- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത് പണം തട്ടിപ്പ്: സന്തോഷിന് ഇൻഡിഗോ പണം തിരിച്ചു നൽകി; കള്ളക്കളിക്ക് പിന്നിൽ കമ്പനിയുടെ ഔട്സോഴ്സിങ് വിഭാഗമോ? യാത്രക്കാരുടെ വിവരങ്ങൾ പുറത്തുവിടാൻ മടിച്ച് വിമാനക്കമ്പനിയും
ഇടുക്കി; നാട്ടിലെത്താൻ ഓൺലൈൻ വഴി ഫ്‌ളൈറ്റ് ടിക്കറ്റെടുത്ത ദുബായ് മലയാളി കുടുംബത്തിന്റെ ടിക്കറ്റ് കാൻസൽ ചെയ്തു പണം തട്ടിയെടുത്ത സംഭവത്തിൽ വിമാന കമ്പനി യാത്രക്കാരന് പണം തിരിച്ചു നൽകി. തട്ടിപ്പ് സംഭവം മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയായതോടെയാണ് ടിക്കറ്റ് തുക തിരിച്ചു നൽകാൻ വിമാന കമ്പനി നിർബന്ധിതമായ
ഇടുക്കി; നാട്ടിലെത്താൻ ഓൺലൈൻ വഴി ഫ്‌ളൈറ്റ് ടിക്കറ്റെടുത്ത ദുബായ് മലയാളി കുടുംബത്തിന്റെ ടിക്കറ്റ് കാൻസൽ ചെയ്തു പണം തട്ടിയെടുത്ത സംഭവത്തിൽ വിമാന കമ്പനി യാത്രക്കാരന് പണം തിരിച്ചു നൽകി. തട്ടിപ്പ് സംഭവം മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയായതോടെയാണ് ടിക്കറ്റ് തുക തിരിച്ചു നൽകാൻ വിമാന കമ്പനി നിർബന്ധിതമായത്. ദുബായിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി സന്തോഷ് പ്രദീപ് ജെൻവിക്കാണ് മറുനാടൻ മലയാളി വാർത്തയിലൂടെ ടിക്കറ്റ് തുകയായ ഒന്നര ലക്ഷം രൂപ തിരികെ ലഭിച്ചത്.
ഇതുവരെ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള തട്ടിപ്പിനാണ് ദുബായ് സിറ്റിക്കടുത്ത് ഗാർഡൻസിൽ താമസക്കാരനായ സന്തോഷ് ഇരയായത്. സീസൺ സമയത്ത് വൻ നിരക്ക് ഈടാക്കാറുള്ള വിമാന കമ്പനികളുടെ തന്ത്രത്തിലൂടെ മലയാളികളടക്കം ആയിരക്കണക്കിന് യാത്രക്കാർക്കാണ് വലിയ തുക നഷ്ടമാകുന്നത്. ഇതൊഴിവാക്കാൻ ഏതുവിധേനയും മാസങ്ങൾക്കു മുമ്പുതന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് പണം ലാഭിക്കാനാണ് യാത്രക്കാർ ശ്രമിക്കുക. ഇതുപോലെ ഡിസംബറിൽ നാട്ടിലെത്താൻ ഇൻഡിഗോ ഫ്‌ളൈറ്റിൽ സെപ്റ്റംബർ അഞ്ചിന് സന്തോഷ് ടിക്കറ്റ് ഓൺലൈൻ സംവിധാനത്തിലൂടെ ബുക്ക് ചെയ്തു. സന്തോഷ്, ഭാര്യ ആനി, മകൾ അലീന, ജോലിക്കാരി പത്മജ എന്നിവർക്കായി ഡിസംബർ 18-ലേക്കാണ് വീട്ടിലെ കമ്പ്യൂട്ടറിലൂടെ ബുക്കിങ് നടത്തിയത്. ജനുവരി രണ്ടിന്് തിരിച്ചുള്ള യാത്രയ്ക്കും കൂടിയുള്ള ടിക്കറ്റിന്റെ പ്രിന്റെടുത്ത് സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു. സന്തോഷിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം ഓൺലൈനായി കൈമാറിയത്.
ചില അസൗകര്യങ്ങൾ നിമിത്തം യാത്ര മറ്റൊരു ദിവസത്തേയ്ക്ക് മാറ്റേണ്ട സാഹചര്യത്തിൽ ഒക്ടോബർ മധ്യത്തിൽ സന്തോഷ് ഇതിനായി ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇൻഡിഗോയുടെ സൈറ്റിൽ കയറി തന്റെ പിഎൻആർ നമ്പർവഴി ടിക്കറ്റ് കാൻസലേഷന് ശ്രമിച്ചെങ്കിലും പിഎൻആർ നമ്പർ തെറ്റാണെന്ന വിവരമാണ് സൈറ്റിൽനിന്നു ലഭിച്ചത്. തുടർന്ന് ഇൻഡിഗോ അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടു. ടിക്കറ്റ് കാൻസൽ ചെയ്തിരിക്കുകയാണെന്നും ഈ തുകയ്ക്ക് സമാനമായ തുകയ്ക്ക് മുംബൈയിൽനിന്നു കൊൽക്കത്തയിലേ്ക്ക് അഞ്ചു ടിക്കറ്റുകൾ വാങ്ങിയതായും അധികൃതർ ഫോണിലൂടെ അറിയിച്ചു. നവംബർ പത്തിന് യാത്ര ചെയ്യാനാണ് ടിക്കറ്റുകൾ എടുത്തിരിക്കുന്നതെന്നും വിവരം ലഭിച്ചു.
എന്നാൽ താൻ വീട്ടിലെ കമ്പ്യൂട്ടർ വഴി രഹസ്യസ്വഭാവത്തിൽ എടുത്ത ടിക്കറ്റ് തന്റെ കൈവശമിരിക്കെ, എങ്ങനെ കാൻസൽ ചെയ്യുമെന്ന് സന്തോഷ് ആരാഞ്ഞു. ഇൻഡിഗോ കോൾ സെന്ററിലെ ജീവനക്കാരൻ രേഖകൾ പരിശോധിച്ച് വിവരങ്ങൾ സന്തോഷിന് കൈമാറി. ഒക്ടോബർ 11ന് മുംബൈയിൽനിന്നാണ് ടിക്കറ്റ് കാൻസൽ ചെയ്തത്. പുലർച്ചെ മൂന്നു മണിയോടെ ഫോണിൽ വിളിച്ച് ടിക്കറ്റിന്റെ പിഎൻആർ നമ്പർ നൽകിയ വ്യക്തി, തന്റെ ഇമെയിൽ വിലാസം മാറിയതായി അറിയിച്ചു. ഇതുപ്രകാരം വിമാന കമ്പനി അധികൃതർ ഇമെയിൽ മാറ്റി രേഖപ്പെടുത്തി. തുടർന്നു തട്ടിപ്പുകാരൻ ഇൻഡിഗോയുടെ സൈറ്റിൽ പ്രവേശിച്ച് മൊബൈൽ നമ്പർ മാറ്റുകയും ടിക്കറ്റുകൾ കാൻസൽ ചെയ്ത് പകരമായി നവംബർ 10ന് മുംബൈയിൽനിന്ന് കൊൽക്കത്തയിലേയ്ക്ക് അഞ്ചു ടിക്കറ്റുകൾ ബുക്ക് ചെയ്യുകയുമായിരുന്നു. എന്നാൽ യാത്രക്കാരുടെ വിവരങ്ങൾ കൈമാറാൻ അധികൃതർ തയാറായില്ല.
താൻ രഹസ്യമായി സൂക്ഷിച്ച ടിക്കറ്റിന്റെ പിഎൻആർ നമ്പർ വിമാന കമ്പനിയുമായി ബന്ധമുള്ള ആരോ തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് സന്തോഷ് പറഞ്ഞു. ഫോൺ കോളിലൂടെ ഇമെയിൽ വിലാസം മാറ്റിക്കൊടുത്ത ഇൻഡിഗോയുടെ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു. തട്ടിപ്പുകാരുടെ ടിക്കറ്റ് കാൻസൽ ചെയ്ത് തന്റെ ടിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നിരന്തരമായ ആവശ്യത്തിനൊന്നും കൃത്യമായ മറുപടിപോലും ഉണ്ടായില്ല. തുടർന്നാണ് സംഭവം മറുനാടൻ മലയാളിയിലൂടെ സന്തോഷ് പുറംലോകത്തെ അറിയിച്ചത്. ഇതിനിടെ സന്തോഷിന്റെ നിരന്തരമായ ഇടപെടലിൽ, തട്ടിപ്പുകാർ ഒക്ടോബർ 11ന് യാത്ര ചെയ്തുകഴിഞ്ഞതായും ഇൻഡിഗോ അറിയിച്ചു. വാർത്ത സോഷ്യൽ മീഡിയയിൽ പരക്കുകയും മലയാളികളടക്കമുള്ളവർ പുതിയ തട്ടിപ്പ് രീതി ചർച്ചയാക്കുകയും ചെയ്തു. ഇതോടെ സംഭവത്തിൽ തട്ടിപ്പുകാരുടെയോ, യാത്രക്കാരുടെയോ വിവരങ്ങൾ വെളിപ്പെടുത്താതെ രക്ഷയില്ലെന്നായി. ഒടുവിൽ സന്തോഷിന്റെ ടിക്കറ്റുകളുടെ പണം മടക്കി അയയ്ക്കുന്നതായി അറിയിച്ച് ഇൻഡിഗോ അധികൃതർ ഇമെയിൽവഴി മറുപടി നൽകി.
സന്തോഷിന് പണം മടക്കി കിട്ടിയെങ്കിലും സംഭവത്തിലെ ദുരൂഹത തുടരുകയാണ്. കുടുംബം പോറ്റാൻ വിദേശരാജ്യങ്ങളിൽ എല്ലുമുറിയെ പണിയെടുക്കുന്ന മലയാളികളുടെ പോക്കറ്റ് വലിച്ചുകീറുന്ന സമീപനമാണ് വിമാന കമ്പനികൾ സ്വീകരിക്കുന്നത്. ഒരു രാജ്യത്തിനും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ നടപടികളില്ല. പീക്ക് സമയങ്ങളിൽ പത്തിരട്ടിവരെ അധിക ചാർജ് നൽകിയാണ് യാത്രക്കാർ ടിക്കറ്റ് വാങ്ങുന്നത്. ഇത് മറികടക്കാനാണ് മൂന്നോ, നാലോ മാസം മുമ്പുതന്നെ ടിക്കറ്റെടുക്കുന്നത്. സാധാരണ ഗതിയിൽ ടിക്കറ്റ് വാങ്ങിയശേഷം യാത്ര പുറപ്പെടുമ്പോഴാണ് ടിക്കറ്റിന്റെ സ്ഥിതി തെരയുന്നത്. ഇതിനിടെ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത് ആരുമറിയില്ല.
പണം തിരിച്ചുകിട്ടിയതിൽ സന്തോഷ് ആശ്വസിക്കുമ്പോഴും തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങൾ ഇൻഡിഗോ മൂടിവയ്ക്കുന്നത് ദുരൂഹമായി വിദേശമലയാളികൾ ചൂണ്ടിക്കാട്ടുന്നു. വിമാന കമ്പനിയുടെ ഔട്ട് സോഴ്‌സിങ് വിഭാഗത്തിൽപ്പെട്ടവരാണ് പിഎൻആർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടു തട്ടിപ്പിന് ഒത്താശ ചെയ്തതെന്നാണ് ആരോപണമുയരുന്നത്.