കാസർഗോഡ്: തനിച്ച് താമസിക്കുന്ന വയോധികയെ കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതികൾ തമിഴ്‌നാട്ടിലെന്ന് സൂചന. പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പക്കീരന്റെ ഭാര്യ ദേവകിയെ ആണ് കഴിഞ്ഞ ജനുവരി 13 ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടത്. ജില്ലയിൽ ഏറെ വിവാദങ്ങൾ തൊടുത്തു വിട്ട കേസിൽ നിരവധി പേരെ ലോക്കൽ പൊലീസ് സംശയിച്ച് ചോദ്യം ചെയ്തെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുമ്പും കിട്ടിയില്ല.

യഥാർത്ഥ പ്രതികളെക്കുറിച്ച് ഒരു സൂചന പോലും ലോക്കൽ പൊലീസിന് നൽകാനുമായില്ല. ഇതേ തുടർന്ന് സിപിഐ.എം ആഭിമുഖ്യത്തിൽ പ്രദേശത്ത് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ശക്തമായ സമരം നടത്തിയിരുന്നു. അതേ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യക്തമായ സാഹചര്യത്തെളിവുകളോ മറ്റോ ഇല്ലാത്തതിനാൽ ക്രൈംബ്രാഞ്ചും ആദ്യഘട്ടം ഇരുട്ടിൽ തപ്പുകയായിരുന്നു.

കൊല്ലപ്പെട്ട 68 കാരിയായ ദേവകിയുടെ വസതിക്ക് സമീപം തന്നെ ക്യാമ്പ് ഓഫീസ് തുറന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് എസ്‌പി. ഡോ.എ. ശ്രീനിവാസന്റെ മേൽനോട്ടത്തിൽ ഡി.വൈ. എസ്‌പി. യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരിൽ നിന്നും മൊഴിയെടുത്തെങ്കിലും കൊലപാതകത്തിന്റെ .യഥാർത്ഥ കാരണത്തെക്കുറിച്ച് വ്യക്തത വന്നിരുന്നില്ല. ഈ മേഖലയിൽ നിന്നും കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചപ്പോഴാണ് രണ്ടു പേർ തമിഴ് നാട്ടിലേക്ക് കടന്നതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചത്. അതോടെ സംഘം ചെന്നൈ ക്രേന്ദ്രീകരിച്ച് വല വിരിച്ചിരിക്കയാണ്. പ്രതികൾ പൊലീസ് വലയത്ത്ിലുണ്ടെന്നാണ് ഒടുവിൽ കിട്ടിയ സൂചന.

ലോക്കൽ പൊലീസ് ദേവകി കൊലക്കേസ് അന്വേഷിച്ചത് ബന്ധുക്കളെ മാത്രം കേന്ദ്രീകരിച്ചായിരുന്നു. ദേവകിയുടെ മകനെ പോലും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല. എന്നാൽ ക്രൈംബ്രാഞ്ച് കേസെറ്റെടുത്തതോടെ കേസിന്റെ ദിശമാറി. അതോടെ അയൽക്കാരായ ചിലരുടെ സ്വഭാവത്തിലും മാറ്റം വന്നു. എന്നാൽ കേസിന്റെ യഥാ സമയ വിവരം അറിയാൻ ചിലർ മാധ്യമങ്ങളോട് നേരിട്ട് സംവദിച്ചതും സംശയത്തിനിടയാക്കി. ആ തലത്തിലുള്ള അന്വേഷണത്തിനൊടുവിലാണ് ചെന്നൈയിലേക്ക് പൊലീസിനെ എത്തിച്ചത്. എന്തിന് വേണ്ടിയാണ് ദേവകിയെ കൊല ചെയ്തതെന്നു ഇനിയും വ്യക്തമായിട്ടില്ല. അതുകൊണ്ടു തന്നെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പ്രതിയെ നിയമത്തിന്റെ മുന്നിലെത്തിക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

ശാസ്ത്രീയ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ ഒരു സാധാരണ കൊലപാതകമാണ് ദേവകിയുടേതെന്ന് പൊലീസ് നിരീക്ഷണം. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. തനിച്ചു താമസിക്കുന്ന ദേവകിയുടെ മൃതദേഹം സംഭവ ദിവസം വൈകീട്ട് 5.30 ഓടെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മുൻവശത്തും അടുക്കള ഭാഗത്തും മാത്രം വാതിലുള്ള കൊച്ചു വീടായിരുന്നു ദേവകിയുടേത്. അടുക്കള വാതിൽ അടച്ച നിലയിലും മുൻ വശത്തെ വാതിൽ പാതി തുറന്ന നിലയിലുമായിരുന്നു കൊല നടന്ന ദിവസം ഉണ്ടായിരുന്നത്.

കവർച്ചാ ശ്രമമല്ല ഇതെന്നാണ് പൊലീസ് നിഗമനം. ദേവകിയുടെ ബന്ധുവായ ഒരു യുവതിയുമായി മറ്റൊരാൾക്കുള്ള ബന്ധം ദേവകി അറിഞ്ഞതാണ് കൊലക്ക് കാരണമെന്ന് സംശയിക്കുന്നു. വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തിൽ മുണ്ട് മുറുക്കിയുമാണ് വയോധികയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.