കൊച്ചി: മോഹൻലാലിന്റെ ഒടിയൻ തിയേറ്ററിൽ ഓടുന്നത് നിറഞ്ഞ സദസിലാണ്. ഹർത്താൽ ദിനത്തിൽ വെല്ലുവിളികൾ നേരിട്ട് തിയേറ്ററിലെത്തി സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വികാരം സംവിധായകൻ ശ്രികുമാർ മേനോന് എതിരായാണ്. സിനിമ വിജയിക്കുമെന്ന് പറയുന്നവർ പോലും സംവിധായകന്റെ തള്ള് കൂടി പോയെന്ന് അഭിപ്രായപ്പെടുന്നു. ചിത്രം തിയേറ്ററിലെത്തും മുമ്പ് 100 കോടി കിട്ടിയെന്ന് പറഞ്ഞ ശ്രികുമാർ മേനോനെതിരെ കടുത്ത പ്രതിഷേധമാണ് റിലീസിന് ശേഷവും ഉയരുന്നത്. ലാൽ ഫാൻസുകാരും ഇതിൽ സജീവമായി ഇടെപടൽ നടത്തുന്നു. ഇതോടെ 50 കോടി ചെലവിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം മുടക്കുമുതൽ പിടിച്ചാൽ പോലും സംവിധായകനെ ഫാൻസുകാർ വെറുതെ വിടില്ലെന്നാണ് ലഭിക്കുന്ന സൂചന.

ശ്രികുമാർ മേനോന്റെ ഫെയ്‌സ് ബുക്ക് പേജിൽ ആരാധകരുടെ പൊങ്കാലയാണ്. എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകേണ്ടതാണ് ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കാവുന്നതാണെന്ന തരത്തിലാണ് പൊങ്കാലകൾ. ലാൽ ഫാൻസുകാരുടെ പൊങ്കലായും സജീവം. പടം നല്ല റിപ്പോർട്ട് ആണ് വരുന്നത്, നല്ല ക്ലാസ്സ് മൂവി ആണ്,, ശ്രീകുമാറിന്റെ ീ്‌ലൃ ഹൈപ്പ് കേട്ട് പോയവർക്ക് നിരാശയായിരിക്കും... അയാൾ വായ തുറന്നില്ലെങ്കിൽ ഈ കുഴപ്പം ഒന്നും ഇല്ല....... ഒരു നല്ല ക്ലാസ്സ് മൂവി ആണ് ഒടിയൻ. പുലിമുരുകന്റെ മുകളിൽ, അല്ലെങ്കിൽ അതിനൊപ്പം നിൽക്കുന്ന ഒരു സിനിമ എന്ന ധാരണ വച്ചു പോയാൽ നിരാശപ്പെടും. ഒടിയൻ പുലിമുരുകൻ അല്ല. മനോഹരമായ ഒരു നാടോടിക്കഥ പോലുള്ള ഒരു സിനിമയാണ്.-ഇങ്ങനേയും കമന്റെ എത്തും.

ശ്രീകുമാർ മേനോൻ.. പടം കണ്ടു. ഒരു രാത്രി ഉറങ്ങാതെ കാത്തിരുന്നതിന് ഫലമില്ലാതായി... നിങ്ങൾ തള്ളിയ അത്രയൊന്നും പടമില്ല... ഒരു പാട് പറഞ്ഞു പഴകിയ കഥ. പുലിമുരുകൻ ക്ലൈമാക്‌സിന്റെ ഏഴയലത്ത് വരില്ല... ഇതിന്റെ ക്ലൈമാക്‌സ്... ലാലേട്ടനെ നെഞ്ചിലേറ്റിയ ഞങ്ങളെ പോലുള്ളവരോട് നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്... 1993 ഡിസംബർ 10 ന് എന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ചെങ്കോൽ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടു തുടങ്ങിയതാണ് ലാലേട്ടന്റെ പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ.. അതിന്റെ 25ആം വാർഷികം നിങ്ങൾ കുളമാക്കി.. എങ്കിലും 2019 മാർച്ച് 28ന് മരിച്ചിട്ടില്ലങ്കിൽ ലൂസിഫർ ഫസ്റ്റ് ഷോ കാണും... ഒരിക്കൽ കൂടി പറയുന്നു.. ലാലേട്ടൻ പാടിയ ആ പാട്ട്... ഉൾപെടുതാത്ത ആ ചതി മറക്കില്ല... എങ്കിലും ഒടിയൻ കളക്ഷൻ റെക്കാഡുകൾ ഭേദിക്കട്ടെ എന്നാശംസിക്കുന്നു....-ഇങ്ങനെയാണ് ഒരു ഫാൻസുകാരന്റെ കമന്റ്.

റിലീസിന് മണിക്കൂറുകൾ മുൻപ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചതോടെ ഒടിയന്് ആളു കയറുമോ എന്നായിരുന്ന ആശങ്ക. എന്നാൽ കേരളത്തിൽ എല്ലായിടത്തും നേരത്തേ പ്രഖ്യാപിച്ചതു പോലെ തന്നെ അതിരാവിലെ ഒടിയന്റെ ഫാൻസ് ഷോ നടന്നു. എല്ലാ തീയറ്ററുകളിലും അതിരാവിലെ വൻ ജനക്കൂട്ടമാണ് സിനിമ കാണാൻ തടിച്ചു കൂടിയത് . ഫാൻസ് ഷോ കഴിഞ്ഞിറങ്ങുന്നവർ ഉത്സവ പ്രതീതിയോടെയാണ് തിയേറ്ററിൽ നിന്നും പുറത്തേക്ക് പോകുന്നത്. ഇതിനൊപ്പമാണ് ശ്രീകുമാർ മേനോന്റെ പേജിൽ പൊങ്കാല നടക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് അപ്രതീക്ഷിതമായി ഹർത്താൽ പ്രഖ്യാപനം ഉണ്ടാകുന്നത്. അപ്പോഴേക്ക് ഒടിയൻ ലോകമെമ്പാടുമുള്ള റിലീസിന് തയ്യാറെടുത്തിരുന്നു. ആദ്യം റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് അണിയറക്കാർ ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയും മുൻനിശ്ചയിച്ച പ്രകാരം തന്നെ റിലീസ് നടത്തുമെന്ന് അണിയറക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ആരാധകരും ആവേശത്തിലായി. അതിന്റെ പ്രതിഫലനമെന്നോണം അർധരാത്രി മുതൽ തീയറ്ററുകളിലേക്ക് ആളെത്തി തുടങ്ങി. പുലർച്ചെ തന്നെ പല തീയറ്ററുകളും ജനക്കൂട്ടം കൊണ്ടു നിറഞ്ഞു. വലിയ ആരാധകപ്രതികരണമാണ് ചിത്രം ആദ്യ മണിക്കൂറിൽ തന്നെ ഉണ്ടാക്കിയത്. ഇതോടെ ചിത്രം ഹിറ്റിലേക്ക് കടക്കുമെന്ന പ്രതീക്ഷയെത്തി. ഇതിനെടെയാണ് ശ്രികുമാർ മേനോനെതിരെ പ്രതിഷേധം വ്യാപകമാകുന്നത്.

മോഹൻലാൽ നായകനാകുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാർ മേനോനാണ്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യരും പ്രകാശ് രാജുമാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഒടിയൻ ബാഹുബലി പോലെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം നേടാൻ ഒടിയന് കഴിയുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ അവകാശപ്പെട്ടിരുന്നു. ഈ ചിത്രം കൂടുതൽ വലിയ സിനിമകളെടുക്കാൻ പ്രചോദനമാകുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. മോഹൻലാലിനെ എങ്ങനെ സ്‌ക്രീനിൽ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ അതിന്റെ ഉത്തരമാണ് ഒടിയൻ. അന്യഭാഷ ചിത്രങ്ങൾക്കുള്ള മറുപടിയാണ് ഒടിയൻ. രജനികാന്ത് ചിത്രങ്ങളുടെ റിലീസ് പോെലയാകും ഒടിയന്റെ റിലീസുമെന്നും പറഞ്ഞിരുന്നു. അതിന് ശേഷമാണ് 100 കോടിയുടെ കണക്കുമായി ശ്രീകുമാർ മേനോൻ എത്തിയത്. ഇത് ഒരിക്കലും സംഭവിക്കില്ലെന്നാണ് മലയാള സിനിമാ ലോകം പറയുന്നത്. സിനിമ തിയേറ്ററിലെത്തുമ്പോഴും ബാഹുബലിയെ വെല്ലാനുള്ളതൊന്നും ചിത്രത്തിൽ ഇല്ല.

സാറ്റലൈറ്റ്, ഓഡിയോ-വിഡിയോ, ഡിജിറ്റൽ, അന്യാഭാഷാ റൈറ്റ് എന്നിങ്ങനെയാണ് സാധാരണയായി റിലീസിന് മുമ്പ് പണം കിട്ടാനുള്ള വഴികൾ. ഇതിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് കായംകുളം കൊച്ചുണ്ണിയാണ്. മോഹൻലാലും നിവിൻ പോളിയും ഒരുമിച്ച് അഭിനയിച്ച ഈ ചിത്രത്തിന് 20 കോടിയോളം രൂപയാണ് ഇങ്ങനെ കിട്ടിയത്. അതായത് ലാലിന്റേയും നവിൻ പോളിയുടേയും താരമൂല്യമുള്ള കായംകുളം കൊച്ചുണ്ണിക്ക് കിട്ടിയത് പോലും വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ 100 കോടി ഒടിയന് കിട്ടുമെന്നതാണ് ഉയർന്ന ചോദ്യം. കായംകുളം കൊച്ചുണ്ണിക്ക് സാറ്റലൈറ്റ് റൈറ്റിലൂടെ 12 കോടി കിട്ടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോന്റെ 100 കോടി കണക്ക് അവിശ്വസനീയമെന്നാണ് സിനിമാ ലോകവും ആരോപിച്ചത്. നേരത്തെ മോഹൻലാലിന്റെ പുലിമുരുകൻ, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു.

പുഷ് എന്ന പരസ്യ കമ്പനിയുടെ നടത്തിപ്പായിരുന്നു ശ്രീകുമാർ മേനോൻ മുമ്പ് പ്രധാനമായും ചെയ്തിരുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തി. ഈ പരസ്യ കമ്പനിയെ കൈവിട്ടാണ് സിനിമാ നിർമ്മാണത്തിന് ശ്രീകുമാർ മേനോൻ എത്തിയത് പുഷ് കമ്പനി പാപ്പർ സ്യൂട്ട് പോലും കൊടുത്തു. അതുകൊണ്ട് തന്നെ ഒടിയന്റെ വിജയം ശ്രീകുമാർ മേനോന് അതിനിർണ്ണായകമാണ്. രണ്ടാമൂഴം സിനിമയുടെ വിവാദങ്ങളും ശ്രീകുമാർ മേനോനെ തളർത്തിയിട്ടുണ്ട്. എംടിയുമായുള്ള കേസും മറ്റും വിവാദത്തിലാക്കിയ ശ്രീകുമാർ മേനോന് സംവിധാനത്തിലെ പ്രതിഭ തെളിയിക്കാൻ ഒടിയനിലെ വിജയം അനിവാര്യമാണ്. എന്നാൽ തള്ളിലെ വിവാദങ്ങൾ ചിത്രം ഹിറ്റായാലും ശ്രുകുമാർ മേനോനെ വിടാതെ പിന്തുടരുമെന്നാണ് സൂചന. മോഹൻലാൽ ഫാൻസ് ചിത്രത്തിൽ ഒട്ടും തൃപ്തരല്ല എന്നാണു ചില ഫേസ്‌ബുക് പോസ്റ്റുകളും കമന്റുകളും ചൂണ്ടിക്കാണിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോന്റെ ഫേസ്‌ബുക് പേജിൽ മോഹൻലാൽ ഫാൻസ് ഇതിനോടകം തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്. ''ഒടിയൻ കണ്ടു, ശ്രീകുമാർ മേനോനോട് ഒരേയൊരു അഭ്യർത്ഥന മേലിൽ ഇനി പടം പിടിക്കരുത്.'' '' ശ്രീകുമാർ മേനോനോട് ഒരു അപേക്ഷ ഉണ്ട് രണ്ടാമൂഴം താങ്കൾ ഉപേക്ഷിക്കണം'' തുടങ്ങീ പുലർച്ചെ ഉറക്കം കളഞ്ഞു പടം കാണാൻ പോയതിന്റെ അമർഷം വരെ ഫാൻസുകാർ കമന്റുകളിൽ പ്രകടിപ്പിക്കുന്നുണ്ട്.

സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹൻലാൽ ഫാൻസ് രംഗത്ത് എത്തിയിരുന്നു. വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്തും എന്ന് പറയുന്ന ബിജെപി കേരളത്തിന്റെ ഫേസ്‌ബുക്കിലിട്ട പോസ്റ്റിലാണ് പ്രധാനമായും ഫാൻസ് രൂക്ഷമായ കമന്റുകൾ നടത്തുന്നത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായർ വ്യാഴാഴ്ച നാലുമണിയോടെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വേണുഗോപാലൻ സെക്രട്ടേറിയറ്റിന് മുന്നിൽ സ്വയം തീകൊളുത്തിയത്.

ഒടിയന്റെ റിലീസ് ദിവസം തന്നെ അപ്രതീക്ഷിതമായി ബിജെപി നടത്തിയ ഹർത്താലിനെ തുറന്ന് എതിർത്ത് സിനിമയുടെ രചയിതാവ് ഹരികൃഷ്ണനും രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമപ്രേമികൾ ഒന്ന് മനസുവച്ചാൽ നാളത്തെ ഹർത്താലിനെ ചെറുത്തുതോൽപ്പിക്കാൻ പറ്റും എന്ന് ഹരികൃഷ്ണൻ പറഞ്ഞിരുന്നു. #Stand_With_Odiyan എന്ന ഹാഷ് ടാഗ് ക്യാംപെയിനും സോഷ്യൽ മീഡിയയിൽ ആരാധകർ ആരംഭിച്ചിരുന്നു. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന റിലീസ്. എന്നാൽ ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചില തിയ്യേറ്ററുകളിലെ ഷോ മാറ്റിവച്ചു. സുരക്ഷാ പ്രശ്‌നമുള്ളതിനാൽ വൈകീട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കും.