ന്യൂഡൽഹി: രാജ്യത്ത് വിവിധ ബാങ്കുകൾ ഇതുവരെ നൽകിയിട്ടുള്ള 80 കോടിയോളം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ ഏതാണ്ട് പകുതിയോളം കാർഡുകൾ മാത്രമേ ആക്റ്റീവായി ഉപയോഗത്തിലുള്ളൂ എന്ന് റിപ്പോർട്ട്.

കറൻസിയുടെ ഉപയോഗം കുറയ്ക്കാനും ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള കാഷ്‌ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും കേന്ദ്രസർക്കാർ നടപടികൾ തുടരുന്നതിനിടെ കേന്ദ്രസർക്കാർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ നൽകിയ 80 കോടി കാർഡുകളിൽ 45 കോടിയോളം മാത്രമേ സജീവമായി ഉപയോഗത്തിലുള്ളൂ എന്നും കറൻസി ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഇനി ഉപയോഗം കൂടുമെന്നുമുള്ള പ്രതീക്ഷയിലാണ് കേന്ദ്രം.

നിരോധിക്കപ്പെട്ട അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകൾ മുഴുവനായും ബാങ്കിങ് സിസ്റ്റത്തിലേക്ക് തിരിച്ചെത്തില്ലെന്ന ശുഭപ്രതീക്ഷയിലാണ് സർക്കാർ. അതുകൊണ്ടുതന്നെ കറൻസി നിരോധനം കൊണ്ട് സാമ്പത്തിക മേഖലയിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി താൽക്കാലികമാണെന്നും സർക്കാർ കരുതുന്നു.

നിരോധിച്ച കറൻസി ഉപയോഗത്തിൽ തിരിച്ചുവിളിക്കുന്നതിന് ഡിസംബർ 30 വരെയാണ് സമയം നൽകിയിട്ടുള്ളത്. പക്ഷേ, ഇതുകൊണ്ട് നവംബർ എട്ടിന് ഉണ്ടായിരുന്നത്ര കറൻസി ഉപയോഗത്തിനായി തിരിച്ചെത്തുമെന്ന് അർത്ഥമില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കുന്നു.

നിരോധിച്ച 13.7 ലക്ഷം കോടി മൂല്യമുള്ള കറൻസിയുടെ പുനർവിന്യാസത്തിന് എത്രത്തോളം സമയമെടുക്കുമെന്ന കാര്യത്തിൽ പല തരത്തിലുള്ള കണക്കുകൂട്ടലുകളാണ് പുറത്തുവരുന്നത്. മുൻ ധനമന്ത്രി പി ചിദംബരം പറഞ്ഞത് ഇതിന് ഏഴുമാസത്തോളമെങ്കിലും എടുക്കുമെന്നാണ്. പക്ഷേ, കുറഞ്ഞ മൂല്യമുള്ള കറൻസി ധാരാളമായി ഉപയോഗത്തിൽ വരുന്നതിനാൽ പഴയ കറൻസിയുടെ റീപ്‌ളെയ്‌സ്‌മെന്റ് വേഗത്തിൽ നടക്കുമെന്നും ആണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. മാത്രമല്ല, ഇതോടൊപ്പം സാമ്പത്തിക വിനിമയത്തിന് മറ്റ് സാങ്കേതിക മാർഗങ്ങളുടെ ഉപയോഗം ഗണ്യമായി കൂടുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കുന്നു.

ബിസിനസ് വ്യാപ്തി കൂടുമെന്നും വ്യാപാരങ്ങളുടെ തോത് ഉയരുമെന്നും അതേസമയം, പേപ്പർ കറൻസിയുടെ ഉപയോഗം കുറയുമെന്നും അദ്ദേഹം അനുമാനിക്കുന്നു. അതുകൊണ്ട് ഇല്ലാതായ പേപ്പർ കറൻസി അതേ രീതിയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും എന്നാൽ അതിന്റെ കുറവ് മറ്റു മാർഗങ്ങളിലൂടെ നികത്തപ്പെടുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കുന്നു. ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളുടേയും ഇ-വാലറ്റുകളുടേയും ഉപയോഗം കൂടുമെന്ന സൂചനയും അദ്ദേഹം നൽകുന്നു.

രാജ്യത്ത് 80 കോടിയോളം കാർഡുകൾ നൽകപ്പെട്ടിട്ടുണ്ടെന്നും ഇതിൽ 45 കോടിയാണ് ഉപയോഗത്തിൽ സജീവമായുള്ളതെന്നും വ്യക്തമാക്കിയ ജെയ്റ്റ്‌ലി രാജ്യത്ത് 25 കോടി കുടുംബങ്ങളേ ഉള്ളൂ എന്നത് ഓർക്കണമെന്നും ഇതിൽതന്നെ വലിയൊരു വിഭാഗം ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും പറയുന്നുണ്ട്. ഇ-വാലറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 23 കോടി വരും. ഒരുവർഷമോ ഒന്നരവർഷമോ മുമ്പുമാത്രം പ്രാബല്യത്തിൽ വന്നവരാണ് ഇത്രയും വളർച്ച നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ കറൻസി നിരോധനത്തിന് പിന്നാലെ കാർഡുകളുടേയും ഇ-വാലറ്റുകളുടേയും ഉപയോഗം കൂടിയത് ശുഭസൂചകമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ.