- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
261 വീടുകളിലായി 1,234 പേർ; ഒത്തുചേരലുകളില്ല; മാസ്‌ക് ധരിച്ചു; അകലംപാലിച്ചു; ഒരാൾക്കു പോലും കോവിഡ് ബാധിക്കാതെ മാതൃകയായി ഒഡീഷ ഗഞ്ജം ജില്ലയിലെ കരാഞ്ജര എന്ന ഗ്രാമം; വൈറസിനെ അകറ്റി നിർത്തിയത്, കോവിഡ് മുന്നണിപ്രവർത്തകരുടെ ബോധവത്കരണം കൃത്യമായി പാലിച്ചതിനാൽ
ഭുവനേശ്വർ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോഴും ഒരാൾ പോലും കൊറോണ വൈറസ് ബാധിതനാകാത്ത ഒരു ഗ്രാമമുണ്ട് ഒഡീഷയിൽ. കോവിഡിനെ അകറ്റി നിർത്തി സംസ്ഥാനത്തിന്റെ മറ്റിടങ്ങൾക്ക് മാതൃകയാവുകയാണ് ഗഞ്ജം ജില്ലയിലെ കരാഞ്ജര എന്ന ഗ്രാമം.
2020 മാർച്ചിലാണ് ഒഡിഷയിൽ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിൽപരം സജീവ രോഗികൾ ഇപ്പോഴും സംസ്ഥാനത്തുണ്ട്. പക്ഷെ ഒരു കൊല്ലത്തിലേറെയായി തുടരുന്ന കോവിഡ് വ്യാപനത്തിനിടെ ഒരാൾക്ക് പോലും ഒഡിഷയിലെ കരാഞ്ജര ഗ്രാമത്തിൽ രോഗബാധിതനായില്ല.
261 വീടുകളിലായി 1,234 പേരാണ് ഗ്രാമത്തിലുള്ളത്. കോവിഡ് ലക്ഷണങ്ങളുമായി ഇതുവരെ ഗ്രാമവാസികളാരും പരിശോധനക്കെത്തിയിട്ടില്ല. എങ്കിലും അധികൃതർ കുറച്ചുപേരെ ജനുവരി മാസത്തിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. എന്നാൽ അവരെല്ലാവരും നെഗറ്റീവായിരുന്നു.
കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ മാസ്‌ക് ധാരണത്തെ കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചും ഗ്രാമവാസികൾക്കിടയിൽ ബോധവത്കരണം നടത്തുകയും അവരത് കൃത്യമായി പാലിക്കാൻ തയ്യാറാവുകയും ചെയ്തതാണ് കോവിഡിനെ ഗ്രാമത്തിൽ നിന്ന് അകറ്റി നിർത്തിയതെന്ന് വില്ലേജ് കമ്യൂണിറ്റി പ്രസിഡന്റ് ത്രിനാഥ് ബെഹ്റ പറഞ്ഞു.
മുംബൈയിലും മറ്റും ജോലി ചെയ്യുന്ന ഗ്രാമത്തിലെ ഭൂരിഭാഗം യുവാക്കളും മടങ്ങിയെത്താത്തതും വൈറസിനെ ഗ്രാമത്തിലേക്ക് കടത്താതെ സംരക്ഷിച്ചിട്ടുണ്ടാവുമെന്ന് ബെഹ്റ കൂട്ടിച്ചേർത്തു. ഗ്രാമത്തിന് പുറത്ത് നിന്നെത്തിയവരെ സർക്കാരിന്റെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ പതിനാല് ദിവസത്തെ ക്വാറന്റീന് ശേഷം മാത്രമാണ് ഗ്രാമത്തിലേക്ക് പ്രവേശനം അനുവദിച്ചത്. ഗ്രാമത്തിൽ ഉത്സവാഘോഷങ്ങൾക്കോ മറ്റ് കൂടിച്ചേരലുകൾക്കോ ഗ്രാമവാസികൾ മുതിരാത്തതും കൊറോണവൈറസിനെ അകറ്റി നിർത്തിയെന്ന് അധികൃതർ പറയുന്നു.
കോവിഡ് മുന്നണിപ്രവർത്തകരുടെ ആത്മാർഥമായ സേവനവും ഇടപെടലുമാണ് ഗ്രാമത്തെ വൈറസിൽ നിന്നകറ്റിയതെന്ന് നിസ്സംശയം പറയാം. ആശാ പ്രവർത്തകരും അംഗനവാടി ജീവനക്കാരും കൃത്യമായ ഇടവേളകളിൽ വീടുകൾ തോറും കയറിയിറങ്ങി ബോധവത്കരണം നടത്തുകയും പ്രായമേറിയവരുടേയും ആരോഗ്യനിലയിൽ ആശങ്കയുള്ളവരുടേയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു.
ഗ്രാമവാസികൾക്ക് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ഗ്രാമത്തിലെ സന്ദർശനത്തിന് ശേഷം ജില്ലാ കളക്ടർ വിജയ് കുലാംഗെ ഇന്ത്യ ടുഡെയോട് പ്രതികരിച്ചു. ഗ്രാമത്തിലെ ഓരോ ആളും സ്ത്രീകളും കുട്ടികളുമുൾപ്പെടെ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാൻ ശ്രദ്ധിച്ചു. കൂടാതെ വീടിന് പുറത്ത് കൃത്യമായ സാമൂഹികാകലവും അവർ പാലിച്ചു. ഒഴിവാക്കാനാവാത്ത അവസരങ്ങളിലല്ലാതെ പുറത്തിറങ്ങാതിരിക്കുകയും കഴിയുന്നതും അവരവരുടെ വീടുകളിൽ തങ്ങുകയും ചെയ്തു, കളക്ടർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്