പത്തനംതിട്ട: ലഹരിമരുന്നിന് അടിമയായ മകന്റെ ക്രൂരമർദനമേറ്റ് 98 വയസുള്ള പിതാവ് മരിച്ചു. മനോവൈകല്യമുള്ള മകളെ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു. ഓമല്ലൂർ മഞ്ഞനിക്കര ആലുംമൂട്ടിൽ തെക്കേതിൽ ചെല്ലപ്പൻപിള്ളയാണ് മരിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി മകൻ ഇദ്ദേഹത്തെ ക്രൂരമായി മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തി ചെല്ലപ്പൻ പിള്ളയെയും മകൾ സിന്ധുവിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഹെൽത്ത് ഇൻസ്പെക്ടർ കൂടിയായ മകൻ ഹരീഷ്‌കുമാറിനെ(49) കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചെല്ലപ്പൻ പിള്ളയുടെ നില അതീവഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തെങ്കിലും കൊണ്ടുപോകാൻ ആളില്ലാത്തിനാൽ ജനറൽ ആശുപത്രിയിൽ തന്നെ അഡ്‌മിറ്റ് ചെയ്തു. വിവരമറിഞ്ഞ് കെന്നഡിചാക്കോ ട്രസ്റ്റ് ഭാരവാഹികൾ സ്ഥലത്ത് എത്തി ചെല്ലപ്പൻപിള്ളയെയും സിന്ധുവിനെയും ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. അതിനുള്ള നടപടി ക്രമം പൂർത്തീകരിക്കുന്നതിനിടെ ഇന്നലെ രാത്രി ഒമ്പതരയോടെ ചെല്ലപ്പൻ പിള്ള മരിച്ചു.

ഹാന്റക്സിൽ സെയിൽസ്മാനായിരുന്ന ചെല്ലപ്പൻ പിള്ള ഭാര്യ അംബുജാക്ഷിയുടെ മരണശേഷം മകൻ ഹരീഷ് കുമാറിനും മാനസിക വൈകല്യമുള്ള അവിവാഹിതയായ മകൾ സിന്ധുവിനുമൊപ്പം മഞ്ഞനിക്കരയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. വാർധക്യ സഹജമായ അവശതകൾ ചെല്ലപ്പൻ പിള്ളയെ ബാധിച്ചതോടെ, മദ്യത്തിന് അടിമയായ ഹരീഷ് കുമാർ പിതാവിനെയും ബുദ്ധിമാന്യമുള്ള സഹോദരിയെയും മർദിക്കുന്നത് പതിവാക്കിയിരുന്നുവെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഹരീഷ് ചെല്ലപ്പൻ പിള്ളയെ ക്രൂരമായി മർദിച്ചു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ് ഐ ശരത് ലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് ചെല്ലപ്പൻപിള്ളയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹരീഷിന് മാനസിക വിഭ്രാന്തി ഉള്ളതായി സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്.