ന്യൂഡൽഹി: വിവാദങ്ങളുടെ തോഴനായ പീഡന കേസ് പ്രതിയായ ഓം സ്വാമിയെ സ്ത്രീകൾ നടുറോഡിൽ ഓടിച്ചിട്ട് തല്ലി. ബിഗ് ബോസ് മത്സരാർത്ഥിയും പീഡനക്കേസ് പ്രതിയുമായ ഓം സ്വാമിയെ ഡൽഹിയിൽ ജന്ദർ മന്ദറിൽ നടന്ന ചടങ്ങിൽ വച്ചാണ് സ്ത്രീകൾ കൈകാര്യം ചെയ്തത്.

ഭീകരാക്രമണ കേസിൽ കൊല്ലപ്പെട്ട തീർത്ഥാടകർക്ക് ആദരാഞ്ജലിയർപ്പിക്കാൻ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സംഭവം. സ്ത്രീകൾ പ്രകോപിതരായതിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സ്വാമിയേയും സഹായിയേയും സ്ത്രീകൾ പിന്തുടർന്ന് പിടികൂടി.

ഇതാദ്യമായല്ല സ്വാമിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്. മാസങ്ങൾക്ക് മുൻപ് മറ്റൊരു പരിപാടിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. നാഥൂറാം ഗോഡ്സേയുടെ ജന്മദിന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ സ്വാമിയെ സംഘാടകർ തന്നെയാണ് തല്ലിയത്. വിവാദ സ്വാമിയെ ക്ഷണിച്ചതിൽ ചില സംഘാടകർക്കുണ്ടായ എതിർപ്പായിരുന്നു കാരണം. ഇവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജനങ്ങൾ കയ്യേറ്റം നടത്തി. അടികിട്ടിയ സ്വാമിയുടെ വെപ്പു മുടിയും ഊരിപ്പോയി. പിന്നീട് ഇതുമായി ഓടി കാറിൽ കയറുകയായിരുന്നു.

സ്ത്രീകളെ ഉപദ്രവിച്ച കേസിൽ ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നു. സ്ത്രീകളെ കടന്നു പിടിക്കുക, വസ്ത്രം വലിച്ചു കീറുക തുടങ്ങിയവയിലും നിരവധി തവണ പിടിക്കപ്പെട്ടിട്ടുണ്ട്.