സുൽത്താൻ ബത്തേരി: കർണാടക സ്വദേശിനിയായ യുവതി റിസോർട്ടിൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസുമായി ബന്ധപ്പെട്ട് റിസോർട്ട് നടത്തിപ്പുകാരുടെ സഹായിയായ ഒരാൾ അറസ്റ്റിൽ. താമരശ്ശേരി മലപുറം പാറക്കണ്ടി ജുനൈദ് (32) ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഇയാൾക്ക് നേരിട്ട് ബന്ധമില്ല. അതേസമയം ജുനൈദാണ് റിസോർട്ടിലേക്ക് അനാശാസ്യത്തിന് ഇടപാടുകാരെ എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പീഡിപ്പിച്ച മുഖംമൂടി സംഘത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഏപ്രിൽ 20 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്പലവയൽ പൊട്ടംകൊല്ലിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹോളിഡേ റിസോർട്ടിലാണ് ജോലിക്കായെത്തിച്ച കർണാടക സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായത്. റിസോർട്ടിലേക്ക് അതിക്രമിച്ചുകയറിയ മുഖംമൂടിധരിച്ച എട്ടംഗസംഘത്തിലെ നാലുപേരാണ് യുവതിയെ പീഡിപ്പിച്ചത്.

റിസോർട്ട് നടത്തിപ്പുകാരെയും അതിഥികളെയും ഭീഷണിപ്പെടുത്തിയ സംഘം പണവും മറ്റു സാധനങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സംഘത്തിലെ നാലുപേർ ചേർന്ന് മുറികൾ തുറന്ന് പരിശോധിക്കുന്നതിനിടെയാണ് കുളിമുറിയിലായിരുന്ന കർണാടക സ്വദേശിനിയായ യുവതിയെ കണ്ടതും പീഡനത്തിനിരയാക്കിയതും. യുവതിയെ പീഡിപ്പിച്ചശേഷം അർധരാത്രിയോടെയാണ് സംഘാംഗങ്ങൾ സ്ഥലംവിട്ടത്.

യുവതിയുടെ മൊബൈൽഫോണും മറ്റും സംഘം അപഹരിച്ചുകൊണ്ടുപോയിരുന്നു. സംഭവശേഷം കർണാടകയിലേക്ക് തിരിച്ചുപോയ യുവതിയെ റിസോർട്ട് നടത്തിപ്പുകാരാണ് നിർബന്ധിച്ച് വീണ്ടും തിരികെയെത്തിച്ചത്. തുടർന്ന് അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി, അക്രമിസംഘം മൊബൈൽഫോണും മറ്റും കവർച്ചചെയ്തതായി പരാതിനൽകി. സംശയംതോന്നിയ പൊലീസ് കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

റിസോർട്ട് നടത്തിപ്പുകാരായ ബത്തേരി കട്ടയാട് പുത്തൻവില്ല അപ്പാർട്ട്‌മെന്റിൽ ഷിധിൻ (31), വാകേരി ഞരമോളിമീത്തൽ വിജയൻ (48), പുല്പള്ളി ഇലവൻതുരുത്തേൽ ജോജോ കുര്യാക്കോസ് (33) എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. കഴിഞ്ഞമാസമാണ് യുവതിയെ റിസോർട്ടിൽ ജോലിക്കായി എത്തിച്ചത്. ഇവരെയിപ്പോൾ സഖി സംരക്ഷണകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

യുവതിയെ പീഡിപ്പിച്ച മുഖംമൂടി സംഘത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ബത്തേരി ഡിവൈ.എസ്‌പി. കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.