തൃശൂർ: ഒല്ലൂർ ഫൊറോന പള്ളി വികാരി ഫാദർ ജോൺ അയ്യങ്കാനയ്‌ക്കെതിരെ ഇടവകാംഗങ്ങൾ കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. തൃശൂർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന്റെ പിൻബലത്തിൽ അയ്യങ്കാനയുടെയും അനുയായികളുടേയും നേതൃത്വത്തിൽ വലിയ തട്ടിപ്പുകളും വികാരിക്ക് നിരക്കാത്ത പ്രവൃത്തികളും നടക്കുന്നുവെന്ന് ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് ഗുരുതരമായ പല ആരോപണങ്ങളും ഒരു വിഭാഗം വിശ്വാസികൾ ഉയർത്തിക്കാട്ടുന്നത്.

ദിവസങ്ങൾക്ക് മുമ്പ് പള്ളിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ച സാഹചര്യത്തിൽ ഇടവകയിൽ അസ്സിസ്റ്റന്റ്‌റ് കമ്മീഷണർ ഓഫ് പൊലീസിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നും വിശ്വാസികളിൽ വലിയൊരു വിഭാഗം പറുന്നു. . എന്നാൽ മാർച്ച് 16വരെ അന്വേഷണത്തിന് നൽകിയ കമ്മീഷന്റെ ഒരു പ്രവർത്തനവും ഇതുവരെ തുടങ്ങിയിട്ടുമില്ല.

അതുവരെ വിശ്വാസികൾ നിശ്ശബ്ദരായി തുടരുമെന്നും കൂടുതൽ പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഒല്ലൂർ ഇടവക സംരക്ഷണ സമിതി ഭാരവാഹികൾ മറുനാടനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മുന്നൂറിൽ പരം വിശ്വാസികൾ ഒല്ലൂർ കോർപ്പരറേഷൻ ഹാളിൽ യോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. വിശ്വാസികളെ അടിച്ചമർത്തുന്ന തൃശൂർ ആര്ച്ച് ബിഷപ്പിന്റെ നിലപാടിനോടും ഒല്ലൂർ വികാരിയുടെ ഗുണ്ടായിസത്തോടും വിശ്വാസികൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

കാനോൻ നിയമത്തിന്റെ മറവിൽ ബിഷപ്പും വികാരിയും കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങളെ നിയമപരമായി തന്നെ നേരിടാൻ ഇടവക സംരക്ഷണ സമിതി കൂട്ടായി തീരുമാനിച്ചിരിക്കുകയാണ്. ഇതിന്നായി കേരളത്തിലെ പ്രഗൽഭരായ അഭിഭാഷകരുമായി സമിതി ചർച്ച നടത്തിക്കഴിഞ്ഞു.

മുന്നൂറു കൊല്ലത്തെ ചരിത്രമുള്ള ഒല്ലൂർ പള്ളി ലോകചരിത്രത്തിന്റെ കൂടി ഭാഗമാണ്. വിശ്വാസത്തിന്റെ അമിതജ്വരം മൂലം ഇവിടെ പണ്ട് വിശ്വാസികൾ മതിമറന്ന് തുള്ളുമായിരുന്നു. അന്ധവിശ്വാസത്തിന്റെ പേരിൽ പിന്നീട് തുള്ളൽ നിരോധിച്ചു. എന്നാൽ വിശ്വാസികളുടെ ഭ്രാന്തമായ തുള്ളലിനുപകരം ഇപ്പോൾ തുള്ളുന്നത് ഒല്ലൂർ പള്ളി വികാരി ഫാദർ അയ്യങ്കാനയും തൃശൂർ ആർച്ച്് ബിഷപ്പ് ആൻഡ്രൂസ് താഴത്തുമാണെന്ന് വിശ്വാസികൾ ആക്ഷേപിക്കുന്നു.

പള്ളിവികാരിക്കും ആർച്ചുബിഷപ്പിനുമെതിരെ ഗുരുതര ആരോപണങ്ങൾ

ഫാദർ അയ്യങ്കാന ഒല്ലൂർ വികാരിയായ 2016 മുതലുള്ള രണ്ടു വർഷാത്തെ പള്ളിയുടെ വരുമാനത്തിന്റെ കണക്കുകൾ നാളിതുവരെയായും പള്ളിക്കമ്മിറ്റിയിൽ അവതരിപ്പിച്ചു പാസ്സാക്കിയിട്ടില്ല എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് സംരക്ഷണസമിതി ഉന്നയിക്കുന്നത്. ഏകദേശം എട്ടു കോടിയോളം രൂപയുടെ കണക്കാണ് ഫാദർ അയ്യങ്കാനയിൽ വിശ്വാസികളിൽ നിന്ന് മറച്ചുപിടിക്കുന്നതെന്നാണ് ഇടവകക്കാരുടെ ആരോപണം.

എന്നാൽ പള്ളിയുടെ നേർച്ചപ്പണം ഇനത്തിൽ ഏകദേശം അമ്പത് ലക്ഷം രൂപ തൃശൂർ ആർച്ച് ബിഷപ്പിന് കൈമാറിയെന്നും അവർ പറയുന്നു. പള്ളിക്കമ്മിറ്റി അംഗീകരിക്കാത്ത കണക്കിൽ നിന്ന് അരമനയുടെ വിഹിതം കൊടുത്തതിലും വിശ്വാസികൾക്ക് ആക്ഷേപമുണ്ട്. മാത്രമല്ല, പള്ളിക്കമ്മിറ്റി അംഗീകരിക്കാത്ത കണക്കിൽപ്പെട്ട അമ്പത് ലക്ഷം ബിഷപ്പ് ആണ്ട്രൂസ് താഴത്ത് കൈപറ്റിയതിൽ ദുരൂഹതകൾ ഉള്ളതായും ഇടവക സംരക്ഷണ സമിതി ആരോപിക്കുന്നു.

ഇതുകൂടാതെ നോമ്പുകാലത്തെ വിശ്വാസികളുടെ പരിത്യാഗത്തിന്റെ ഫലമായി ഇടവകയിലെ പാവങ്ങളുടെ ക്ഷേമത്തിന്നായി ഫാദർ അയ്യങ്കാനയിൽ സമാഹരിച്ച ഏകദേശം പതിനഞ്ചു ലക്ഷം രൂപക്കും ഇടവകയിൽ കണക്കില്ലെന്നാണ് മറ്റൊരു ആക്ഷേപം. ഈ പണം പാവങ്ങൾക്കുവേണ്ടി പ്രയോജനപ്പെടുത്തിയതായും അറിവില്ല. ഈ കണക്കുകളും കഴിഞ്ഞ രണ്ടുവർഷനമായി ഫാദർ അയ്യങ്കാനയിൽ പള്ളിക്കമ്മിറ്റിയിൽ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തിട്ടില്ലെന്നാണ് പരാതി.

ഈ വക സാമ്പത്തിക കണക്കുകളൊന്നും പള്ളിക്കമ്മിറ്റിയിൽ ചോദിക്കുന്നത് ഫാദർ അയ്യങ്കാനയിലിന് ഇഷ്ടമല്ലെന്ന് സംരക്ഷണസമിതി പറയുന്നു. അത്തരക്കാരെ അയ്യങ്കാന പള്ളിക്കമ്മിറ്റിയിൽ നിന്ന് നിർദ്ദാക്ഷിണ്യം പുറത്താക്കും. മാത്രമല്ല, പരിശുദ്ധ കുർബാനയ്ക്കിടെ ബൈബിൾ വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് അവരെ അപമാനിക്കുകയും ചെയ്യും. ഇതുകൂടാതെ ഇടവക പ്രസിദ്ധീകരണമായ യേശുനാദത്തിന്റെ എഡിറ്റോറിയലിലൂടെ കടുത്ത ഭാഷയിൽ വിമർശനവും എതിർപ്പുയർത്തുന്നവർക്ക് എതിരെ ഉന്നയിക്കുന്നു. സാമ്പത്തിക കാര്യങ്ങളിൽ ഫാദർ അയ്യങ്കാനയെ ചോദ്യം ചെയ്യുന്നവരെ കായികമായി നേരിടുന്നുവെന്നും അവർ ആക്ഷേപിക്കുന്നു. ളോഹ ചുരുട്ടിക്കയറ്റിക്കൊണ്ട്; ''എന്നാ വാടാ...നിന്നെപ്പോലെയുള്ള ഗുണ്ടകളെയൊക്കെ ശരിയാക്കാനാണ് ബിഷപ്പ് എന്നെ ഇവിടെ വികാരിയാക്കിയത്.'' എന്ന് ആക്രോശിച്ച സംഭവങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു.

രഹസ്യനിരീക്ഷണത്തിന് 36 ഹൈടെക് ക്യാമറകൾ

മൂന്നു നൂറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യമുള്ള ഒല്ലൂർ പള്ളിയിൽ യാതൊരുവിധ കൊള്ളയോ കവർച്ചയോ നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിട്ടും ഫാദർ അയ്യങ്കാനയിൽ പള്ളിക്കകത്ത് ഏകദേശം അഞ്ചുലക്ഷം രൂപ ചെലവിട്ടുകൊണ്ട് മുപ്പത്താറ് ഹൈട്ടെക്ക് ക്യാമറകൾ സ്ഥാപിച്ചു. ഇതെന്തിനാണെന്നാണ് വിശ്വാസികളുടെ ചോദ്യം. മിഴിവുറ്റ ചിത്രങ്ങളെ സൂം (വലുതാക്കി) ചെയ്തു കാണാനുള്ള ഉഗ്രൻ ക്യാമറകൾ ആണ് സ്ഥാപിച്ചതെന്നും ഇതിന്റെ ഉദ്ദേശ്യം വേറെയാണെന്നുമാണ് വിശ്വാസികളുടെ മറ്റൊരു ആക്ഷേപം.

പ്രധാന പള്ളിയോട് ചേർന്നുള്ള സെമിത്തേരി പള്ളിയിലും ഇത്തരം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പണ്ടുകാലത്ത് മരണപ്പെട്ട വൈദികരുടെയും സന്ന്യാസിനികളുടെയും കല്ലറകൾ മാത്രമാണുള്ളത്. പള്ളിയിൽ വരുന്ന സ്ത്രീകൾ കുട്ടികൾക്ക് മുലയൂട്ടാൻ വരുന്നതും ഇവിടെയാണ്. സ്ത്രീകൾക്ക് സ്വകാര്യത നൽകേണ്ട ഇവിടെ ക്യാമറകൾ സ്ഥാപിച്ചതിലും വിശ്വാസികൾക്ക് വലിയ പ്രതിഷേധമാണ് ഉള്ളത്. ക്യാമറകളെ ഭയപ്പെട്ടുകൊണ്ട് ഒല്ലൂർ പള്ളിയിൽ വരുന്ന സ്ത്രീകൾ കുട്ടികളെ മുലയൂട്ടുന്നില്ലെന്നും അവര്ക്ക് ശുചിമുറികൾ ഉപയോഗിക്കാനാവുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം ഫാദർ അയ്യങ്കാനയിൽ താമസിക്കുന്ന പള്ളിമേടയിലും പരിസരത്തും ക്യാമറകൾ സ്ഥാപിച്ചിട്ടുമില്ലെന്നതും ചർച്ചയാവുന്നുണ്ട്.

ഇതെക്കുറിച്ചൊക്കെ ഇടവക വിശ്വാസികൾ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനു അനവധി തവണ പരാതികൾ കൊടുത്തിട്ടുണ്ട്. എന്നാൽ ബിഷപ്പിന്റെ സ്ഥലക്കച്ചവടം അടക്കം പല വ്യവഹാരങ്ങളിലും ബിനാമിയാണ് അയ്യങ്കാനയിൽ എന്നും അതിനാലാണ് വികാരിയെ ബിഷപ്പ് സംരക്ഷിക്കുന്നതെന്നുമാണ് വിശ്വാസികൾ പരാതിപ്പെടുന്നത്.

നേരത്തെ ഇറച്ചി വിപണിയുടെ സിരാകേന്ദ്രമായിരുന്നു ഒല്ലൂർ. വിശ്വാസികളെ ഇറച്ചിവെട്ടുകാർ എന്നുവിളിച്ചുകൊണ്ട് ഫാദർ അയ്യങ്കാനയിൽ അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ വിശ്വാസികൾ അരമനയിൽ പരാതികൊടുക്കുകയും അയ്യങ്കാനയിലിനെ സ്ഥലം മാറ്റണമെന്നും അപേക്ഷിച്ചിരുന്നു. പക്ഷെ ബിഷപ്പ് താഴത്തിന്റെ സ്വന്തക്കാരനായ അയ്യങ്കാനയിലിനെ ബിഷപ്പ് ഒല്ലൂരിൽ തന്നെ വാഴിക്കുകയായിരുന്നു.

വിശ്വാസികളുടെ പൊതുയോഗം വിളിക്കാതെ ഫാദർ ജോൺ അയ്യങ്കാനയിൽ തനിക്ക് താല്‌പ്പൊര്യമുള്ള ഗുണ്ടകളെ വച്ച് പള്ളിഭരണം കയ്യാളുന്നതായും പള്ളിയുടെ ഫണ്ട് ധൂർത്തടിക്കുന്നുവെന്നും പറഞ്ഞതാണ് അടുത്തിടെ പള്ളിയിൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയത്. തന്നിഷ്ടപ്രകാരം പള്ളിവാതിലുകൾ അടച്ചിട്ട് വിശ്വാസികളെ തുരത്തുന്നുവെന്ന ആരോപണവും ഉയർന്നു.ഇടവകയിലെ പെൺകുട്ടികൾ വിവാഹത്തിന്റെ മുന്നോടിയായി നമസ്‌കാരം ചൊല്ലിക്കേൾക്കാൻ വന്നാൽ വലിയ തുക കൈക്കൂലിയായി വാങ്ങുന്നുവെന്നതാണ് മറ്റൊരു ആക്ഷേപം.

സംഘർഷം ശക്തമായത് ബിഷപ്പിന്റെ കടുംപിടിത്തത്തോടെ

കഴിഞ്ഞ കുറെ നാളുകളായി ഒല്ലൂർ പള്ളിയിൽ വിശ്വാസികൾ കലാപം ആരംഭിച്ചിട്ട്. ഇക്കഴിഞ്ഞ ദിവസം സംഘർഷവുമുണ്ടായി. ഫാദർ ജോൺ അയ്യങ്കാനയുടെ പക്ഷക്കാരായി നിൽക്കുന്ന ചിലർ പള്ളിയുടെ താക്കോൽക്കൂട്ടം കൊണ്ട് വിശ്വാസിയായ മുൻ കോർപറേഷൻ കൗൺസിലർ ജോൺ കാഞ്ഞിരത്തിങ്കലിനെ ഇടിച്ചുവീഴ്‌ത്തിയതോടെയാണ് കാര്യങ്ങൾ വലിയ സംഘർഷത്തിലേക്കും പൊലീസ് ഇടപെടലിലേക്കും നീങ്ങിയത്. അങ്ങനെയാണ് വിശ്വാസികൾ അരമനയിലേക്ക് മാർച്ച് നടത്തിയത്. പൊറുതിമുട്ടിയ വിശ്വാസികൾ തൃശൂർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെ കണ്ടു സങ്കടം ഉണർത്തിക്കാൻ എത്തിയപ്പോൾ ബിഷപ്പും മോശമായി പെരുമാറിയെന്നാണ് ആക്ഷേപം.

വിശ്വാസികൾ കാണാൻ വരുന്നുണ്ടെന്നറിഞ്ഞ ബിഷപ് ആലപ്പുഴയ്ക്ക് പോകുകയാണെന്നുപറഞ്ഞു തടിതപ്പാൻ നോക്കി. ഇതിന് പിന്നാലെ വിശ്വാസികൾ ബിഷപ്പിന്റെ കാർ തടഞ്ഞപ്പോൾ 'തല്ലുകൊണ്ടവർ ആശുപത്രിയിൽ പോയി കിടക്കടാ. അരമനയിൽ അല്ലടാ വരേണ്ടത്.'' എന്നുപറഞ്ഞു ബിഷപ്പ് ആക്രോശിച്ചുവെന്നാണ് ആക്ഷേപമുയർന്നത്. പിന്നീട് ഗത്യന്തരമില്ലാതെ വന്നപ്പോൾ രാത്രി എട്ടു മണിക്ക് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് ആർച്ച്് ബിഷപ് സ്ഥലം വിടുകയായിരുന്നു. വൈകീട്ട് എഴുമണി മുതൽ അരമനയിൽ വിശ്വാസികൾ തടിച്ചുകൂടി. ഏകദേശം അഞ്ഞൂറോളം വിശ്വാസികൾ അരമനയിൽ എത്തി. ഏറെ വൈകിയിട്ടും ബിഷപ്പ് സ്ഥലത്തെത്തിയില്ല. പിന്നീട് പത്തു മണിയോടെ പൊലീസിനെ കൂട്ടിയായിരുന്നു വരവ്. ഇതോടെ വലിയ പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ നീങ്ങി. ചർച്ചയിൽ ബിഷപ്പ് വിശ്വാസികളോട് സംസാരിക്കാൻ തയ്യാറായില്ല. പൊലീസിനെ മധ്യവർത്തി ആക്കിയാണ് ചർച്ച നടത്തിയത്. എന്നാൽ ഇതിനൊന്നും വിശ്വാസികളുടെ പ്രതിഷേധം ശമിപ്പിക്കാൻ കഴിയാതെ വന്നതോടെ അവസാനം പ്രശ്‌നം പരിഹരിക്കാനായി ഒരു അന്വേഷണ കമ്മീഷനെ ഏർപ്പെടുത്തുകയായിരുന്നു.

ഇതിനിടെയാണ് വിശ്വാസികൾ എല്ലാ ആരോപണങ്ങളും വിശദമായി രേഖപ്പെടുത്തി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരാതിയും തയ്യാറാക്കിയിട്ടുള്ളത്. എല്ലാവരും ഒപ്പിട്ട നിവേദനമാണ് തയ്യാറാക്കിയത്. വികാരിക്കും ബിഷപ്പിനുമെതിരെ ഉള്ള എല്ലാ കാര്യങ്ങളും എണ്ണിപ്പറഞ്ഞ് തയ്യാറാക്കിയ നിവേദനം എന്തായാലും വരും നാളുകൾ വലിയ ചർച്ചയാവും. നിയമനടപടിയിലേക്ക് നീങ്ങണമെന്ന് വ്യക്തമാക്കിയാണ് സംരക്ഷണസമിതി യോഗം നടന്നത്. ഫാദർ അയ്യങ്കാനയെ ഒല്ലൂരിൽ നിന്ന് മാറ്റുക എന്നതാണ് വിശ്വാസികളുടെ പ്രധാന ആവശ്യം. ഈ ആവശ്യമുന്നയിച്ചും ബിഷപ്പും വികാരിയും തമ്മിലുള്ള അനാവശ്യ കൂട്ടുകെട്ടിനെ വിമർശിച്ചും ഒല്ലൂർ പള്ളിക്കുമുന്നിലും മറ്റും ഫ്‌ളക്‌സുകളും സ്ഥാപിച്ചിരിക്കുകയാണ്.