻ പോളിയുടേയും താരമൂല്യമുള്ള കായംകുളം കൊച്ചുണ്ണിക്ക് കിട്ടിയത് പോലും വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ 100 കോടി ഒടിയന് കിട്ടുമെന്നതാണ് ഉയർന്ന ചോദ്യം. കായംകുളം കൊച്ചുണ്ണിക്ക് സാറ്റലൈറ്റ് റൈറ്റിലൂടെ 12 കോടി കിട്ടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോന്റെ 100 കോടി കണക്ക് അവിശ്വസനീയമെന്നാണ് സിനിമാ ലോകവും ആരോപിച്ചത്. സാറ്റലൈറ്റ് റൈറ്റിലൂടെ ഒടിയന് പരമാവധി 12 കോടി വരെ കിട്ടിയേക്കും. ഓഡിയോ വീഡിയോ വിൽപനയിലൂടെ 50 ലക്ഷം മാത്രമേ ഒടിയന് കിട്ടിയിട്ടുള്ളൂവെന്നതാണ് സിനിമാ ലോകം പറയുന്നത്.

പുഷ് എന്ന പരസ്യ കമ്പനിയുടെ നടത്തിപ്പായിരുന്നു ശ്രീകുമാർ മേനോൻ മുമ്പ് പ്രധാനമായും ചെയ്തിരുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തി. ഈ പരസ്യ കമ്പനിയെ കൈവിട്ടാണ് സിനിമാ നിർമ്മാണത്തിന് ശ്രീകുമാർ മേനോൻ എത്തിയത് പുഷ് കമ്പനി പാപ്പർ സ്യൂട്ട് പോലും കൊടുത്തു. അതുകൊണ്ട് തന്നെ ഒടിയന്റെ വിജയം ശ്രീകുമാർ മേനോന് അതിനിർണ്ണായകമാണ്. രണ്ടാമൂഴം സിനിമയുടെ വിവാദങ്ങളും ശ്രീകുമാർ മേനോനെ തളർത്തിയിട്ടുണ്ട്. എംടിയുമായുള്ള കേസും മറ്റും വിവാദത്തിലാക്കിയ ശ്രീകുമാർ മേനോന് സംവിധാനത്തിലെ പ്രതിഭ തെളിയിക്കാൻ ഒടിയനിലെ വിജയം അനിവാര്യമാണ്.

ശ്രീകുമാർ മേനോന്റെ അവകാശവാദങ്ങൾ ഇങ്ങനെ

റിലീസിനു മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം നേടി ഒടിയൻ. മലയാള സിനിമയ്ക്ക് ഇത് ചരിത്രനേട്ടം. ആഗോള വിതരണാവകാശമുൾപ്പെടെ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. ഇതുവരെ സ്വന്തമാക്കിയത് 101.2 കോടി രൂപയെന്നാണ് പറയുന്നത്. ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന പരസ്യവാചകത്തെ ഓർമ്മിപ്പിക്കുന്ന ആപൂർവ്വനേട്ടമാണ് ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയനിലൂടെ മലയാളത്തിനു ലഭിക്കുന്നതെന്നായിരുന്നു പിആർ ഏജൻസിയുടെ പത്രക്കുറിപ്പ്. ഡിസംബർ 14 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തും മുമ്പേ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ഒടിയൻ.

മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഇംഗ്ലീഷ് സബ്ബ്ടൈറ്റിലോടെ ആഗോളതലത്തിലും ഒരേസമയമാണ് റിലീസിങ്ങ്. സിനിമയുടെ റീമേക്ക്, സാറ്റലൈറ്റ്, പ്രീബുക്കിങ്ങ്, ബ്രാൻഡിങ്ങ് , ഓവർസീസ്, തിയറ്റർ അഡ്വാൻസ് എന്നിവയിൽ നിന്നുള്ള വരുമാനത്തിലൂടെയാണ് 100 കോടി ക്ലബ്ബിൽ റിലീസിന് 3 ദിവസം മുമ്പേ ഇടം നേടിയതെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ ട്വീറ്റ് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യസിനിമയാണ് ഒടിയൻ. റിലീസിനു മുമ്പേ 100 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ദക്ഷിണേന്ത്യൻ ചിത്രവും, ഇന്ത്യയിലെ പതിനൊന്നാമത് ചിത്രവുമെന്ന ഖ്യാതിയും നേടിയാണ് ഒടിയന്റെ വരവ്.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബിഗ് ബജറ്റ് ചിത്രമായ ഒടിയൻ ഇതോടെ പുതിയ സാധ്യതകളാണ് മലയാള സിനിമയക്കു മുന്നിൽ തുറന്നിടുന്നത്. ഒടിയനിലെ ഇതുവരെ പുറത്തുവന്ന ഗാനങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചതും ചിത്രത്തിന്റെ നേട്ടങ്ങളായെന്ന് ശ്രീകുമാർ മേനോൻ അവകാശപ്പെട്ടിരുന്നു. ഈ വാദങ്ങളാണ് സിനിമാ ലോകം തന്നെ തള്ളിക്കളയുന്നത്. പരസ്യ ചിത്ര സംവിധാന രംഗത്തുനിന്നും സിനിമയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ശ്രീകുമാർ മേനോൻ തന്റെ കന്നി ചിത്രത്തിൽ എന്തൊക്കെ സസ്പെൻസുകളാണ് ഒളിപ്പിച്ചിട്ടുള്ളത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരെന്നും പി ആർ ഏജൻസി വിശദീകരിച്ചിരുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മലയാളത്തിൽ ഇന്നുവരെയുള്ള ഏറ്റവു വലിയ മാസ്സ് റിലീസിനാണ് തയ്യാറെടുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ഹരികൃഷ്ണന്റെതാണ് തിരക്കഥ. മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങി വമ്പൻ താരനിയയാണ് ഒടിയനിലേത്.