ശാസ്താംകോട്ട: യുവതി കുളിക്കുന്ന സമയം കൃത്യമായി നോക്കിയിരുന്ന് കുളിസീൻ പകർത്താൻ എത്തിയ ബംഗാൾ സ്വദേശിയെ ഭർത്താവും നാട്ടുകാരും ചേർന്ന് കാത്തിരുന്ന് കയ്യോടെ പിടികൂടി. യുവതിയെ കൈകാര്യം ചെയ്ത നാട്ടുകാരും പൊലീസും തമ്മിൽ പിന്നീട് കശപിശ ഉണ്ടാവുകയും സംഘർഷത്തിൽ ആറ് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്നലെ വൈകീട്ടാണ് സംഭവം. കുറച്ചുകാലമായി യുവതിയുടെ കുളിസീൻ പകർത്താൻ ബംഗാളി എത്തുന്നുണ്ടെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ കാത്തിരിക്കുകയായിരുന്നു. അടുത്തിടെ കുളിമുറിക്ക് സമീപത്ത് നിഴലനക്കം കണ്ട് യുവതി ഭർത്താവിനോട് ആരോ അപ്പുറത്തുണ്ടെന്ന സംശയം പറഞ്ഞിരുന്നു. എന്നാൽ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല. സംശയത്തെ തുടർന്ന് യുവതി പതിവായി കുളിക്കാൻ കയറുന്ന സമയത്ത് ഭർത്താവും വീട്ടുകാരും കൂടി കാത്തിരിക്കുകയും പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നു.

വൈകീട്ട് ഏഴുമണിയോടെ ഇയാൾ മൊബൈലുമായി എത്തി. കുളിമുറിയിൽ പതിവു സമയത്ത് ലൈറ്റിട്ടതോടെ മൊബൈലിൽ ഫ്‌ളാഷും തെളിയിച്ച് കുളിമുറിയുടെ അടുത്തേക്ക് നീങ്ങുകയും ജനലിലൂടെ മൊബൈൽ കുളിമുറിയിലേക്ക് നീട്ടിപ്പിടിക്കുകയുമായിരുന്നു. ഇതിനിടെ കാത്തുനിന്ന ഭർത്താവും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി ശരിക്കും കൈകാര്യം ചെയ്തു. തുടർന്ന് പൊലീസിൽ അറിയിച്ചു.

പൊലീസ് എത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ഇയാളെ മർദ്ദിക്കാൻ ശ്രമം ഉണ്ടായി. ഇത് തടയാൻ പൊലീസും ശ്രമിച്ചതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് പൊലീസ് സംഘത്തിന് നേരെ കല്ലേറും ഉണ്ടായി കല്ലേറിൽ ശൂരനാട് സ്റ്റേഷനിലെ പൊലീസുകാരായ ഉമേഷ്, വിഷ്ണുനാഥ് എന്നിവർ ഉൾപ്പെടെ ആറു പൊലീസുകാർക്ക് പരിക്കേറ്റു. എസ്‌ഐ സജീഷ്‌കുമാറിനും അടിയേറ്റു. കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാട്ടുകാരായ 12പേരെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് സംഘർഷം ഉണ്ടായത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബംഗാൾ സ്വദേശി. സ്ഥാപനത്തോടുചേർന്നുള്ള വീടിന്റെ കുളിമുറിയിലെ ദൃശ്യങ്ങൾ ഇയാൾ പതിവായി ചിത്രീകരിക്കാറുണ്ടെന്നാണ് പൊലീസിന്റെയും അനുമാനം.