- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങൾ കിട്ടുന്ന തുണിക്കട ഉദ്ഘാടനത്തിന് എത്തിയ ജയറാം ഒന്നും തടയാത്ത ഒടുവിലാൻ അനുസ്മരണം വേണ്ടെന്ന് വച്ചു മടങ്ങി; നാളെ.. നാളെയെന്ന് പറഞ്ഞ് മാമുക്കോയയും തടിതപ്പി; തിരിഞ്ഞു നോക്കാതെ അമ്മയും; ഒടുവിലിന്റെ കുടുംബത്തെ സിനിമാക്കാർ മറന്നു
പാലക്കാട്: രണ്ടു വർഷം മുമ്പാണ്, കോങ്ങാട് അടുത്ത് കേരളശ്ശേരി ഗ്രാമത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചരമവാർഷികം ആചരിക്കുന്നു. കാറിൽ അരമണിക്കൂറോളം യാത്ര ചെയ്താൽ എത്തുന്ന മണ്ണാർക്കാട് ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിന് നടൻ ജയറാം എത്തുന്നുണ്ട്. ജയറാമിന്റെ സൗകര്യം കൂടി നോക്കി ഒടുവിൽ ഉണ്ണിക്യഷ്ണന്റെ അനുസ്മരണം അന്നത്തേക്കാക്കിയതാണ്. പക്ഷേ ത
പാലക്കാട്: രണ്ടു വർഷം മുമ്പാണ്, കോങ്ങാട് അടുത്ത് കേരളശ്ശേരി ഗ്രാമത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചരമവാർഷികം ആചരിക്കുന്നു. കാറിൽ അരമണിക്കൂറോളം യാത്ര ചെയ്താൽ എത്തുന്ന മണ്ണാർക്കാട് ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിന് നടൻ ജയറാം എത്തുന്നുണ്ട്. ജയറാമിന്റെ സൗകര്യം കൂടി നോക്കി ഒടുവിൽ ഉണ്ണിക്യഷ്ണന്റെ അനുസ്മരണം അന്നത്തേക്കാക്കിയതാണ്. പക്ഷേ തുണിക്കട ഉദ്ഘാടനത്തിനു വന്നുപോയ ജയറാമിന് അങ്ങോട്ടു പോകാൻ സമയം കിട്ടിയില്ല. വരാൻ കഴിയില്ലെന്നു പറഞ്ഞ് ജയറാം മടങ്ങിപ്പോയി. ഉദ്ഘാടനത്തിന് പോകുമ്പോൾ കിട്ടുന്ന ലക്ഷങ്ങൾ ഒടുവിലാന്റെ അനുസ്മരണത്തിനു കിട്ടില്ലെന്ന് ജയറാമിന് അറിയാമായിരുന്നു. ഇതാണ് മരണശേഷമുള്ള ഒടുവിൽ ഉണ്ണികൃഷ്ണന്റെ അവസ്ഥ.
അധികാരി മരിച്ചാൽ പോകേണ്ട, അധികാരിയുടെ അമ്മ മരിച്ചാൽ പോയാൽ അധികാരിയെ കൊണ്ട് ഉപകരിക്കുമെന്ന പഴഞ്ചൊല്ല് ആ മഹാനടന്റെ കാര്യത്തിൽ അർത്ഥവത്താവുകയാണ്. മലയാള സിനിമാചരിത്രത്തിൽ തന്റേതായ ഒരിടം ഉണ്ടാക്കി മൂന്നു തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ഒടുവിൽ ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് മരണ ശേഷം ഒരു സിനിമാക്കാരനും തിരിഞ്ഞുനോക്കിയില്ലെന്നതാണ് സത്യം. സിനിമാക്കാരുടെ അമ്മയെന്ന സംഘടന കൊണ്ട് മരണശേഷം ഒടുവിലാന്റെ കുടുംബത്തിന് ഒരു ഉപകാരവുമുണ്ടായിട്ടില്ല. മരിച്ചപ്പോൾ കോഴിക്കോട് ആശുപത്രിയിലെത്തി മുഖം കാണിച്ച ശേഷം പോന്നതാണ് എല്ലാ 'അമ്മ'ക്കാരും. ഒടുവിലാന്റെ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെ കൊണ്ട് ഒരു ഉപകാരവുമില്ലെന്ന് മനസ്സിലാക്കിയവർ സിനിമക്കാർ തന്നെയാണ്.
പക്ഷേ ഇതിൽ പെടാത്ത അപൂർവ്വം ചിലരുണ്ട്. നടൻ ദിലീപും സംവിധായകൻ സത്യൻ അന്തിക്കാടും. മരണസമയത്തും പിന്നീടും സഹായിച്ച വകയിൽ ദിലീപിന് മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ടെന്നാണ് ഒടുവിലാന്റെ ഭാര്യ പത്മജ പറഞ്ഞത്. ദിലീപ് ഒരിക്കലും ആവശ്യപ്പെടാത്ത പണമാണിത്. എന്നിട്ടും അത് മടക്കിക്കൊടുക്കണമെന്ന് പറയുന്ന അഭിമാനബോധമുള്ള കുടുംബത്തെ മാസങ്ങൾക്കു മുമ്പ് ഏഷ്യാനെറ്റ് ചാനൽ വാർത്തയിലൂടെ അപമാനിച്ചു. ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബം ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണെന്നായിരുന്നു വാർത്ത. ഈ വാർത്ത വന്നതിൽ പിന്നെ മാദ്ധ്യമ പ്രവർത്തകർ എന്നു പറയുമ്പോൾ അവർക്ക് പേടിയാണ്. മാദ്ധ്യമ പ്രവർത്തകർക്ക് ആ വീട്ടിലേക്ക് പ്രവേശനമില്ല. മാദ്ധ്യമ പ്രവർത്തകരെ കണ്ടാൽ പൊയ്‌ക്കോളൂ, ഇവിടെ ഞങ്ങൾ നല്ല സ്ഥിതിയിലാണ് കഴിയുന്നത്, ഒന്നും പറയാനില്ല, പട്ടിണിക്കഥയെടുക്കാൻ വരേണ്ട, എന്നു പറഞ്ഞ് വാതിലടയ്ക്കും.
വീട്ടിലെത്തിയ മറുനാടൻ മലയാളിക്കും ഇതേ അനുഭവമാണ് ഉണ്ടായത്. പി്‌ന്നെ പട്ടിണിക്കഥയെടുക്കാനല്ലെന്നു പറഞ്ഞപ്പോഴാണ് കുറച്ചെങ്കിലും സംസാരിച്ചത്. മാസങ്ങൾക്ക് മുമ്പ് വീട്ടിലെത്തിയ ചാനൽ ടീം കണ്ടത് ഒടുവിലാന്റെ മൂത്തമകൾ പത്മിനിയെയാണ്. ഇവരുടെ മൂത്ത മകൾ ശ്വേത മാനസിക വളർച്ച കുറവുള്ള ശാരീരിക വൈകല്യമുള്ള കുട്ടിയാണ്. ഈ കുട്ടിക്ക് ചികിത്സിക്കാനും മറ്റും പണം ആവശ്യമുണ്ട്. മാസം 15,000 രൂപയോളം കുട്ടിയുടെ ചികിത്സക്ക് വേണം. വലിയ പണക്കാരല്ലെങ്കിലും കാര്യങ്ങൾ തട്ടിയും മുട്ടിയുമാണ് കഴിഞ്ഞുപോകുന്നത്. ചാനൽ സംഘം കുട്ടിയുടേയും മറ്റും കഷ്ടപ്പാടുകൾ ചോദിച്ച് കുടുംബം പട്ടിണിയിലാണെന്നാക്കി കാണിച്ചത് ഒടുവിൽ അഭിമാനക്ഷതവുംദുഃഖവുമാണ് കുടുംബത്തിനു വരുത്തിവച്ചത്. ആ വാർത്ത കണ്ടിട്ടും സിനിമാക്കാർ തിരിഞ്ഞു നോക്കിയില്ലെന്നതു വേറേ കാര്യം.
പക്ഷേ ഒടുവിലിനെ സ്‌നേഹിക്കുന്ന ചില സുഹ്യത്തുക്കൾ സഹായവുമായി വീട്ടിലെത്തിയെങ്കലും ഒടുവിലിന്റെ ഭാര്യ പത്മജ സ്വീകരിച്ചില്ല. അമ്മ എന്ന സംഘടനയിൽ നിന്ന് അർഹതപ്പെട്ട സഹായം ഉണ്ടെങ്കിൽ വാങ്ങുമായിരുന്നു.എന്നാൽ അതുണ്ടായില്ല. കേരള ചലച്ചിത്ര അക്കാദമിയിൽനിന്ന് മാസം തോറും ആയിരും രൂപ പെൻഷൻ ലഭിക്കുന്നുണ്ട്. കുറച്ചുമാസങ്ങളോളം അതുമില്ലായിരുന്നു. പിന്നീടാണ് ലഭിക്കാൻ തുടങ്ങിയത്. ജീവിച്ചു പോകാൻ ബുദ്ധിമുട്ടില്ല, രണ്ടുപെൺമക്കളുടെ ഭർത്താക്കന്മാർക്കും ജോലിയുണ്ട്. രണ്ട് ഏക്കർ റബ്ബർതോട്ടമുണ്ട്. പെൻഷൻ കിട്ടുന്നുണ്ട്. ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കാൻ കഴിയുന്ന അവസ്ഥയുണ്ടെന്ന് ഭാര്യ പത്മജ പറഞ്ഞു.
സിനിമക്കാർ മറന്നാലും സ്‌നേഹിക്കുന്ന നാട്ടുകാർ കൂടെയുണ്ട്. ഒടുവിലിന്റെ ഓർമ്മ നിലനിർത്താനായി വീടിനോടു ചേർന്ന് ഒടുവിൽ ഫൗണ്ടേഷൻ എന്ന സ്ഥാപനം നടത്തുന്നുണ്ട്. കുട്ടികൾക്ക് ശാസ്ത്രീയസംഗീതം, നൃത്തം, വയലിൻ, ചിത്രരചന ക്ലാസ്സുകൾ നടത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നു. നന്നായി പ്രവർത്തിക്കുന്ന രക്ത ബാങ്ക് കേരളത്തിൽ എവിടേയുമുള്ളവർക്ക് രക്തം എത്തിക്കും.
മലയാള സിനിമയിൽ ഒരിടം ഒഴിച്ചിട്ടാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ പോയത്. ഒടുവിലിന്റെ ചരമ വാർഷികാഘോഷ പരിപാടിയിൽ സിനിമക്കാർ എന്നു പറഞ്ഞാൽ മുമ്പ് ഒടുവിലിന്റെ കൂടെ അഭിനയിച്ച സഹപ്രവർത്തകർ വരാറില്ല. അടുത്തു കൂടെ വന്നിട്ടും ജയറാം എത്തിയില്ല. മാമുക്കോയ പലതവണ പറഞ്ഞത്രെ, നാളെ വിളിക്കൂ, പറയാം എന്ന്. മാമുക്കോയയുടെ നാളെകൾ അവസാനിച്ചിട്ടില്ല. പക്ഷേ ഷൂട്ടിങ് ലൊക്കേഷനിൽ ആണെങ്കിലും മിക്കവാറും ദിവസം ഒടുവിൽ വീട്ടിൽ എത്തുമായിരുന്നു. മിക്കവാറും ഒറ്റപ്പാലത്ത് സിനിമാ ചിത്രീകരണങ്ങൾ ഉണ്ടായത് ഒടുവിലിന് വീട്ടിലെത്താൻ സഹായകമായി.
ഭാര്യ പത്മജത്തിന്റെ ഭക്ഷണമാണ് എപ്പോഴും ഇഷ്ടം. ലൊക്കേഷനിലെ ഭക്ഷണം ഇഷ്ടമായിരുന്നില്ല. ആറാം തമ്പുരാനിലെപോലെ വീ്ട്ടിൽ ഒരു ഹാർമോണിയം ഉണ്ടായിരുന്നു. ഒഴിവു സമയത്തെല്ലാം അതിൽ രാഗപരീക്ഷണങ്ങൾ നടത്തും. എട്ടു ഭക്തിഗാന കാസറ്റുകൾ സംഗീത സംവിധാനം ചെയ്ത് പുറത്തിറക്കിയതായി പത്മജം പറഞ്ഞു.സിനിമയിൽ സംഗീത സംവിധാനം നിർവ്വഹിച്ച് ജനങ്ങൾ ആ പാട്ട് പാടുന്നത് കേൾക്കാൻ ആഗ്രഹമുണ്ടെന്നാണ് അവസാന നാളുകളിൽ പറഞ്ഞിരുന്നത്. അത് നടന്നില്ലെന്ന് അവർ പറഞ്ഞു.
കെ.പി.എ സിയുടെ നാടകത്തിൽനിന്നാണ് സിനിമയിലേക്ക് ഒടുവിൽ എത്തിയത്. മന്വന്തരം എന്ന നാടകത്തിൽ അഭിനയിച്ച ശേഷം ചെന്നൈയിൽ പോയി സിനിമയിൽ ചാൻസ് ചോദിച്ചു നടന്നു. യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അഭിനയിച്ച സെക്യുരിറ്റിക്കാരന്റെ കഥാപാത്രം സിനിമയിൽ അഭിനയിച്ചതിനെ പറ്റി പറയുന്നത് പോലെയായിരുന്നു ആദ്യ വേഷം. ഒരു വഴി പോക്കന്റെ റോളിൽ വഴി പറഞ്ഞുകൊടുക്കുന്ന കഥാപാത്രമായാണ് വന്നത്. പിന്നീട് മലയാള സിനിമയിൽ നാട്ടിൻപുറത്തിന്റെ നിഷ്‌കളങ്കത നിറഞ്ഞ കഥാപാത്രമായി. പൊന്മുട്ടയിടുന്ന താറാവിലെ പശൂ..എന്നു വിളിച്ചോടുന്ന രംഗം മലയാളി മറക്കില്ല.
പക്ഷേ മകളെ കുറിച്ചോർത്ത് വേദനിക്കുന്ന ആറാംതമ്പുരാനിലെ കഥാപാത്രം പോലെയാവണം ഒടുവിൽ ഉണ്ണികൃഷ്ണന്റെ ആത്മാവ് ഇപ്പോൾ. ദാനമല്ലാതെ കിട്ടേണ്ട സഹായങ്ങൾ കിട്ടിയാൽ കുറച്ചുകൂടി കാര്യങ്ങൾ നടന്നു പോയെനെ എന്ന് ചിന്തിച്ചാൽ കുറ്റം പറയാനില്ല. പക്ഷെ ജീവിച്ചിരിക്കാത്ത ഒടുവിലിനെ സിനിമാക്കാർക്കു വേണ്ടാ. മൂന്നു സംസ്ഥാന അവാർഡുകൾ( കഥാപുരുഷൻ-1995, തൂവൽകൊട്ടാരം-1996, നിഴൽക്കുത്ത്-2002) നേടിയിട്ടുള്ള മലയാളികൾക്കു മറക്കാനാവാത്ത നടനാണ് മരിച്ച് ഒമ്പതാം വർഷവും സിനിമാക്കാരുടെ മറവിയുടെ മാറാലയിൽപ്പെട്ടുകിടക്കുന്നത്.