- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത് പഴകിദ്രവിച്ച നിലയിൽ; പ്ലാവിനു മുകളിൽ നിന്നും കൈവീട്ട് വീണ വയോധികൻ മരിച്ചെന്ന് കരുതി കൂടെവന്നവർ സ്ഥലം വിട്ടെന്ന് മൊഴി നൽകി നാട്ടുകാർ; ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം ആരംഭിക്കാതെ പൊലീസ്
കൊല്ലം: പത്തനാപുരം തലവൂർ പഞ്ചായത്തിലെ അമ്പലനിരപ്പ് ഒന്നാം വാർഡ് പോസ്റ്റ് ഓഫീസിനു സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വയോധികന്റെ പഴകിദ്രവിച്ച മൃതശരീരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതായി പരാതി. രാഷ്ട്രീയബന്ധങ്ങളുള്ള ആരോപണവിധേയർക്ക് വേണ്ടി കേസ് ഇഴയ്ക്കുന്നുവെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന പരാതി.
പട്ടാഴി പന്തപ്ലാവ് ശ്രീലക്ഷ്മീ നിവാസിൽ രാമകൃഷ്ണന്റെ (58) രണ്ടാഴ്ചയോളം പഴക്കമുള്ള അഴുകി ദ്രവിച്ച മൃതദേഹമാണ് പറമ്പിലെ വലിയ പ്ലാവിന്റെ ചുവട്ടിൽ നിന്നും കണ്ടത്തിയത്. നായ്ക്കളും കഴുകനും കാക്കകളുമൊക്കെ കൊത്തിപ്പറിച്ചു വിരൂപമാക്കിയ മൃതദേഹത്തിന്റെ അരയ്ക്കു മുകളിലുള്ള ഭാഗം മാത്രമേ അവശേഷിച്ചിരുന്നുള്ളു. മുഖം തിരിച്ചറിയാനാകാത്തവിധം വികൃതമായിരുന്നു. ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിനടുത്തായി ചക്കയിടാൻ ഉപയോഗിക്കുന്ന ഒരു ഇരുമ്പ് തോട്ടയും പ്ലാസ്റ്റിക് ചാക്കും പൊലീസ് കണ്ടെത്തിയിരുന്നു.
അന്ന് അതുമായി ബന്ധപ്പെട്ട് സംശയമുള്ള ചിലയാളുകളെ പൊലീസ് ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ പിന്നീട് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഒന്നുമുണ്ടായിട്ടില്ല. മരണകാരണം ദുരൂഹമായിത്തന്നെ തുടരുകയാണ്. രാമകൃഷ്ണന്റെ മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നും അന്വേഷണം നടത്തി കുറ്റവാളികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് മക്കളായ സിന്ധുവും ബിന്ദുവും കൊല്ലം റൂറൽ എസ്‌പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
അൽപ്പം മാനസിക ദൗർബല്യമുള്ള വ്യക്തിയായിരുന്ന രാമകൃഷ്ണൻ അമ്പലനിരപ്പ് പ്രദേശത്ത് കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. വീട്ടിൽപ്പോകാതെ പലപ്പോഴും അമ്പലനിരപ്പ് ജംക്ഷനിലെ കടത്തിണ്ണകളിലാ യിരുന്നു അന്തിയുറക്കം. പിന്നോക്ക വിഭാഗമായ വേളാർ സമുദായാംഗമായിരുന്ന രാമകൃഷ്ണൻ അധികമാരോടും വാചാലമായി സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല.
രാമകൃഷ്ണനെ പുലർച്ചെ ചക്കയിടാൻ വേണ്ടി സ്ഥലവാസികളായ രണ്ടുപേർ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഉയരമുള്ള പ്ലാവിൽ കയറിയ രാമകൃഷ്ണൻ പിടിവിട്ട് താഴെവീഴുകയും ബോധരഹിതനായ അയാൾ മരിച്ചെന്നു കരുതി കൊണ്ടുപോയവർ അവിടെ ഉപേക്ഷിച്ചു കടന്നുകളയുമായിരുന്നു എന്ന് നാട്ടുകാരിൽ ചിലർ അറിയിച്ചതായി പൊലീസ് സമ്മതിച്ചിട്ടുണ്ട്.
ആളൊഴിഞ്ഞ പറമ്പായതിനാൽ ഇക്കാര്യങ്ങൾ അരുമറിഞ്ഞിരുന്നില്ല. മാത്രവുമല്ല രാമകൃഷ്ണനെ കൂട്ടിക്കൊണ്ടുപോയവർ ഈ അപകടം നടന്ന വിവരം ആരെയെങ്കിലും അറിയിക്കുകയോ അയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയോ ചെയ്തതുമില്ല എന്നതാണ് ദുരൂഹമായ വസ്തുത. അപകടം നടന്നയുടൻ രാമകൃഷ്ണനെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.
രാമകൃഷ്ണന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ തുടർനടപടികൾ എടുക്കാൻ കഴിയുകയുള്ളുവെന്നാണ് കുന്നിക്കോട് എസ്എച്ച്ഒ പി.എസ് മുബാരക്ക് പറയുന്നത്. കോവിഡ് കാലമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ് മാർട്ടം റിപ്പോർട്ടുകൾ ഏറെ വൈകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തലവൂരിനെ അക്ഷരാർത്ഥത്തിൽ നടുക്കികളഞ്ഞ രാമകൃഷണന്റെ ദുരൂഹമരണം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങാൻ പോലും പൊലീസ് തയ്യാറാകാത്തതിൽ കുടുംബാംഗങ്ങളോടൊപ്പം നാട്ടുകാരും കടുത്ത അമർഷത്തിലാണ്. ഈ മരണവുമായി ബന്ധപ്പെട്ടുള്ള പല ചർച്ചകളും അമ്പലനിരപ്പ് ഭാഗത്ത് സജീവമാണ്.
വെളുപ്പിനെ രാമകൃഷണനെ കൂട്ടിക്കൊണ്ടുപോയശേഷം അപകടം നടന്നപ്പോൾ അക്കാര്യം രഹസ്യമാക്കി വയ്ക്കുകയും അപകടസ്ഥലത്ത് അയാളെ നിർദ്ദയം ഉപേക്ഷിക്കുകയും കൃത്യ സമയത്ത് വൈദ്യസഹായം നൽകാതിരിക്കുകയും ചെയ്ത ഈ ദാരുണ മരണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ അവരുടെ രാഷ്ട്രീയബന്ധങ്ങളാണ് പൊലീസിനെ പിന്നോട്ട് വലിക്കുന്നതെന്ന ആരോപണവും നാട്ടിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ