പത്തനംതിട്ട: ഓണം അടിച്ചു പൊളിക്കുക എന്നാൽ ഇതാണെന്ന് ഇടതു സർവീസ് സംഘടനാ നേതാക്കൾ കാട്ടിത്തന്നു. ഓണം, വിഷു, ആഘോഷം എന്തുമായിക്കോട്ടെ ഒരു അടി പിടിയില്ലാതെ എന്താഘോഷം എന്ന ചിന്താഗതി ഈ ഇടതു സർവീസ് സംഘടനയ്ക്ക് പണ്ടേയുണ്ട്. ഓണം വരാൻ ഒരു മൂലം വേണമെന്ന് പറഞ്ഞതു പോലെ സ്ഥലംമാറ്റപ്പട്ടികയുടെ പേരിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ഓഫീസിൽ കയറി തല്ലിയാണ് എൻ.ജി.ഓ യൂണിയൻ നേതാക്കൾ ഓണം ആഘോഷിച്ചത്. ആദ്യ ഇനമായിരുന്നു ഓണത്തല്ല്. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് കോളജ് റോഡിലുള്ള ഡി.ഡി.പി ഓഫീസിലായിരുന്നു എൻ.ജി.ഒ യൂണിയൻ നേതാക്കളുടെ ഓണാഘോഷം.

കാര്യാലയത്തിനുള്ളിൽ സംഘടനാ നേതാക്കൾ ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിക്കുകയും മർദിക്കുകയും ക്യാബിൻ അടിച്ചു തകർക്കുകയും ചെയ്തു. എൽ.ഡി-യു.ഡി ക്ലാർക്കുമാരുടെ പൊതു സ്ഥലമാറ്റവുമായി ബന്ധപ്പെട്ടിറങ്ങിയ ഉത്തരവിനെ ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും ഡി.ഡി.പിക്കും നേരെയുണ്ടായ കൈയാങ്കളിയിലും കലാശിച്ചത്. ജില്ലാപഞ്ചായത്തിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഉപരോധത്തിനും അക്രമത്തിനും ഇടയാക്കിയത്.

ഉപരോധ സമരം ഇരുവിഭാഗം ജീവനക്കാർ തമ്മിലുള്ള വാക്കേറ്റത്തിനും ഉന്തിനും തള്ളിനും ഇടയാക്കുകയും ചെയ്തു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്. സംഭവവുമായി ബന്ധപ്പെട്ട് എൻ.ജി.ഒ. യൂണിയൻ നേതാക്കളായ ജില്ലാ പഞ്ചായത്ത് സീനിയർ ക്ലാർക്ക് ആദർശ് കുമാർ, സർവേ സൂപ്രണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ സുഗതൻ എന്നിവരടക്കംകണ്ടാലറിയാവുന്ന 12 പേർക്കെതിരേ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ എസ്. ഗോപകുമാർ പൊലീസിൽ പരാതി നൽകി.

മുൻകൂർ അനുമതി വാങ്ങാതെ അപ്പലേറ്റ് അഥോറിറ്റി ഉദ്യോഗസ്ഥൻ കൂടിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ക്യാബിനുള്ളിൽ കടന്ന് അദ്ദേഹത്തെ തടഞ്ഞു വയ്ക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തി കൈയേറ്റം ചെയ്തുവെന്നും കാണിച്ചാണ് പരാതി നൽകിയത്. ഓഫീസിനുള്ളിൽ കടന്ന ആക്രമിസംഘം വനിതാ ജീവനക്കാരടക്കമുള്ളവരെ അസഭ്യം പറയുകയും, ഡി.ഡി.പിയെ മർദ്ദിക്കുന്നത് തടയാനെത്തിയ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഷമീമിനെ മർദ്ദിക്കുകയും ചെയ്തതായി പറയുന്നു. അതേസമയം പഞ്ചായത്ത് വകുപ്പിൽ നടത്തുന്ന അന്യായമായ സ്ഥലം മാറ്റങ്ങളിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

പഞ്ചായത്ത് തെരെഞ്ഞടുപ്പ് ആസന്നമായിരിക്കേ അതിന്റെ ചുമതലയുള്ള സീനിയർ ക്ലാർക്കുമാരെയടക്കമാണ് ഡി.ഡി.പി സ്ഥലം മാറ്റിയത്. ഭരണാനുകൂല സംഘടനകൾക്ക് ഫണ്ട്് പിരിവ് നൽകാത്തതിന്റെ പേരിലാണ് ഒരു പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ച് മൂന്നു മാസം തികയാത്തവരെ പോലും അന്യായമായി സ്ഥലം മാറ്റിയെതന്നും യൂണിയൻ നേതാക്കൾ ആരോപിച്ചു.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ