തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ മരണപ്പെട്ട തൊഴിലാളികളുടെ നിരവധി മൃതദേഹങ്ങൾ കിട്ടിയെന്നും ഇവ കൂട്ടത്തോടെ കപ്പലിൽ എത്തിക്കുന്നുവെന്നും വിവരം പ്രചരിക്കുന്നു. ഇത്തരത്തിൽ ഒരു സംഭവവും ഇല്ലെന്നും വ്യാജ പ്രചരണമാണെന്നും വ്യക്തമാക്കി അധികൃതരും രംഗത്തെത്തി. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ തീരത്തേക്കു കൊണ്ടുവരുന്നുവെന്ന വിവരം തെറ്റെന്ന് തിരുവനന്തപുരത്തെ ഡിഫൻസ് പിആർഒ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു സംഭവമേയില്ലെന്നും വ്യാജ പ്രചരണമാണെന്നും അധികൃതർ വിശദീകരിക്കുന്നു.

നേവിയുടെ കപ്പലിൽ മൃതദേഹങ്ങൾ കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ കൊണ്ടുവരുമെന്ന പ്രചരണമാണ് ഉണ്ടായത്. കൊല്ലത്തെ അഴീക്കൽ, നീണ്ടകര, കൊല്ലം തുറമുഖം എന്നിവിടങ്ങളിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഉൾപ്പെടെ സംവിധാനങ്ങൾ സജ്ജരായി നിൽക്കുന്നുവെന്നും റിപ്പോർട്ടുണ്ടായതോടെ എല്ലാവരും ആശങ്കയിലായി. ഓഖി ദുരന്തത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെന്ന ആക്ഷേപം ചില കേന്ദ്രങ്ങൾ മനപ്പൂർവം ഉന്നയിക്കുന്നുണ്ട്.

ചില മാധ്യമങ്ങളിലും ഇതിനായി പ്രചരണം സജീവമാണ്. ഇതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രചരണവും ഉണ്ടായതെന്നാണ് സർക്കാർ സംശയിക്കുന്നത്. കാണാതായവർക്കുവേണ്ടി അന്വേഷണം തുടരുന്നതിനിടെയാണ് ഇത്തരമൊരു പ്രചരണം ഉണ്ടായത്. സർക്കാരും സേനകളും തിരച്ചിൽ കാര്യക്ഷമമായി നടത്തുന്നില്ലെന്ന ആക്ഷേപം ഉയർത്താൻ ശക്തമായ പ്രചരണം സോഷ്യൽ മീഡിയയിലും നടക്കുന്നുണ്ട്. കാണാതായവരുടെ ബന്ധുക്കളിൽ പ്രകോപനം സൃഷ്ടിക്കാനായി വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന മുന്നറിയിപ്പും ബന്ധപ്പെട്ടവർ നൽകുന്നു. കാണാതായവർക്കുവേണ്ടി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ ദിവസത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ കാണാതായവർ 270; നഷ്ടപരിഹാരം നൽകാൻ നടപടി തുടങ്ങി

ഓഖി ചുഴലിക്കാറ്റിൽപെട്ടു സംസ്ഥാനത്തു കാണാതായവരുടെ എണ്ണം 260 ആണെന്നാണ് പൊലീസിന്റെ കണക്ക്. ഇതിൽ ചെറു ബോട്ടുകളിൽ പോയവർ മാത്രം നൂറോളമുണ്ട്. ഒരു മാസം കാത്തിരുന്ന ശേഷവും ഇവർ മടങ്ങിവന്നില്ലെങ്കിൽ മരിച്ചതായി കണക്കാക്കാമോ എന്നും പൊലീസ് പരിഗണിക്കും. സർക്കാരിന്റെ നിർദ്ദേശം കണക്കിലെടുത്തു ബന്ധുക്കളിൽ നിന്നു പരാതി എഴുതി വാങ്ങി. 260 മൽസ്യത്തൊഴിലാളികളുടെയും പേരിൽ വെവ്വേറെ പ്രഥമ വിവര റിപ്പോർട്ട് പൊലീസ് തയാറാക്കി. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള ആദ്യ നടപടികളിലൊന്നാണു പൊലീസ് പൂർത്തിയാക്കിയത്.

അതേസമയം, കേരളത്തിൽ നിന്നു മൽസ്യബന്ധനത്തിനു പോയ 322 പേർ മറ്റു സംസ്ഥാനങ്ങളിൽ തീരമണഞ്ഞിട്ടുണ്ടെന്നും അവരെ മടക്കിക്കൊണ്ടു വരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്നും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഗുജറാത്തിലെ വെരാവലിൽ എത്തിയ 700 മൽസ്യത്തൊഴിലാളികളിൽ 200 പേർ മലയാളികളാണ്. ഇതിൽ 63 പേർ തിരുവനന്തപുരത്തുകാരും. മഹാരാഷ്ട്ര രത്‌നഗിരിയിൽ 122 പേരെത്തി. ഇതിൽ 62 പേർ തിരുവനന്തപുരത്തുകാരാണ്. ലക്ഷദ്വീപിൽ ചുരുക്കം മലയാളികളേ എത്തിയിട്ടുള്ളൂവെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യത്തൊഴിലാളികളുമായി രണ്ടു കപ്പൽ കൂടി തിരച്ചിൽ നടത്തും. കൂടുതൽ ദൂരത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കും. ലത്തീൻ കത്തോലിക്ക സഭ മുഖേന ഇത്തരത്തിൽ ഒരു നിർദ്ദേശം ലഭിച്ചിരുന്നു. 140 നോട്ടിക്കൽ മൈൽ അകലത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കും.

കാറ്റിന്റെ പ്രഹരത്തിൽ കേരള തീരം വിട്ട് കൂടുതൽ ദൂരത്തേക്ക് മത്സ്യത്തൊഴിലാളികൾ പോയിരിക്കാനുള്ള സാധ്യതയും കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. ഇന്നലെ കണ്ടെത്തിയ മത്സ്യത്തൊഴിലാളികളിൽ ചിലർ ഓഖി ദുരന്തം ഉണ്ടായ കാര്യം പോലും അറിഞ്ഞിരുന്നില്ല. പ്രഹര പരിധിയിൽ നിന്ന് അകന്നുനിന്നതിനാൽ അവർ രക്ഷപ്പെടുകയായിരുന്നു. മറ്റ് സംസ്ഥാന തീരങ്ങളിലും കേരളത്തിലെ ഉൾപ്പെടെ തൊഴിലാളികൾ എത്തിയിട്ടുണ്ട്. ഇനിയും പലരും ഇത്തരത്തിൽ തങ്ങളെ നാട്ടിൽ അന്വേഷിക്കുന്നു എന്ന വിവരം പോലും അറിയാതെ കടലിൽ ഉണ്ടായിരിക്കാനുള്ള സാധ്യതയുമുണ്ട്. പലരും പത്തും ഇരുപതും ദിവസത്തെ മത്സ്യബന്ധനത്തിന് ആയാണ് കടലിൽ പോകുന്നത്. വലിയ ബോട്ടുകളിൽ അതിലേറെക്കാലം കടലിൽ കഴിയുന്നവരുമുണ്ട്. പലരും നാട്ടിൽ ബന്ധപ്പെടാത്തത് ഇതിനാലാകാം എന്നും സംശയിക്കുന്നുണ്ട്.

സർക്കാരിനെ പഴിചാരാൻ ആസൂത്രിത ശ്രമം

സംസ്ഥാനത്ത് ഓരോ തുറയിലും കാണാതായി എന്നു പറയുന്നവർ എല്ലാം അതേ തുറയിൽ നിന്നാവില്ല മീൻപിടിക്കാൻ പോകുന്നതും. ഇന്ന് കാസർകോട്ട് നീലേശ്വരത്ത് 32 മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ട് എത്തിയിരുന്നു. ഇതിൽ ഏഴുപേർ തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും മീൻപിടിക്കാൻ നീലേശ്വരത്തുനിന്ന് യാത്രപുറപ്പെട്ടവർ ആയിരുന്നു. മറ്റുള്ളവർ കന്യാകുമാരി ജില്ലക്കാരും. അതും ഓഖി ഉണ്ടാകുന്നതിന് മുമ്പ് കഴിഞ്ഞമാസം 27ന്. ഇവർ ഓഖിയുടെ കാര്യം അറിഞ്ഞില്ലെന്ന് മാത്രമല്ല, കാറ്റടിച്ചപ്പോൾ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതും. ഓഖി മുന്നറിയിപ്പ് നാട്ടിൽ പ്രചരിച്ചത് വൈകിയെന്ന വിവാദമാണ് ഉയരുന്നത്. എന്നാൽ അക്കാര്യം കടലിൽ പോയവരെ അറിയിക്കാൻ സംവിധാനം ഇല്ലെന്ന പോരായ്മയാണ് ഇതോടെ വ്യക്തമായത്. ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തുമെന്നും ജിപിഎസ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മേലിൽ ഇത്തരം അടിയന്തിര സാഹചര്യം ഉണ്ടാവുമ്പോൾ അക്കാര്യം കടലിൽ പോകുന്നവരെ അറിയിക്കാനെങ്കിലും കഴിഞ്ഞാൽ അത് അവരുടെ ജീവൻ രക്ഷിക്കാൻ വളരെ സഹായകമാകും. ഈ മേഖലയിൽ പരിചയമുള്ളവർ തന്നെ ഇക്കാര്യം വ്യക്തമാകുമ്പോഴും സർക്കാരിനെ കുറ്റപ്പെടുത്തുകയും രക്ഷാപ്രവർത്തനം പോരെന്ന സന്ദേശം തുടരെ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഒരുകൂട്ടം മാധ്യമങ്ങൾ. കേരള സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികൾ പോലും രംഗത്തെത്തുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുന്നു ഇവിടത്തെ മാധ്യമങ്ങൾ. ഇത്തരത്തിൽ സർക്കാരിന് ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വന്നു എന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായി നീക്കം നടക്കുന്നു എന്ന് വ്യക്തമാക്കുകയാണ് നിരവധി മൃതദേഹങ്ങളുമായി കപ്പൽ എത്തുന്നു എന്ന രീതിയിൽ നടന്ന പ്രചരണവും.