മുംബൈ: ധീരുബായ് അംബാനി തന്റെ വ്യവസായ സാമ്രാജ്യം സൃഷ്ടിച്ചത് മക്കളായ മുകേഷിനെയും അനിലിനെയും മുന്നിൽക്കണ്ടുകൊണ്ടായിരുന്നു. എന്നാൽ, അച്ഛന്റെ മരണശേഷം യോജിച്ച് മുന്നേറാൻ ശ്രമിക്കാതെ, പിരിഞ്ഞ് രണ്ടുവഴിക്ക് നീങ്ങാനായിരുന്നു മക്കളുടെ തീരുമാനം. മുകേഷ് അംബാനി തൊട്ടതെല്ലാം പൊന്നാക്കി മുന്നേറിയപ്പോൾ, അനിൽ അംബാനിയുടെ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു. കടക്കെണിയിലായ അനിയനെ രക്ഷിക്കാൻ മുകേഷ് നേരിട്ട് രംഗത്തെത്തിയതാണ് ഏറ്റവും പുതിയ വാർത്ത.

ധീരുബായിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ് മുകേഷ് അനിലിന് കൈത്താങ്ങ് പ്രഖ്യാപിച്ചത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ അനിലിന്റെ റിലയൻസ് കമ്യൂണിക്കേഷൻസിന് 23,000 കോടി രൂപയുടെ സഹായമാണ് പുതിയ കരാറിലൂടെ നൽകുക. നിലവിൽ കടുത്ത നഷ്ടത്തിലാണ് റിലയൻസ് കമ്യൂമിക്കേഷൻസ്. 45,000 കോടി രൂപയുടെ വ്ായ്പയും സ്ഥാപനത്തിന്റെ പേരിലുണ്ട്. മുകേഷുമായുള്ള കരാറിന്റെ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും അനിലിന് വലിയ സഹായമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത.

വ്യാഴാഴ്ച വൈകിട്ടാണ് കരാർ പ്രഖ്യാപിക്കപ്പെട്ടത്. ടെലിക്കോം മേഖലയിൽനിന്ന് റിലയൻസ് കമ്യൂണിക്കേഷൻസിന്റെ പിന്മാറ്റം ഇതോടെ പൂർണമാകും. 2005-ൽ കുടുംബസ്വത്തുക്കൾ പങ്കുവെക്കുന്നതിന്റെ ഭാഗമായി അനിലിന് ലഭിച്ചതാണ് റിലയൻസ് കമ്യൂണിക്കേഷൻസ്. എന്നാൽ, സഹോദരൻ മുകേഷിന്റെ ജിയോയിൽനിന്നടക്കം കടുത്ത മത്സരം നേരിടേണ്ടിവന്നതോടെ, റിലയൻസിന് പിടിച്ചുനിൽക്കാനാകാതെ പോവുകയായിരുന്നു.

നവംബർ അവസാനത്തോടെ റിലയൻസ് കമ്യൂണിക്കേഷൻസ് 2ജി, 3ജി രംഗത്തുനിന്ന് പിന്മാറിയിരുന്നു. 2010-ൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈൽ ഓപ്പറേറ്ററായിരുന്നു റിലയൻസ്. അവിടെനിന്നാണ് സ്ഥാപനം പരാജയത്തിലേക്കും കനത്ത കടബാധ്യതകളിലേക്കും കൂപ്പുകുത്തിയത്. ഒപ്റ്റിക്കൽ ഫൈവർ നെറ്റ്‌വർക്ക് ഉൾപ്പെടെ സ്ഥാപനത്തിന്റെ സ്വത്തുക്കളാകെ വിൽക്കാനാണ് ഇപ്പോൾ അനിലിന്റെ തീരുമാനം. വയർലെസ് സ്‌പെക്ട്രം, ടവറുകൾ, ഫൈബർ ആൻഡ് മീഡിയ കൺവെർജൻസ് മോഡ് തുടങ്ങിയവയാണ് ജിയോ കരാറനുസരിച്ച് ഏറ്റെടുക്കുക.

ഏറ്റവും ഉയർന്ന തുക ക്വോട്ട് ചെയ്തത് ജിയോയാണെന്നും അതുകൊണ്ടാണ് കരാർ അവർക്കുനൽകിയതെന്നും റിലയൻസ് കമ്യൂണിക്കേഷൻസ് അധികൃതർ വ്യക്തമാക്കുന്നു. ഇതനുസരിച്ച് 800/900/1800/2100 മെഗാഹേർട്‌സ് ബാൻഡുകലിലുള്ള 4ജി സ്‌പെക്ട്രവും 43,000 ടെലിക്കോം ടവറുകളും 1.78 ലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള ഫൈബർ നെറ്റ്‌വർക്ക് എന്നിവയും ജിയോ ഏറ്റെടുക്കും. കഴിഞ്ഞ സെപ്റ്റംബറിലാണ് ടെലിക്കോം രംഗത്തേക്ക് മുകേഷ് അംബാനി തിരിച്ചെത്തുന്നത്.

ജിയോയുടെ വരവോടെയാണ് മൊബൈൽ രംഗത്ത് ഇന്ത്യയിൽ മത്സരം വീണ്ടും കടുത്തത്. സൗജന്യ ഓഫറുകളടക്കം പ്രഖ്യാപിച്ച ജിയോ വളരെപ്പെട്ടെന്ന് വിപണി പിടിച്ചടക്കുകയും ചെയ്തു. ജിയോയുടെ വ്യാപനത്തിന് കൂടുതൽ സഹായകമാകുമെന്നുകണ്ടാണ് റിലയൻസ് കമ്യൂമിക്കേഷൻസിന്റെ വസ്തുവകകൾ മുകേഷ് ഏറ്റെടുക്കുന്നത്. നേരത്തേ, ജിയോയുടെ വരവോടെ പ്രതിസന്ധിയിലായപ്പോൾ എയർസെല്ലുമായി ചേർന്ന് പിടിച്ചുനിൽക്കാൻ ആർകോം ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടിരുന്നു. കനേഡിയൻ കമ്പനി ബ്രൂക്ക്ഫീൽഡുമായുള്ള കരാറും പരാജയപ്പെട്ടതോടെയാണ് പ്രവർത്തനം അവസാനിപ്പിക്കാൻ അനിൽ തീരുമാനിക്കുന്നത്.