കോഴിക്കോട്: മൂന്ന് വർഷം മുമ്പാണ് നിലമ്പൂരിലെ ആദിവാസി മേഖലയിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഒരു യുവ ഡോക്ടറെ കുറിച്ചുള്ള വാർത്ത മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത്. ആ യുവഡോക്ടറുടെ പേര് ഡോ. ഷാനവാസ് എന്നായിരുന്നു. സർക്കാറിന്റെ പോലും അവഗണനയ്ക്ക് ഇരയായി കഴിഞ്ഞിരുന്ന ആദിവാസികൾക്ക് ഭക്ഷണവും മരുന്നു എത്തിക്കുന്നതിൽ മുന്നിലായിരുന്നു ഈ സംഘം. മറുനാടൻ വാർത്തയ്ക്ക് പിന്നാേെല ഡോ. ഷാനവാസ് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായി. പിന്നീട് ആതുര സേവന രംഗത്തു സജീവമായിരുന്ന ഷാനവാസിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി. ഒടുവിൽ കഴിഞ്ഞവർഷം അതിരാവിലെ മറുനാടൻ മലയാളിയൂടെ തന്നെ ഒരു ദുരന്തവാർത്ത ലോകം അറിഞ്ഞു. ഡോ. ഷാനവാസ് അന്തരിച്ചു എന്നതായിരുന്നു ഈ വാർത്ത.

ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്നും സംശയങ്ങൾ ഉയർത്തുന്നവർ ഇപ്പോഴുമൂണ്ട്. മരണത്തിൽ നിഗൂഢതയുണ്ടെന്ന് ആരോപിച്ച് ചിലർ രംഗത്തുണ്ട്. ഒരു വർഷം പിന്നിടുമ്പോൾ ഡോ. ഷാനവാസ് തുടങ്ങിവച്ച ആതുരസേവന പ്രസ്ഥാനമായ ആത്മയും വിവാദങ്ങൾക്കിടയിലാണ്. ഷാനവാസിന് പകരക്കാരനായി എത്തിയ അദ്ദേഹത്തിന്റെ സുഹൃത്ത് അനീഷ് എന്ന യുവാവ് പീഡന കേസിൽ അറസ്റ്റിലായത് വരെയെത്തി കാര്യങ്ങൾ. ഇതോടെ ഒരു വർഷം പിന്നിടുമ്പോവും ഷാനവാസിന്റെ മരണത്തിൽ ദുരൂഹതയെന്ന വാദമുയർത്തി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.

ഷാനവാസിന്റെ മരണം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. എങ്കിലും മരണത്തിൽ ദുരൂഹത രേഖപ്പെടുത്തുന്നവർ നിരവധിയാണ്. അദ്ദേഹത്തിന്റെ സേവന പ്രസ്ഥാനമായ ആത്മ ഇപ്പോഴും വിവാദത്തിന്റെ നടുക്കാണ്. ഷാനവാസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ഗൾഫിൽ നിന്നും പണം ഒഴുകുന്നുണ്ട്. ലക്ഷണക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന സംഘടയെ നയിക്കുന്ന ആൾ തന്നെ പീഡന കേസിൽ അറസ്റ്റിലായതോടെ സംശയങ്ങൾ നിരവധിയാണ് ഉയരുന്നത്. അനീഷാണ് ഷാനവാസിന്റെ മരണവേളയിലും അദ്ദേഹത്തിനൊപ്പം കാറിൽ ഉണ്ടായിരുന്നത്.

യുഎഇയിൽ നിന്നും ലക്ഷക്കണക്കിന് രൂപ ആത്മയ്ക്ക് വേണ്ടി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. യു.എ.ഇയിൽ ചേർന്ന മലയാളികളുടെ അനുശോചനയോഗത്തിനുശേഷം നടന്ന കണക്കെടുപ്പിലാണ് അവിടെനിന്നു മാത്രം അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു പ്രതിമാസം വൻതുക അയച്ചിരുന്നതായി കണ്ടെത്തിയത്. ഒട്ടേറെപ്പേർ മാസവരുമാനത്തിൽനിന്നു നിശ്ചിത തുക ഷാനവാസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരുന്നു. ഇക്കാര്യത്തിൽ യു.എ.ഇയിലെ മലയാളികളുടെ ഒറ്റക്കെട്ടായ സഹായമുണ്ടായിരുന്നു. ഷാനവാസിന്റെ മരണശേഷം ദുബായിൽ ലിയോ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന അനുശോചനയോഗത്തിൽ പങ്കെടുത്ത എഴുപതോളം മലയാളികൾ ഈ സഹായം പിന്നീടു ജീവകാരുണ്യപ്രവർത്തനം ഏറ്റെടുത്ത അനീഷിനും സംഘത്തിനും നൽകാൻ തീരുമാനിച്ചു. ആദിവാസി മേഖലയിൽ പ്രവർത്തിച്ചിരുന്ന ഷാനവാസിന്റെ പ്രവർത്തനങ്ങൾ അറിഞ്ഞതു കൊണ്ട് അദ്ദേഹത്തിന് നൽകിയ ചെറിയ സഹായമായിരുന്നു ഇത്.

ഇങ്ങനെ അദ്ദേഹത്തിന് സഹായം നൽകിയ സംഘങ്ങൾ ഇപ്പോഴും ഷാനവാസിന്റെ മരണത്തിൽ സംശയം രേഖപ്പെടുത്തുന്നു. ഷാനവാസിന്റെ മരണത്തിൽ ദൂരുഹതയാരോപിച്ച് കേസന്വേഷണത്തിനും നിയമസഹായത്തിനുമായി മറ്റൊരുസംഘവും യോഗം ചേർന്നിട്ടുണ്ട്. എന്നാൽ, ജീവകാരുണ്യവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഷാനവാസിന്റെ മരണത്തിൽ ദുരൂഹത ആരോപിക്കാൻ കാരണമമെന്നാണ് ഷാനവാസിന്റെ സുഹൃത്തുക്കൾ പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അടക്കം ഷാനവാസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നത് വ്യക്തമാണെന്നും ഇവർ പറയുന്നു.

ഗൾഫ് രാജ്യങ്ങളിൽ നിന്നും വൻതോതിൽ സഹായം ഷാനവാസിന്റെ സുഹൃത്തുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഷാനവാസിന്റെ പേര് ഉപയോഗിച്ച് തന്നെയാണ് അനീഷും കൂട്ടരും സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ട് സ്വരൂപിച്ചതും. ആദിവാസിമേഖലയിൽ ദുരിതം അനുഭവിക്കുന്നവർക്കു സഹായമാവശ്യപ്പെട്ടു ഫേസ്‌ബുക്കിൽ ഫോട്ടോ സഹിതമാണു ഷാനവാസ് സഹായം തേടിയിരുന്നത്. പണമയയ്ക്കാനുള്ള അക്കൗണ്ട് നമ്പറും നൽകിയിരുന്നു. ഇതിനുപുറമേ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുകയും പ്രവാസികളോടു സഹായമഭ്യർഥിക്കുകയും ചെയ്തു. യു.എ.ഇയിലെത്തിയ ഷാനവാസ് അവിടുത്തെ ഒരു റേഡിയോ പരിപാടിയിൽ പങ്കെടുത്ത് തന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ, ഷാനവാസ് ഉണ്ടായിരുന്ന വേളയിൽ നേരാംവഴിയിൽ പോയ പ്രവർത്തനങ്ങൾ ഇപ്പോൾ പാളം തെറ്റിയോ എന്ന സംശമാണ് പലരും പ്രകടിപ്പിക്കുന്നത്.

ഷാനവാനാസിന്റെ മരണസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനെ പീഡനക്കേസിൽ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തതോടെ ഈ ആരോപണം ശക്തമായി. ഷാനവാസിന്റെ സംഘടനയുടെ പേരുപയോഗിച്ചാണ് അനീഷ് പീഡനത്തിനിരയായ സ്ത്രീയുമായി അടുപ്പം സ്ഥാപിച്ചതെന്ന് കാര്യവും വ്യക്തമായിരുന്നു. ആത്മയുടെ പേര് പറഞ്ഞായിരുന്നു അനീഷുമായി അടുത്തതെന്ന് പീഡനത്തിന് ഇരയായി യുവതി മറുനാടനോടും പറഞ്ഞിരുന്നു.

എൻജിനീയറിങ് ബിരുദദാരിയായ യുവതിയെ അനീഷ് കോഴിക്കോട്ട് കണ്ടുമുട്ടുകയും തുടർന്ന് വിവാഹവാഗ്ദാനം നടത്തി പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതി. എം.ബി.എ. ബിരുദധാരിയായ അനീഷ് മലപ്പുറത്തെ ഒരു ധനികകുടുംബാംഗമാണ്. ഇതു മറച്ചുവച്ച് കടുത്തസാമ്പത്തികബാധ്യതയുള്ളതായി യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് ഇയാളുടെ നിർദ്ദേശപ്രകാരം യുവതി സന്ദർശന വിസയിൽ ദുബായിലെത്തി ജോലി ചെയ്ുകയയായിരുന്നത്രേ. പിന്നീട് അനീഷിനു വിസ അയച്ചുകൊടുത്തെങ്കിലും സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇയാൾ മറ്റൊരു വിസയിൽ സൗദിയിലേക്കു കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞപ്പോഴാണ് യുവതി നാട്ടിലെത്തി പൊലീസിൽ പരാതി നൽകിയത്. ഈ സംഭവത്തോടെ ആത്മയും സംശയത്തിന്റെ നിഴലിലായി. സംഘടനയുടെ തലപ്പത്തു നിന്നും അനീഷ് മാറി നിൽക്കുകയാണ് ഇപ്പോൾ.

സർക്കാർ ഡോക്ടറായി മലപ്പുറം, പാലക്കാട് ജില്ലകളുടെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ടിച്ച ഡോക്ടർ ഷാനവാസിനെ വേറിട്ടു നിർത്തിയത് തന്റെ ആദിവാസികൾക്കിടയിലെ ചാരിറ്റി പ്രവർത്തനങ്ങളായിരുന്നു.കിലോമീറ്ററുകൾ താണ്ടി ഉൾവനത്തിലെ ആദിവാസി ഊരുകളിലെത്തി ഭക്ഷണവും വസ്ത്രവും ഒപ്പം സൗജന്യ ചികിത്സയും നൽകി ഷാനവാസിന്റെ നിസ്വാർത്ഥമായുള്ള പ്രവർത്തനങ്ങൾ ഏവരെയും അതിശയിപ്പിച്ചതാണ്. ഷാനവാസിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ ആദ്യമായി സമൂഹമധ്യത്തിലെത്തിച്ചത് മറുനാടൻ മലയാളിയായിരുന്നു. പിന്നീട് ഷാനവാസിന്റെ പ്രവർത്തിനങ്ങളിൽ ആകൃഷ്ടരായ നിരവധി പേർ പിന്തുണ നൽകുകയുണ്ടായി.

മരുന്ന് മാഫിയകളും അധികാരികളും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെയും പാവങ്ങളെ ചൂഷണം ചെയ്യുന്ന മുരന്നു കമ്പനികൾക്കെതിരെയും ധീര നിലപാടെടുക്കാനും ഷാനവാസ് ജീവിതം മാറ്റി വെക്കുകയുണ്ടായി. ഇത് ഏറെ എതിർപ്പുകൾക്കും മറ്റു നടപടി നേരിടുന്നതിലേക്കും ഷാനവാസിനെ എത്തിച്ചു. എന്നാൽ ഡ്യൂട്ടിയിലെ വീഴ്ച ചൂണ്ടിക്കാട്ടിയ പരാതിന്മേൽ ഷാനവാസിനെ ആരോഗ്യ വകുപ്പ് മരണത്തിന് ദിവസങ്ങൾക്കു മുമ്പ് സ്ഥലം മാറ്റാൻ ഉത്തരവിടുകയായിരുന്നു.

എന്നാൽ ആരോഗ്യ വകുപ്പിന്റെ ഈ ഉത്തരവിൽ ദുരൂഹതയുണ്ടെന്നും ഉന്നതരെ കൂട്ടുപിടിച്ച് തന്നോട് പ്രതികാരം ചെയ്യുകയാണെന്നും ഷാനവാസ് മരിക്കുന്നതിന്റെ മണിക്കൂറുകൾക്കു മുമ്പ് ലേഖകനെ വിളിച്ചറിയിക്കുകയുണ്ടായി. ഷാനവാസിന്റെ മരണ ശേഷം ഈ ശബ്ദരേഖ മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട മരണമായിരുന്നു ഷാനവാസ് പിസിയുടേത്. എന്നാൽ ഭക്ഷണാവശിഷ്ടം അന്നനാളത്തിൽ പ്രവേശിച്ച് സ്‌പോട്ട് ഡെത്ത് സംഭവിക്കുകയായിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ടുകളെല്ലാം തന്നെ വ്യക്തമാക്കുകയുണ്ടായി. കേസ് അന്വേഷ ഉദ്യോഗസ്ഥരെല്ലാം ഇതുതന്നെ ആവർത്തിച്ചു. ഷാനവാസിന്റെ മരണത്തിനു തൊട്ടു പിന്നാലെ ഷാനവാസ് ജീവിതകാലത്ത് രൂപവൽകരിച്ച ആത്മട്രസ്റ്റ് അംഗങ്ങൾക്ക് ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നതും മരണത്തിലെ ദുരൂഹതകളുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ ഷാനവാസിന്റെ പേരിലുള്ള തുടർ പ്രവർത്തനമായി ആത്മയെ അനേകമാളുകൾ കണ്ടു.

2016 ഫെബ്രുവരി 13ന് ഷാനവാസ് പി.സിയുടെ മരണത്തിന് ഒരു വർഷം തികയാനിരിക്കെ ആത്മയുടെ ട്രസ്റ്റി കൂടിയായ അനീഷ് എ.കെ.എസ്സിന്റെ അറസ്റ്റും റിമാൻഡും വലിയ ആഘാതമാണ് ആത്മാചാരിറ്റബിൾ ട്രസ്റ്റിനും ഷാനവാസിനെ സ്‌നേഹിക്കുന്നവർക്കും ഉണ്ടാക്കിയിട്ടുള്ളത്. അതേസമയം അനീഷിന്റെ സംഭവത്തിൽ ആത്മ ട്രസ്റ്റിന് യാതൊരു പങ്കുമില്ലെന്നും ഈ സംഭവം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം മാത്രമാണെന്നും ആത്മ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ജാഫർ കൊണ്ടോട്ടി മറുനാടനോടു പറഞ്ഞത്. കേസിനു പിന്നിൽ ഇപ്പോഴുള്ളത് ആത്മയോട് വൈരാഗ്യമുള്ളവരാണെന്നും ഇനി പരാതിക്കാരിക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നും ജാഫർ വ്യക്തമാക്കി.

2015 ഫെബ്രുവരി 13ന് രാത്രിയിൽ അമിതമായി മദ്യപിച്ച ഷാനവാസ് സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും കാറിൽ വരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. യാത്രക്കിടെ ഷാനവാസിനെ വിളിച്ചുണർത്തിയെങ്കിലും ഉണരാതായതോടെ സുഹൃത്തുക്കൾ ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. മദ്യപിച്ച് ഛർദിച്ചതിനാൽ വസ്ത്രം മുഷിഞ്ഞിരുന്നു. ആദ്യം വീട്ടിലെത്തി ശരീരം കഴുകിയ ശേഷം വസ്ത്രം ധരിപ്പിച്ച് എടവണ്ണ രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ ഷാനവാസിനെ അറിയുന്ന ഡോക്ടർമാർ ഉണ്ടെന്നതാണ് ഇവിടെ പ്രവേശിക്കാതെ എടവണ്ണയിൽ കൊണ്ടുപോയതെന്ന് കൂടെയാത്ര ചെയ്ത സുഹൃത്തുക്കൾ പറയുന്നു. ഷാനവാസ് അമിതമായി മദ്യപിച്ച വിവരം അറിയാതിരിക്കാനാണ് സുഹൃത്തുക്കൾ ഇതു ചെയ്തതെങ്കിലും ഈ സംഭവമാണ് ഇവർക്കു നേരെ സംശയത്തിന്റെ മുനകൾ ഉയർത്താൻ ഇടയാക്കിയത്.-